ബംഗാളി പ്രിയങ്ക ജപ്പാന്റെ സുന്ദരി

Thursday 8 September 2016 12:10 am IST

ടോക്യോ: പ്രിയങ്ക യോഷിക്കാവ (22) മിസ് ജപ്പാന്‍ കിരീടം നേടിയപ്പോള്‍ അഭിമാനിക്കാന്‍ ഭാരതത്തിനേറെ. പ്രത്യേകിച്ച് ബംഗാളിന്. ജപ്പാന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ കീഴടക്കിയ, ആദ്യ ഭാരത വംശജയാണ് പ്രിയങ്ക. ആദ്യ ബംഗാള്‍ മുഖ്യമന്ത്രി പ്രഫുല്ല ചന്ദ്രഘോഷ് മുതുമുത്തച്ഛന്‍. 36 വര്‍ഷം മുന്‍പ് ജപ്പാനില്‍ സ്ഥിരതാമസമാക്കിയതാണ് അച്ഛന്‍ അരുണ്‍ ഘോഷ്. ടോകേ്യായില്‍ ബംഗാളി അധ്യാപികയായിരുന്ന, ജപ്പാന്‍കാരി നാവോകോയാണ് പ്രിയങ്കയുടെ അമ്മ. അച്ഛന്റെ ഏഴ് സഹോദരങ്ങൡലൊരാള്‍, അമല്‍ഘോഷ് ടോക്യോയില്‍ സ്ഥിരതാമസമാണ്. അച്ഛന്റെ മുത്തച്ഛനായ പ്രഫുല്ലചന്ദ്രഘോഷ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പൂര്‍ണമായും ജപ്പാന്‍കാരിയല്ലാത്ത പ്രിയങ്കയ്ക്ക് സൗന്ദര്യപ്പട്ടം നല്‍കിയതിന് ട്വിറ്ററില്‍ വിമര്‍ശനങ്ങളുണ്ട്. പക്ഷേ അവയ്‌ക്കൊന്നും പ്രിയങ്കയ്ക്കു ലഭിച്ച ബഹുമതിയെ താഴ്ത്തിക്കെട്ടാനാവുന്നില്ല. 2015ലെ വിജയിയായിരുന്ന ആരിയാന മിയാമോട്ടോയാണ് പ്രിയങ്കയ്ക്ക് പ്രചോദനമായത്. മിസ് ജപ്പാന്‍ കിരീടമണിഞ്ഞ ആദ്യത്തെ പകുതി ജപ്പാന്‍ വംശജയായിരുന്നു ആരിയാന. വംശപാരമ്പര്യം കൊണ്ട് ഭാരതീയത എന്നിലുണ്ടെന്നതില്‍ അഭിമാനിക്കുന്നു. അതിനര്‍ത്ഥം ജപ്പാന്‍കാരിയല്ല എന്നല്ല. കുറച്ചുകാലമെങ്കിലും ഭാരതമെന്ന മഹത്തായ രാജ്യത്തെ അറിയാനും കാണാനുമായത് ഓര്‍ത്തുവെയ്ക്കാവുന്ന അനുഭവമാണ്. കൊല്‍ക്കത്തയില്‍ ചെലവിട്ട ബാല്യസ്മൃതികളോടെ പ്രിയങ്ക പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.