ആസിഡ് ഒഴിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

Friday 9 September 2016 3:02 am IST

മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ചുകൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ദല്‍ഹി സ്വദേശിനി പ്രീതി രതിയെ വധിച്ച അയല്‍ക്കാരനും എഞ്ചിനീയറുമായ അങ്കുര്‍ നാരായണ്‍ലാല്‍ പന്‍വറിനാണ് മുംബൈ പ്രത്യേക വനിതാ കോടതി ജഡ്ജി എ.എസ്. ഷിന്‍ഡെ വധശിക്ഷ വിധിച്ചത്. കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. 2013 മെയ് രണ്ടിനാണ് സംഭവം. 23 വയസുകാരിയായ പ്രീതിക്ക് നാവിക സേനയില്‍ ലഫ്റ്റനന്റ് പദവിയില്‍ നഴ്‌സായി ജോലി ലഭിച്ചിരുന്നു. സേനാ ആശുപത്രിയായ ഐഎന്‍എച്ച്എസ് അശ്വിനിയില്‍ ചേരാന്‍ മുബൈ ബാന്ദ്ര ടെര്‍മിനസില്‍ അച്ഛന്‍ അമര്‍സിംഗ് രതിക്കൊപ്പം ട്രെയിനിറങ്ങിയ പ്രീതിയുടെ ദേഹത്ത്, ദല്‍ഹിയില്‍ നിന്നേ പിന്തുടര്‍ന്ന അങ്കുര്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ദേഹമാസകലം ഗുരുതരമായ പൊള്ളലേറ്റ അവര്‍ ജൂണ്‍ ഒന്നിന് മരിച്ചു. ബിടെക് കഴിഞ്ഞ അങ്കുറിന്റെ (25) വിവാഹാഭ്യര്‍ഥന തള്ളിയതിലുള്ള പകയാണ് കാരണം. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമാണ് സര്‍ക്കാരിനും പ്രീതിയുടെ കടുംബത്തിനു വേണ്ടി ഹാജരായത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ വധശിക്ഷ തന്നെ വേണമെന്ന നിഗമിന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന അഭിഭാഷകന്‍ വോറയുടെ അഭ്യര്‍ഥന കോടതി തള്ളി. അങ്കുര്‍ രണ്ട് ലിറ്റര്‍ സള്‍ഫ്യൂറിക് ആസിഡ് വാങ്ങുന്നതും പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിക്കുന്നതും കണ്ട സാക്ഷിയുടെ മൊഴി നിര്‍ണ്ണായകമായി. ആസിഡ് ദേഹത്ത് വീണ് ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. ഒരു മാസത്തിനു ശേഷമാണ് മരണമെന്നും കാരണം ചികില്‍സയിലെ അശ്രദ്ധയാണെന്നുമുള്ള വാദവും കോടതി തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.