ഓണക്കളികള്‍

Thursday 8 September 2016 8:23 pm IST

ഓണക്കളികളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് കൈകൊട്ടിക്കളി. ഓണത്തിനും തിരുവാതിരയ്ക്കുമാണ് കേരള വനിതകളുടെ ഈ കലാപ്രകടനം. ഇപ്പോള്‍ തിരുവാതിരകളി എന്നാണ് പേര്. യുവജനോത്സവങ്ങളിലും പ്രധാന ഇനമാണ്. യുവതികളാണ് അവതരിപ്പിക്കാറ്. അപൂര്‍വമായി പുരുഷന്മാരും അവതരിപ്പിക്കാറുണ്ട്. കുറഞ്ഞത് ആറുപേരെങ്കിലും വേണം. കളിക്കാരുടെ എണ്ണം ഇരട്ടസംഖ്യയായിരിക്കണമെന്നുമാത്രം. മനോഹരമായ സ്വരത്തില്‍ പാട്ടുകള്‍ പാടി, കൈകള്‍ കൊട്ടി താളം പിടിച്ച്, ചുവടുവച്ച്, വട്ടത്തില്‍നിന്ന് നൃത്തരൂപത്തില്‍ ആടിയാണ് ഈ കളി അവതരിപ്പിക്കാറ്. ഒന്നോ രണ്ടോ പേര്‍ ആദ്യം പാട്ടുകളുടെ വരികള്‍ പാടിക്കൊടുക്കും. പിന്നീട് എല്ലാവരും അത് ഏറ്റുപാടും. പാട്ടിനൊത്ത് നൃത്തമാടും. വട്ടത്തില്‍നിന്ന് കളിക്കുമ്പോള്‍ സ്ഥാനങ്ങള്‍ മാറിമാറി നിന്നും പരസ്പരം കൈകള്‍ കൂട്ടിക്കൊട്ടിയും പാട്ടിന്റെ രീതിയനുസരിച്ചുമാണ് കളി. പുരാണേതിഹാസകഥകളാണ് അവതരിപ്പിക്കാറ്. പാര്‍വതി സ്വയംവരം, സീതാ സ്വയംവരം, ഗജേന്ദ്രമോക്ഷം, കല്യാണ സൗഗന്ധികം, ദക്ഷയാഗം, ധ്രുവചരിതം, പൂതനാമോക്ഷം, കാളിയമര്‍ദ്ദനം, കുചേലവൃത്തം, സന്താനഗോപാലം, രാസക്രീഡ തുടങ്ങിയ കഥകളാണ് അവതരിപ്പിക്കാറ്. മച്ചാട്ടിളയതാണ് പാട്ടുകളൊക്കെ ശേഖരിച്ച് തെറ്റുകള്‍ തിരുത്തിയും പുതിയവയ കൂട്ടിച്ചേര്‍ത്തും സംഗീതാവിഷ്‌കാരം നടത്തി പ്രചരിപ്പിച്ചത്. കുമ്മിയടിക്കളി കൈകൊട്ടിക്കളിയോടൊത്ത് ചേര്‍ന്ന് പോകുന്ന സ്ത്രീകളുടെ മറ്റൊരു കലാപ്രകടനമാണ് കുമ്മിയടിക്കളി. തിരുവാതിര കളിക്കിടയിലും ചിലര്‍ കുമ്മി അവതരിപ്പിക്കാറുണ്ട്. കൈകൊട്ടിക്കളിയേക്കാള്‍ ദ്രുതഗതിയിലുള്ള ശരീരചലനങ്ങളും കാല്‍വെപ്പുകളും ഇതിന് ആവശ്യമാണ്. ഒരുതരം സംഘനൃത്തമാണ്. അധികഭാഗം ആദിവാസി സ്ത്രീകളാണ് ഈ കളി അവതരിപ്പിക്കാറുള്ളത്. ''വന്ദിച്ചുവാഴ്ത്തി കളിച്ചിടേണം സഭ വന്ദിച്ചു കുമ്മിയടിച്ചിടേണം'' എന്ന് പതിഞ്ഞ രീതിയിലും ''വീരാവിരാടാ കുമാരവിഭോ'' എന്ന ദ്രുതഗതിയിലും പാടുന്ന പാട്ടുകളാണ് കളിക്ക്. കോലടിക്കളി കൈകൊട്ടിക്കളിയും കുമ്മിയടിക്കളിയും പോലെ തന്നെയാണ് കോലടിക്കളിയും. കൈകളില്‍ ഈരണ്ട് കോലുകള്‍ വീതമുണ്ടാകും. കൈകള്‍ കൂട്ടി മുട്ടിക്കുന്നതിനുപകരം കോലുകള്‍ തമ്മില്‍ കൂട്ടി തട്ടിക്കൊണ്ടുള്ള കളിയാണിത്. ഒരു മുഴം നീളത്തിലുള്ള കോലുകള്‍ ചെത്തി മിനുക്കി ചായം തേച്ച് കടഭാഗത്ത് ചെറിയ മണികള്‍ ഘടിപ്പിച്ചിട്ടുള്ള കോലുകളാണ് ഉപയോഗിക്കാറ്. കോലുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുമ്പോള്‍ മണി കിലുക്കം കൂടി ആയാല്‍ മധുരമായിരിക്കും. രണ്ടു കൈകളിലും ഓരോ കോലുകള്‍ വീതം പിടിച്ച് അവ തമ്മില്‍ കൂട്ടിമുട്ടിച്ചും അതുപോലെതന്നെ അടുത്ത് നില്‍ക്കുന്ന ആളിന്റെ കോലുകള്‍ തമ്മില്‍ അടിച്ചും പാട്ടുകള്‍ പാടി വട്ടത്തില്‍ ചുവടുവച്ച് ചാഞ്ഞും ചെരിഞ്ഞും ഇരുന്നും നിന്നും കോലുകള്‍ തമ്മിലടിച്ചു കൊണ്ടുമാണ് കളിക്കാറ്. പെണ്‍കുട്ടികളും പ്രായമായവരും അപൂര്‍വമായി പുരുഷന്മാരും പങ്കെടുക്കാറുണ്ട്. ഇതിന് കോല്‍ക്കളി എന്ന് പറയാറുണ്ട്. പൂരക്കളിയുമായി ഏറെ സാമ്യത കാണുന്നു. കോല്‍ക്കളിയില്‍ അറുപത് തരം താളവട്ടങ്ങള്‍ കൊട്ടിയാടാറുണ്ട്. ഊഞ്ഞാലാട്ടം ഓണക്കാലത്തും തിരുവാതിരക്കാലത്തും കേരളത്തിലെ ബാലികമാരുടെയും സ്ത്രീകളുടെയും മുഖ്യ ആഘോഷമാണ് ഊഞ്ഞാലാട്ടം. ചിലേടങ്ങളില്‍ ഊഞ്ഞാല്‍ ഉത്സവമെന്ന് പറയും. തിരുവാതിരയോടനുബന്ധിച്ച് നടത്തിയിരുന്ന ഊഞ്ഞാലാട്ടത്തിന് ആത്മീയ അനുഷ്ഠാനത്തിന്റെ പരിവേഷമുണ്ട്. വെളുപ്പിന് കുളത്തിലോ പുഴയിലോ പോയി തുടിച്ചുകുളിച്ചു വന്നുകഴിഞ്ഞാല്‍ ഊഞ്ഞാല്‍ ആടണമെന്ന് നിര്‍ബന്ധമായിരുന്നു. ഊഞ്ഞാലുകള്‍ പലതരം. സ്ഥിരമായി ഉറപ്പിച്ചിട്ടുള്ളവയും താല്‍ക്കാലികമായവയുമുണ്ട്. കയറുകൊണ്ടും മുളകൊണ്ടും ചങ്ങലകൊണ്ടും കൈതപിണ്ഡം കൊണ്ടും അവ നിര്‍മിക്കാറുണ്ട്. വീടുകളുടെ അകത്തളങ്ങളില്‍ എടവട്ടങ്ങളിലും മുറ്റത്ത് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകളിലും ഊഞ്ഞാല്‍ ഇടാറുണ്ട്. ഊഞ്ഞാലാട്ടം പാട്ടുകള്‍ പാടി സാവധാനത്തിലും ഊക്കോടെ കുതിച്ചുകൊണ്ടും നടത്താറുണ്ട്. സാവധാനത്തില്‍ ആടുന്നതാണ് സുഖകരം. അതിന് പറ്റിയ ധാരാളം പാട്ടുകളും നമുക്ക് പകര്‍ന്നുകിട്ടിയിട്ടുണ്ട്. തുമ്പിതുള്ളല്‍ ഓണം, തിരുവാതിര കാലങ്ങളില്‍ ചെറിയ പെണ്‍കുട്ടികള്‍ കളിക്കുന്നതാണ് തുമ്പിതുള്ളല്‍. തുമ്പ ചെടികളും തൂപ്പുകളും ഒടിച്ചെടുത്ത് ചെറിയ കെട്ടുകളാക്കി രണ്ടു കൈകളിലും കൂട്ടിപ്പിടിച്ച് തലയില്‍ മുണ്ടും ഇട്ട് ഒരു കുട്ടി കളത്തിന് നടുവില്‍ ഇരിക്കും. അന്നേരം മറ്റു കുട്ടികള്‍ തൂപ്പുകളുമായി ആ കുട്ടിയെ പ്രദക്ഷിണം വെക്കും. പാട്ടിന്റെ താളം മുറുകുന്നതോടൊപ്പം നടുവില്‍ ഇരിക്കുന്ന കുട്ടി (തുമ്പി), സാവകാശം തുള്ളാന്‍ തുടങ്ങും. പാട്ടിന്റെ താളം മുറുകുമ്പോള്‍ തുമ്പി ഉറഞ്ഞുതുള്ളി തൂപ്പുമായി മറ്റു കുട്ടികളുടെ പിന്നാലെ ഓടും. അവര്‍ പരസ്പരം തൂപ്പുകൊണ്ട് അടിച്ചു കളിക്കുന്നതിനിടയില്‍ പെട്ടെന്ന് പാട്ട് മാറ്റി പാടും. അപ്പോള്‍ തുമ്പി ശാന്തയായി പഴയ സ്ഥലത്തുതന്നെ ചെന്നിരിക്കും. തുമ്പിക്ക് തുള്ളാനും, തുമ്പിയെ അടക്കാനും വേറെ വേറെ പാട്ടുകളാണ്. ആ പാട്ടുകള്‍ക്കൊക്കെ പ്രാദേശികമായ ചില മാറ്റങ്ങളുണ്ട്. ഒന്നാം തുമ്പി കൊച്ചു തുമ്പി ഞാനെന്റെ മക്കളും പേരക്കിടാങ്ങളും കമ്പാപ്പുവകടന്നക്കരെ ചെന്നപ്പൊ കമ്പകളികണ്ടു നിന്നുപോയി. എന്താ തുമ്പി മിണ്ടാത്തെ. എന്താ തുമ്പി മിണ്ടാത്തെ. അങ്ങനെ പോകുന്നു പാട്ടിന്റെ രീതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.