ശാലിയര്‍

Thursday 8 September 2016 8:34 pm IST

വസ്ത്രനിര്‍മ്മാണം തൊഴിലാക്കിയവരാണ് ശാലിയര്‍. ഈ കലയില്‍ വിദഗ്ധരായ ഇവരെ ശാലികന്‍, ചാലിയന്‍, എന്നും അറിയപ്പെടുന്നു. ചേലനെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവരെ ചാലിയര്‍ എന്നറിയപ്പെടുന്നത്. വീടിനടുത്തായാണ് നെയ്ത്തുശാലകള്‍ സ്ഥാപിക്കുക. ശാലിയര്‍ എന്നും ഇതിനാല്‍ ഇവരെ വിളിക്കാറുണ്ട്. ശാല്യമഹര്‍ഷിയുടെ പരമ്പരയില്‍പ്പെട്ടവരാണിവര്‍. ഇവരില്‍ വലംകൈ (വലങ്ക) ഇടംകൈ(ഇടങ്ക) എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്. തെരുവ് സമ്പ്രദായത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് 96 തെരുവുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളും ഉണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂര്‍, വെള്ളൂര്‍ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു. കടലായി, എങ്കക്കാട്, ഉദയമംഗലം, അഴീക്കോട്, ചിറയ്ക്കല്‍, പുതിയതെരു കൂടാലി, എരുവേശി,കാഞ്ഞിരോട് രാമര്‍തെരു, നടമ്മല്‍, താവെതെരു, മുഴപ്പിലങ്ങാട്, പഴയതെരു, പുതിയതെരു, മാടായി, പാലേരി, എന്നിവയാണ് കോലത്തുനാട്ടിലെ തെരുവുകള്‍. ശാലിയരിലെ ഇടങ്കൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരാണ്. തെയ്യവും പൂരവും ഇവര്‍ നടത്തുന്നു. വലംങ്കൈ വിഭാഗം ഗണപതിയെ ആരാധിക്കുന്നു. പൊതുവാന്‍ വിഭാഗമാണ് ശാലിയരുടെ സംസ്‌ക്കാര കര്‍മ്മങ്ങള്‍ ചെയ്തുവരുന്നത്. പൊതാള്‍, പൊക്കന്‍, മുസേറ്,എന്നിങ്ങനേയും അറിയപ്പെടുന്നു. ഇവരിലെ ക്ഷൗരവൃത്തിയും ഇവരാണ് ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ നെയ്ത്തുകാരാണ് ദേവാംഗന്മാര്‍. ഇവരില്‍ ചിലര്‍ തെലുങ്കും, കന്നടയും സംസാരിക്കുന്നവരാണ്. ഇവര്‍ക്ക് ജാടര്‍ എന്നും വിളക്കുന്നു. മക്കത്തായ വിഭാഗക്കാരാണിവര്‍. ഇവരിലെ സമുദായ പ്രമാണിമാരെ ചെട്ടിയാര്‍ എന്നും അറിയപ്പെടുന്നു. ദേവാംഗ, പട്ടാര, ശാലിയ, വിഭാഗങ്ങളെ ഒന്നിച്ച് പദ്മശാലിയര്‍ എന്നും വിളിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രധാനതൊഴില്‍ തുണിനെയ്ത്തുതന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.