ഓണത്തിരക്കില്‍ നഗരത്തിലെ ഗതാഗതം അവതാളത്തില്‍

Friday 9 September 2016 2:20 pm IST

മുല്ലയ്ക്കല്‍ തെരുവിലെ ഗതാഗത കുരുക്ക്‌

ആലപ്പുഴ: ഓണക്കാലമായതോടെ നഗരത്തിലെ ഗതാഗതനിയന്ത്രണ സംവിധാനങ്ങള്‍ പാളി, അഭൂതപൂര്‍വമായ തിരക്ക് നിയന്ത്രിക്കാനാകാതെ നട്ടം തിരിയുകയാണ് പോലീസ്, കളര്‍കോട് മുതല്‍ തുമ്പോളി വരെയുള്ള നഗര അതിര്‍ത്തി കടന്നു കിട്ടാന്‍ രണ്ടു മണിക്കൂര്‍ വരെ വേണ്ടി വരുന്ന ദുരവസ്ഥയാണുള്ളത്. പ്രധാന റോഡുകളിലും ഇടറോഡുകളിലുമെല്ലാം ഗതാഗത കുരുക്ക് അതിരൂക്ഷമാണ്.

രാവിലെയും വൈകിട്ടും രാത്രി വൈകുംവരെയും വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡുകളില്‍. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നടപടികള്‍ പാളുന്നു. ദേശീയ പാതയും പ്രധാന റോഡും ഇടറോഡുകളുമെല്ലാം ചേരുന്ന നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നത് 57 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരാണ്.
കളക്‌ട്രേറ്റ് ജങ്ഷന്‍, ജനറല്‍ ആശുപത്രി, ചുടുകാട്, ചങ്ങനാശേരി മുക്ക്, കളര്‍കോട്, കൈതവന, ഇരുമ്പുപാലം, ജില്ലാകോടതി, ശവക്കോട്ടപ്പാലം എന്നീ ഒന്‍പത് സ്ഥലങ്ങളാണ് പ്രധാനമായും ട്രാഫിക് പോയിന്റുകളായി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ തിരുവമ്പാടി, കല്ലുപാലം, പിച്ചു അയ്യര്‍ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി തെക്കേ ജംഗ്ഷന്‍, കൊമ്മാടി, മുല്ലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും പട്രോളിങിനും ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരുന്നു.
ആവശ്യത്തിനു പോലീസ് ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രധാന പ്രശ്‌നം.

എആര്‍ ക്യാമ്പില്‍ നിന്നുള്ള ഒന്‍പത് പേരും 16 ഹോംഗാര്‍ഡും ഉള്‍പ്പെടെയാണ് ട്രാഫിക് പോലീസിന്റെ കീഴില്‍ 57 പേര്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ളത്. നഗരത്തിലെ പ്രധാന പാലങ്ങളായ ശവക്കോട്ടപ്പാലം, ജില്ലാകോടതിപ്പാലം, വൈഎംസിഎ പാലം, ഇരുമ്പുപാലം, കല്ലുപാലം, കണ്ണന്‍വര്‍ക്കിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടു വശങ്ങളിലായി ആറു റോഡുകളിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിനു രണ്ടുവശങ്ങളിലായി കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെങ്കിലും ആവശ്യമാണ്.
എന്നാല്‍ നിലവില്‍ ഒരാളെ പോലും ഡ്യുട്ടിക്ക് നിയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രധാനപ്പെട്ട ജങ്ഷനുകളില്‍ സിഗ്‌നല്‍ സംവിധാനം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. വീതി കുറഞ്ഞ പാലങ്ങളില്‍ വലിയ വാഹനങ്ങള്‍ തിരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം.

പലപ്പോഴും വലിയ വാഹനങ്ങള്‍ തിരിക്കുന്നതിന് ഏറെ സമയം വേണ്ടി വരുന്നു. ഇതോടെ പാലങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുന്നു. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാതെ നഗരത്തിലെ കുരുക്കിന് പരിഹാരം കാണാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.