കൊച്ചിയില്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തില്‍

Monday 12 March 2012 1:03 pm IST

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലും കാക്കനാട് സണ്‍റൈസ് ആശുപത്രിയിലും നഴ്സുമാര്‍ വീണ്ടും സമരം തുടങ്ങി. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജുമെന്റ് അംഗീകരിച്ച കരാര്‍ നടപ്പാക്കണമെന്നാണു ലേക്‌ഷോറിലെ നഴ്സുമാരുടെ ആവശ്യം. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തിലാ‍ണ് നഴ്‌സുമാര്‍ ഇന്ന്‌ രാവിലെ മുതല്‍ വീണ്ടും സമരം തുടങ്ങിയത്. ട്രെയിനിംഗ്‌ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ രണ്ട്‌ നഴ്‌സുമാരെ പിരിച്ചുവിട്ടതിലും, പ്രൊബേഷന്‍ കാലാവധി തികച്ച 12 നഴ്‌സുമാരെ സ്ഥിരപ്പെടുത്താത്തതിലും നഴ്സുമാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ലേബര്‍ ഓഫീസര്‍ വിന്‍സന്റ്‌ അലക്‌സ്‌ യു. എന്‍. എ ഭാരവാഹികളും മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അതേസമയം ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും മാനെജ്മെന്റ് പറഞ്ഞു. മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു സണ്‍റൈസ് ആശുപത്രിയിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തുന്നത്. രജിസ്ട്രേഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം. ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ഡ്യൂട്ടിയിലില്ലാത്ത നഴ്സുമാരാണ് ഇന്നു സമരം നടത്തുന്നത്. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഇവര്‍ പറഞ്ഞു. സമരത്തിനു നോട്ടിസ് നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ട രണ്ടു നഴ്സുമാരെ തിരിച്ചെടുക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.