തൃപ്പൂണിത്തുറ ശ്രീരാമക്ഷേത്രം

Thursday 7 July 2011 12:56 pm IST

തൃപ്പൂണിത്തുറ നഗരസഭയ്ക്ക്‌ അകത്ത്‌ ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ക്ഷേത്രമാണ്‌ ശ്രീരാമക്ഷേത്രം. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ച്‌ ഒരു പീഠത്തില്‍ പഞ്ചലോഹവിഗ്രഹത്തിലാണ്‌ ഇവിടെ പ്രതിഷ്ഠ. നഗരഹൃദയത്തില്‍ ശാന്തമായ അന്തരീക്ഷമാണ്‌ ഇവിടുത്തെ പ്രത്യേകത. ഗോവയില്‍ നിന്ന്‌ അഭയം തേടി എത്തിയ ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക്‌ കൊച്ചി മഹാരാജാവ്‌ താമസിക്കാനും ക്ഷേത്രനിര്‍മാണത്തിനും സ്ഥലവും സാമഗ്രികളും ഗ്രാന്റും നല്‍കുകയുണ്ടായി. ക്ഷേത്രനിര്‍മാണത്തിന്‌ സൗജന്യമായി സ്ഥലം നല്‍കിയത്‌ താമരശേരി നായക്കന്‍ കുടുംബക്കാരാണ്‌. തൃപ്പൂണിത്തുറ സ്വദേശിയും കാശീമഠം അധിപതിയുമായിത്തീര്‍ന്ന യോഗീശ്വരനും ഉപേന്ദ്ര തീര്‍ഥസ്വാമികളുടെ ശിഷ്യനും മഹാതപസ്വിയുമായിരുന്ന രാഘവേന്ദ്ര തീര്‍ഥസ്വാമികള്‍ യാത്രാവേളയില്‍ താന്‍ പൂജിച്ചിരുന്ന ശ്രീരാമവിഗ്രഹം തറവാട്ടുകാര്‍ക്ക്‌ അനുഗ്രഹിച്ചു നല്‍കിയതായി പറയപ്പെടുന്നു. വരാപ്പുഴ തറവാട്ടുകാര്‍ക്ക്‌ ആരാധിക്കുവാന്‍ സ്വാമിയില്‍ നിന്നും ലഭിച്ച ശ്രീരാമവിഗ്രഹം പാണായ്ക്കന്‍ കുടുംബക്കാര്‍ തങ്ങള്‍ക്കും ആരാധിക്കാന്‍ മൂര്‍ത്തിയെ തന്ന്‌ അനുഗ്രഹിക്കണമെന്ന്‌ സ്വാമിയോട്‌ പറഞ്ഞത്‌ പ്രകാരം സ്വാമിയാര്‍ താന്‍ പാരായണം ചെയ്തുപോന്ന ഭാഗവത ഗ്രന്ഥം അവര്‍ക്ക്‌ അനുഗ്രഹിച്ച്‌ നല്‍കുകയും വിഗ്രഹത്തെപോലെ തന്നെ ഗ്രന്ഥത്തിലും ദേവസാന്നിധ്യം ഉണ്ടാകുമെന്ന്‌ അനുഗ്രഹിക്കുകയും ചെയ്തു. സന്തുഷ്ടരായ രണ്ടുകുടുംബക്കാരും അവരവരുടെ കുടുംബങ്ങളില്‍ വച്ച്‌ ആരാധിച്ച്‌ പോന്ന വിഗ്രഹവും ഗ്രന്ഥവും തൃപ്പൂണിത്തുറയിലെ മഹാജനങ്ങള്‍ക്കായി സമര്‍പ്പിച്ചതിന്‌ ശേഷമാണ്‌ ഇവിടെ ശ്രീരാമ ക്ഷേത്രമായി രൂപാന്തരപ്പെട്ടത്‌. ഏകദേശം 310 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ്‌ ഇവിടെ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നടന്നതായിപറയപ്പെടുന്നത്‌. ക്ഷേത്രത്തിലെ ഗര്‍ഭഗ്രഹത്തില്‍ വച്ച്‌ ആരാധിച്ചിരുന്ന താളിയോല ഗ്രന്ഥം കാലപ്പഴക്കത്തില്‍ ദ്രവിച്ചുപോയതിനാല്‍ ദേവപ്രശ്നവിധിപ്രകാരം പുതിയ പെട്ടിയില്‍ ശ്രീമദ്‌ സുദീന്ദ്രതീര്‍ഥസ്വാമികള്‍ അനുഗ്രഹിച്ചുനല്‍കിയ രാമായണഗ്രന്ഥമാണ്‌ 1979 മുതല്‍ വച്ചാരാധിച്ചുവരുന്നത്‌. ശ്രീരമ സ്വാമിയുടെ ജന്മനക്ഷത്രമായ പുണര്‍തം നാളില്‍ ഗ്രന്ഥത്തിന്‌ പ്രത്യേക പൂജയും ആരാധനയും നടത്തിവരുന്നുണ്ട്‌. അതില്‍ നിവേദ്യവും പഞ്ചാമൃതവുമാണ്‌ ഇവിടത്തെ പ്രധാന വഴിപാടുകള്‍. മഹാഗണപതി, ശ്രീഹനുമാന്‍, വെങ്കിടാചലപതി, സ്ഥലദേവന്മാരായ വനദുര്‍ഗയായ ദേവി, സര്‍പ്പദൈവങ്ങള്‍ തുടങ്ങിയവയാണ്‌ ഉപദേവന്മാര്‍. ക്ഷേത്രത്തിനോട്‌ ചേര്‍ന്ന്‌ കിഴക്കേ ഭാഗത്ത്‌ പ്രത്യേക ക്ഷേത്രത്തില്‍ ശ്രീ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മുല്ലപ്പൂ കുപ്പായമാണ്‌ അവിടുത്തെ പ്രധാന വഴിപാട്‌. ഇത്‌ നേരത്തെ ബുക്ക്‌ ചെയ്തപ്രകാരം ഒരു ദിവസം ഒരാള്‍ക്ക്‌ മാത്രമേ നടത്താന്‍ കഴിയൂ. നാലമ്പലത്തിനത്ത്‌ നിരൃതികോണിലാണ്‌ വിഘ്നേശ്വരനെ പ്രതിഷഠിച്ചിരിക്കുന്നത്‌. നാഗരാജാവിന്റെയും ദുര്‍ഗാദേവിയുടെയും പ്രതിഷ്ഠകള്‍ പുറത്ത്‌ ഈശാന കോണിലാണ്‌. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയില്‍ വായുകോണിലുണ്ടായിരുന്ന വെങ്കടാചലപതി സ്വാമിയുടെ വിഗ്രഹം ഏതാണ്ട്‌ നൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കാരണക്കോടം ക്ഷേത്രത്തില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിരുന്നുവെന്നും ഇതുമൂലം ഗൗഡസാരസ്വത ബ്രാഹ്മണ കുടുംബങ്ങള്‍ക്ക്‌ ദോഷങ്ങള്‍ സംഭവിച്ചുവെന്നും പറയുന്നു. ക്ഷേത്രത്തിനോട്‌ അനുബന്ധിച്ച കെട്ടിടങ്ങള്‍ക്ക്‌ ജീര്‍ണത സംഭവിച്ചതിനെ തുടര്‍ന്ന്‌ തൃപ്പൂണിത്തുറ ദേവസ്വത്തില്‍ നിന്ന്‌ കുറഞ്ഞ പലിശയ്ക്ക്‌ പണം നല്‍കിയെന്നും അന്നത്തെ കൊച്ചിമഹാരാജാവ്‌ ക്ഷേത്രഭരണം തൃപ്പൂണിത്തുറ ദേവസ്വം മുഖേന ഏറ്റെടുക്കുകയും ഉണ്ടായി എന്നുമാണ്‌ പറയപ്പെടുന്നത്‌. കടബാധ്യതയായി തീര്‍ന്ന പത്തൊമ്പതിനായിരം രൂപ ദേവസ്വത്തിന്‌ നല്‍കിയതോടെയാണ്‌ ക്ഷേത്രഭരണം തിരികെ ലഭിച്ചത്‌. 1961 മുതല്‍ ഭരണച്ചുമതല സമുദായ യോഗത്തിന്‌ ദേവസ്വം ബോര്‍ഡ്‌ തിരികെ നല്‍കി. 1158 മകരം ആറിന്‌ തിങ്കളാഴ്ച വെങ്കിടാചലപതിയുടെ സാന്നിധ്യം ഉണ്ടായിരുന്ന സ്ഥാനത്ത്‌ പുതിയ ശ്രീകോവില്‍ നിര്‍മിച്ച്‌ സുധീന്ദ്രതീര്‍ഥസ്വാമികള്‍ വെങ്കടാചലപതി പ്രതിഷ്ഠ നടത്തി. ജി.എസ്‌.ബി. സമാജമാണ്‌ ഇപ്പോള്‍ ഭരണ നിര്‍വ്വഹണം നടത്തുന്നത്‌. കാശിമഠാധിപതി സുധീന്ദ്ര തീര്‍ഥസ്വാമികളുടെ ശിഷ്യന്‍ രാഘവേന്ദ്ര തീര്‍ഥസ്വാമികളുടെയും 1995 - ല്‍ നടന്ന പ്രതിഷ്ഠ ശതാബ്ദി ആഘോഷം വളരെ പ്രത്യേകത ഉണ്ടായിരുന്ന ഒന്നാണ്‌. ആനക്കൊമ്പുകൊണ്ട്‌ നിര്‍മിച്ച പല്ലക്ക്‌ കൂടാതെ വെള്ളികൊണ്ടുള്ള ശേഷവാഹനവും മരംകൊണ്ടുള്ള ഗരുഡവാനവും വെള്ളികൊണ്ട്‌ നിര്‍മിച്ച മറ്റൊരു പല്ലക്കും ഐരാവത വാഹനവുമാണ്‌ എഴുന്നള്ളിപ്പിനായി ദേവസ്വത്തിലുള്ളത്‌. ഉത്സവത്തിന്‌ ഇടയ്ക്ക്‌ വന്നുചേരുന്ന സംവത്സര വിഷു ദിവസം തിരുവാഭരണങ്ങള്‍ ചാര്‍ത്തി ഭഗവാനെ എഴുന്നെള്ളിക്കുന്നത്‌, ആനക്കൊമ്പ്‌ പല്ലക്കിലാണ്‌. നിത്യവും മൂന്നുപൂജകള്‍ ആണ്‌ ഇവിടെയുള്ളത്‌. അഷ്ടമിരോഹിണി, ദീപാവലി, വിനായക ചുതര്‍ഥി, ശ്രീരാമസ്വാമിയുടെയും വെങ്കിടാചലപതിയുടെയും പ്രതിഷ്ഠാദിനങ്ങള്‍, ശ്രീരാമ നവമി തുടങ്ങിയവയാണ്‌ ആണ്ടുവിശേഷങ്ങള്‍. മീനമാസത്തിലെ രോഹിണി ആറാട്ടായി വരത്തക്കവണ്ണം എട്ടുദിവസത്തെ ഉത്സവമാണ്‌ ഇവിടെയുള്ളത്‌. ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേത്രങ്ങളില്‍ ചുറ്റമ്പലത്തിനകത്ത്‌ സ്ത്രീകള്‍ക്ക്‌ പ്രവേശനമില്ല. വ്രതാനുഷ്ഠാനങ്ങളോടുകൂടി ദര്‍ശനത്തിനെത്തുന്ന ഹിന്ദുക്കള്‍ക്കെല്ലാം ചുറ്റമ്പലത്തിനകത്ത്‌ പ്രവേശിക്കുവാന്‍ അനുവാദമുണ്ട്‌. എ.എ.മദന മോഹനന്‍