ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ആവശ്യമായ ഭുരിപക്ഷം ഉണ്ടെന്നും സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച് ആശങ്കയൊന്നുമില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ബജറ്റ് സമ്മേളനം സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ല. സമ്മര്‍ദ്ദങ്ങള്‍ പാര്‍ലമെന്റ് നടപടികളുടെ ഭാഗമാണെന്നും ജനങ്ങളെ ബാധിക്കുന്ന എന്തു വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്മോഹന് സിങ് പറഞ്ഞു.
സഭാസമ്മേളനം സുഗമമായി നടക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭിപ്രായ ഭിന്നതകളില്‍ സമവായത്തിന്റെ പാത സ്വീകരിക്കുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിസംബോധന ചെയ്തു സംസാരിക്കും.
രണ്ടു ഘട്ടങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ ബുധനാഴ്ച റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച പൊതു ബജറ്റ് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: