ഗൃഹപ്രവേശന ചടങ്ങിനെത്തിയവര്‍ക്കെതിരെ സിപിഎം അക്രമം വീട്ടമ്മയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Thursday 8 September 2016 11:51 pm IST

ചിറ്റാരിപ്പറമ്പ്: ഗൃഹപ്രവേശന ചടങ്ങിനെത്തിയ വീട്ടമ്മയടക്കം മൂന്ന് ബിജെപി പ്രവര്‍ ത്തകരെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ചുണ്ടയിലെ വിനോദ് എന്നയാളുടെ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ ബിജെപി പ്രവര്‍ത്തകരായ അമല്‍ രാജ് (19), റിഷില്‍ (21), മാതാവ് റീന (40) എന്നിവരെയാണ് അക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. റിഷിലിനെയും അമല്‍ രാജിനെയും സിപിഎം സംഘം ഇരുമ്പുപൈപ്പ്, ചട്ടുകം എന്നിവകൊണ്ട് അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ റീനയെ തീയുള്ള അടുപ്പിലേക്ക് തള്ളിയിടുകയും ചവിട്ടി പരിക്കേല്‍പ്പിക്കയും ചെയ്യുകയായിരുന്നു. അടുപ്പില്‍ വീണ റീനയുടെ സാരിയില്‍ തീപടര്‍ന്നെങ്കിലും പെട്ടെന്ന് തീയണച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം റിഷിലിനെ ചിറ്റാരിപ്പറമ്പ് ടൗണില്‍ വെച്ച് സിപിഎം പ്രവര്‍ത്തകനായ ഷിജു അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണവം പോലീസില്‍ പരാതി നല്‍കിയെങ്കിലും പെറ്റിക്കേസെടുത്ത് ഇയാളെ വിട്ടയക്കുകയായിരുന്നു. രാഷ്ട്രീയ വിരോധം വെച്ചായിരുന്നു അക്രമം. പരിക്കേറ്റ മൂന്ന് പേരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇവര്‍ക്കെതിരെ യുള്ള അക്രമം. കഴിഞ്ഞ ദിവസം ചുണ്ടയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച കാവിപതാക വ്യാപകമായി നശിപ്പിച്ചിരുന്നു. ചുണ്ടയിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന ബിജോയിയെ ഒരുവര്‍ഷം മുമ്പ് സിപിഎം ക്രിമിനലുകള്‍ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബിജോയ് ഇപ്പോഴും ചികിത്സയിലാണ്. സിപിഎം ക്രിമിനലുകളായ ജിനീഷ്, കണ്ട്യന്‍ ജിമ്മി, പാല കൃഷ്ണ ന്‍, ഷമിത്ത്, ടി.റിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇന്നലെ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വീട്ടമ്മയെ അടുപ്പില്‍ തള്ളിയിട്ട് ക്രൂരമായി അക്രമിച്ച സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. ചിറ്റാരിപ്പറമ്പ് മേഖലയില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. സിപിഎം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഏറെയും. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. സംഭവത്തില്‍ ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. രജീഷ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. വീട്ടമ്മയെ അടക്കം രണ്ട് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ശക്തമായി പ്രതിഷേധിച്ചു. മകനെ അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ മാതാവിനെ അടുപ്പില്‍ തള്ളിയിട്ട് അക്രമിച്ച സംഭവം മലയാളികള്‍ക്കു തന്നെ അപമാനമാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.