ബീവറേജസ് ഔട്ട്‌ലെറ്റിന്റെ നഷ്ടം നികത്താന്‍ മുക്കത്ത് ബിയര്‍ -വൈന്‍ പാര്‍ലറിന് നീക്കം

Friday 9 September 2016 11:16 am IST

മുക്കം: മുക്കം അങ്ങാടിയില്‍ വീണ്ടും മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ നീക്കം നടക്കുന്നതായി സൂചന. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനാണ് നീക്കമെന്നറിയുന്നു. ഇതിനായി സ്ഥലം തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി. നേരത്തെ മുക്കത്ത് ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് പ്രവര്‍ത്തിച്ചിരുന്നു.സംസ്ഥാന പാതയോരത്ത് ആശുപത്രിപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് നാട്ടുകാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കുമടക്കം വലിയ ശല്യമായി മാറിയതോടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ അടച്ചു പൂട്ടിയ ഔട്ട് ലെറ്റുകളുടെ കൂട്ടത്തില്‍ ഇതുള്‍പ്പെട്ടത്. നഗര സഭ ഭരിക്കുന്നത് സി പി എം ആയതിനാല്‍ പുതിയബിയര്‍ വൈന്‍ പാര്‍ലറിന് ഇതിന് എന്‍ഒസി ലഭിക്കാന്‍ പ്രയാസമുണ്ടാവില്ല. സി പി എം പഞ്ചായത്ത് ഭരണസമിതിയാണ് മുക്കത്ത് സ്വകാര്യ ഹോട്ടലില്‍ ബിയര്‍ വൈന്‍ പാര്‍ലറിന് അനുമതി നല്‍കിയിരുന്നത്. പുതിയതായി മുക്കത്ത് ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനും തത്വത്തില്‍ തീരുമാനമായതായാണ് അറിവ്. സൗകര്യപ്രദമായ സ്ഥലം ലഭിച്ചാല്‍ ഉടന്‍ തന്നെ ഇത് തുറക്കുമെന്നാണ് സൂചന. അതേ സമയം പാര്‍ലര്‍ തുടങ്ങുമെന്ന സൂചന ലഭിച്ചിട്ടും പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികളും ഇതുവരെ രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിലെ 3 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പാര്‍ലറിന് അനുമതി നേടിയത്. നേരത്തെ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റ് പൂട്ടിയതോടെ മുക്കം അങ്ങാടിയില്‍ വ്യാപാരം വലിയ രീതിയില്‍ കുറഞ്ഞതായി ചിലര്‍ ആക്ഷേപമുന്നയിച്ചിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഒരു വിഭാഗം വ്യാപാരികളുടെ പിന്തുണയും പുതിയ ബിയര്‍ വൈന്‍ പാര്‍ലറിനുണ്ട്. പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ശക്തമാണെങ്കിലും പഴയപ്രതിഷേധക്കാരൊന്നും രംഗത്തെത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.