വിവരാവകാശ അപേക്ഷയ്ക്ക് വിചിത്ര മറുപടിയുമായി മുക്കം നഗരസഭ

Friday 9 September 2016 11:18 am IST

മുക്കം: വിവരാവകാശ നിയമം 2005 പ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചയാള്‍ക്ക് മുക്കം നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ വിചിത്രമറുപടി. കാരശ്ശേരിഅളളി എതിര്‍ പാറമ്മല്‍ ഇ.പി വിനുവിനാണ് ഈ അനുഭവം. നഗരസഭയില്‍ പെട്ട മുക്കം പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ അനുമതി നല്‍കിയിട്ടുണ്ടോ ,ഉണ്ടെങ്കില്‍ അപേക്ഷയുടേയും ഭൂമി സംബന്ധിച്ച രേഖകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ലാനും അനുബന്ധ രേഖകളും അനുവദിച്ചു തരണമെന്നും നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് റവന്യൂ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടുണ്ടോ ,ഇത്തരം സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണ്, പുഴയുടെ തീരത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട ദൂരപരിധി കണക്കാക്കുന്നത് തുടങ്ങി 4 ചോദ്യങ്ങളാണ് വിനു അപേക്ഷയില്‍ ചോദിച്ചത്. അപേക്ഷ പരിശോധിച്ചതില്‍ അപേക്ഷയില്‍ സ്ഥലം ഉടമയുടെ പേരും വ്യക്തമായ വിലാസവും സൂചിപ്പിക്കാത്തതിനാല്‍ രജിസ്റ്റര്‍ പരിശോധിച്ച് കണ്ടെത്തുവാന്‍ സാധിക്കുകയില്ലന്നും ആയതിനാല്‍ സ്ഥലമുടമയുടെ പേരും വ്യക്തമായ വിലാസവും സൂചിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണന്നുമാണ് മറുപടി നല്‍കിയിരിക്കുന്നത്. വിനു നഗരസഭാ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കി. ഇതോടെ കഴിഞ്ഞ ജൂണ്‍ 9 ന് നേരില്‍ കേള്‍ക്കുന്നതിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സെക്രട്ടറി വിനുവിന് കത്തയച്ചു .തുടര്‍ന്ന് ഒന്‍പതാം തിയ്യതിസെക്രട്ടറിയുടെ അസൗകര്യം കാരണം ജൂണ്‍ പത്തിന് പരാതിക്കാരന്റെയും എതിര്‍കക്ഷിയുടെയും പരാതി കേള്‍ക്കുകയും ചെയ്തു. യാതൊരു ബന്ധവുമില്ലാത്ത മറുപടി യാണ് നല്‍കിയത്. സര്‍വെ സ്‌കെച്ച് പരിശോധിച്ച് മറുപടി നല്‍കുമെന്ന് പറഞ്ഞങ്കിലും 3 മാസത്തോളമായിട്ടും അത്തരമൊരു മറുപടി വിനുവിന് ലഭിച്ചിട്ടുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.