കൊച്ചി നൗഷാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

Friday 9 September 2016 9:07 pm IST

ആലപ്പുഴ: മോഷ്ടിച്ച ഇരുചക്രവാഹനം വില്‍പ്പന നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തവും കഠിന തടവും. കായംകുളം പത്തിയൂര്‍ എരുവ പടിഞ്ഞാറേമുറിയില്‍ കുന്നുമ്മേല്‍ തെക്കതില്‍ കൊച്ചി നൗഷാദി (നൗഷാദ്-37)നെ കുത്തിക്കൊലപ്പെടുത്തുകയും കിരീക്കാട് കണ്ണമ്പള്ളി വെള്ളാലയത്ത് കിഴക്കതില്‍ നിസാമുദ്ദീനെ(29) കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-രണ്ട് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം വീതം പിഴയും വിധിച്ചത്. കൊല്ലം ശങ്കരമംഗലം ചവറ മാളു ഭവനത്തില്‍ ചില്ല് ശ്രീകുമാര്‍ (ശ്രീകുമാര്‍-29), ശാസ്താംകോട്ട പെരുവേലിക്കര മുറിയില്‍ ചാഞ്ഞൂട്ടില്‍ കോളനി രാധാലയത്തില്‍ മണിക്കുട്ടന്‍ (ജയരാജ് ) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-രണ്ട് ജഡ്ജ് ഫെലിക്‌സ് മേരിദാസ് ജീവപര്യന്തം കഠിന തടവിനും ഒരോ ലക്ഷം വീതം പിഴയും ശിക്ഷവിധിച്ചത്. ജീവപര്യന്തത്തിനും പിഴയ്ക്കും പുറമേ മൂന്നു വര്‍ഷം വീതം കഠിന തടവും ഇരുവരും അനുഭവിക്കണം. 2013 മെയ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കരീലക്കുളങ്ങര സ്പിന്നിങ് മില്ലിന് സമീപം നൗഷാദും കുടുംബവും താമസിച്ചിരുന്ന വാടക വീടിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവവം നടന്നത്. മോഷ്ടിച്ച മോട്ടോര്‍സൈക്കിള്‍ വില്‍പ്പന നടത്തി കൊടുക്കണമെന്ന് പ്രതികളായ ഇരുവരും നൗഷാദിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പ്രതികളുടെ ആവശ്യം നിരാകരിച്ച നൗഷാദ് സംഭവം പോലിസില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നൗഷാദിനെ ചില്ല് ശ്രീകുമാര്‍ ആക്രമിക്കുകയും രണ്ടാം പ്രതി ജയരാജിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അക്രമത്തിനുശേഷം ആയുധവുമായി മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ട പ്രതികള്‍ വവ്വാക്കാവില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ പ്രതികളെ പോലിസ് ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒന്നാം പ്രതി ശ്രീകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ശ്രീകുമാര്‍ വിചാരണക്കിടെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കായംകുളം സിഐ ആയിരുന്ന രാജപ്പന്‍ റാവുത്തറാണ് കേസ് അന്വേഷിച്ചത്. കേസിലെ ഏക ദൃക്‌സാക്ഷി വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. സംഭവത്തിന് തൊട്ടുമുമ്പു വരെ സ്ഥലത്തുണ്ടായിരുന്ന നൗഷാദിന്റെ ഭാര്യയുടെയും കുത്തേറ്റ് ഓടിരക്ഷപ്പെട്ട രണ്ടാം സാക്ഷി നിസാമുദ്ദീന്റെയും മൊഴികളും സാഹചര്യതെളിവുകളും കേസില്‍ നിര്‍ണായകമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.