അമ്പലവയല്‍ : അമ്പലവയല്‍, നെന്മേനി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ആനപ്പാറ-ആലിന്‍ചുവട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് ഭാഗത്തും ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും നടുവില്‍ കുറെ ഭാഗം തകര്‍ന്ന് കിടക്കുകയാണ്. നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഇവിടം ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തങ്ങളുടെ പരിധിയിലല്ലെന്നാണ് ഇരുപഞ്ചായത്തുകളുടെയും വാദം. നെന്മേനി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റോഡിന്റെ ഭാഗം ഒരു വര്‍ഷം മുന്‍പ് ടാര്‍ ചെയ്തു. ബാക്കി ഭാഗം അമ്പലവയല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ്. വെറും 200 മീറ്റര്‍ കൂടി ടാര്‍ ചെയ്താല്‍ റോഡ് ഗതാഗതയോഗ്യമാകും. വിദ്യാര്‍ത്ഥികളും രോഗികളുമടക്കം നിരവധി ആളുകള്‍ ഉപയോഗിക്കുന്ന റോഡിനെ ഇനിയെങ്കിലും പഞ്ചായത്ത് പരിഗണിക്കുന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: