സെറീന വീണു

Friday 9 September 2016 11:12 pm IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിലെ വലിയ അട്ടിമറിയില്‍ വനിതകളിലെ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസിന് സെമിഫൈനലില്‍ തോല്‍വി. പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന്‍ പ്ലിസ്‌കോവയാണ് സെറീനയുടെ പോരാട്ടം അവസാനിപ്പിച്ചത്, സ്‌കോര്‍: 6-2, 7-6. പ്ലിസ്‌കോവയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. രണ്ടാം സീഡ് ജര്‍മനിയുടെ ആഞ്ജലീന കെര്‍ബര്‍ എതിരാളി. ഗ്രാന്‍ഡ്സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ താരമെന്ന റെക്കോഡ് മറികടന്ന് അടുത്ത ദിവസം തന്നെ സെറീന വീണു. ആദ്യ സെറ്റില്‍ പ്ലിസ്‌കോവയ്ക്കു മുന്നില്‍ പതറി. 27 മിനിറ്റില്‍ സെറ്റ് അവസാനിച്ചു. രണ്ടാമത്തേതില്‍ ശക്തമായി തിരികെയെത്തിയ സെറീന 5-4ന് ലീഡ് നേടിയെങ്കിലും, പ്ലിസ്‌കോവ 6-6ന് ഒപ്പമെത്തി. ടൈബ്രേക്കറില്‍ വരുത്തിയ ഡബിള്‍ ഫോള്‍ട്ടുകള്‍ സെറീനയുടെ പ്രതീക്ഷ തകര്‍ത്തു. കെര്‍ബര്‍ കിരീടം നേടിയാല്‍ സെറീനയ്ക്ക് ഒന്നാം സ്ഥാനത്തു നിന്നു പടിയിറങ്ങേണ്ടിവരും. രണ്ടാം സെമിയില്‍ ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വൊസ്‌നിയാക്കിയെ തുരത്തി കെര്‍ബര്‍, സ്‌കോര്‍: 6-4, 6-3. പുരുഷ ഡബിള്‍സ് കിരീടത്തിനായി നാലാം സീഡ് ജാമി മുറെ-ബ്രൂണൊ സുവാരസ് സഖ്യം, എട്ടാം സീഡ് ഫെലിസിയാനൊ ലോപസ്-മാര്‍ക്ക് ലോപസ് ജോഡിയെ എതിരിടും. ഒന്നാം സീഡ് പിയറി ഹെര്‍ബെര്‍ട്ട്-നിക്കോളസ് മാഹട്ട് സഖ്യത്തെ കീഴടക്കിയാണ് മുറെ ജോഡി മുന്നേറിയത്, സ്‌കോര്‍: 7-5, 4-6, 6-3. കാരെനൊ ബുസ്റ്റ-ഗാര്‍ഷ്യ ലോപസ് കൂട്ടുകെട്ടിനെയാണ് ലോപസ് സഹോദരന്മാര്‍ കീഴടക്കിയത്, സ്‌കോര്‍: 6-3, 7-6. വനിതാ ഡബിള്‍സ് കലാശ പോരാട്ടത്തില്‍ ഒന്നാം സീഡ് കരോളിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിന മല്‍ദെനോവിച്ച് ജോഡി, 12ാം സീഡ് ബെഥാനി മാറ്റെക് സാന്‍ഡ്‌സ്-ലൂസി സഫറോവ കൂട്ടുകെട്ടിനെ നേരിടും. ഒന്നാം സീഡ് ജോഡി, മാര്‍ട്ടിന ഹിംഗിസ്-കോകൊ വാന്‍ഡെവെഗെയെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-3, 6-4. മാറ്റെക് സാന്‍ഡ്‌സ്-സഫറോവ കൂട്ടുകെട്ട് അഞ്ചാം സീഡ് എകാത്രിന മകരോവ-എലേന വെസ്‌നിന ജോഡിയെ മടക്കി, സ്‌കോര്‍: 6-2, 7-6. പുരുഷ സെമിയില്‍ ഇന്ന് ഒന്നാം സീഡ് നൊവാക് ദ്യോകൊവിച്ച്, പത്താം സീഡ് ഗെയ്ല്‍ മോണ്‍ഫില്‍സിനെ നേരിടും. രണ്ടാം സെമിയില്‍ മൂന്നാം സീഡ് സ്റ്റാനിസ്ലസ് വാവ്‌റിങ്കയും ആറാം സീഡ് കെയ് നിഷികോരിയും ഏറ്റുമുട്ടും. മിക്‌സഡ് ഡബിള്‍സ് ഫൈനലും ഇന്ന്. ഏഴാം സീഡ് കൊകൊ വാന്‍ഡെവെഗെ-രാജീവ് റാം സഖ്യം, ലൗറ സെയ്ഗ്മുണ്ട്-മാറ്റെ പാവിച്ച് ജോഡിയെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.