തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഹസനം: രോഗികള്‍ പ്രതിസന്ധിയില്‍

Friday 9 September 2016 11:12 pm IST

പേട്ട: വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രഹസനമാകുന്നു. ആവശ്യത്തിന് ഡോക്ടറോ മരുന്നുകളോ ഇല്ല. കഴിഞ്ഞകാലങ്ങളില്‍ രാത്രി 10 വരെ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി സ്‌പെഷ്യാലിറ്റി പദവിയിലേക്ക് ഉയര്‍ത്തിയതോടെ സന്ധ്യകഴിഞ്ഞാല്‍ പൂട്ട് വീഴുന്ന സ്ഥിതിയിലാണ്. ആ സമയം അടിയന്തര ചികിത്സതേടി ഇവിടെയെത്തുന്ന രോഗികള്‍ക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്.
മാതൃകാ മത്സ്യഗ്രാമ പദ്ധതിയില്‍ പെടുത്തി 2015 സപ്തബറിലാണ് വലിയതുറയിലെ ഡിസ്‌പെന്‍സറിയെ കേരളത്തിലെ ആദ്യത്തെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയത്. 1.5 കോടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക സജ്ജീകരണങ്ങളോ


സന്ധ്യ കഴിഞ്ഞതും പൂട്ടുവീണ വലിയതുറ തീരദേശ
സ്‌പെഷ്യാലിറ്റി ആശുപത്രി

ടുകൂടിയ സ്‌പെഷ്യാലിറ്റി ആശുപത്രി പൂന്തുറ മുതല്‍ പെരുമാതുറ വരെയുളള തീരവാസികള്‍ക്ക് ഗുണകരമാകുമെന്ന് അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള മന്ത്രിമാര്‍ ഉദ്ഘാടനവേളയില്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ പിന്നിടും മുമ്പേ ഇവിടെ കൊണ്ടുവന്ന ഡയാലിസിസ് മെഷീന്‍ ശിവകുമാറിന്റെ ഒത്താശയോടെ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌പെഷ്യാലിറ്റിയെന്ന് യുഡിഎഫ് സര്‍ക്കാര്‍ വിളംബരം ചെയ്ത ആധുനികസജ്ജീകരണങ്ങളൊന്നും ഈ കാലയളവില്‍ ആശുപത്രിയില്‍ സാധ്യമാക്കിയില്ല. പിണറായി സര്‍ക്കാരാകട്ടെ ആശുപത്രിയെ ഇല്ലാതാക്കാനുളള നീക്കമാണ് നടത്തുന്നത്.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയ ആശുപത്രിയില്‍ ഇപ്പോള്‍ രണ്ട് ഷിഫ്റ്റില്‍ മാത്രമാണ് ഡോക്ടറുളളത്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് നാലു മുതല്‍ രാത്രി എട്ടു വരെയും. നാലിന് ഡ്യൂട്ടിക്ക് കയറുന്ന ഡോക്ടര്‍ രാത്രി എട്ടിന് പോകുന്നതോടെ ആശുപത്രി പൂട്ടുകയാണ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രധാന ഗേറ്റിനുളളിലാണ് പൂട്ട് വീണിരുന്നത്. ഇപ്പോള്‍ ഗേറ്റിന് പുറത്ത് പൂട്ടുകയാണ് ചെയ്യുന്നത്. ഇതോടെ രാത്രിയില്‍ അപകടത്തിലോ അത്യാസന്ന നിലയിലോ എത്തുന്ന രോഗികള്‍ക്ക് പ്രാഥമികചികിത്സയ്ക്ക് പോലും ആശുപത്രിക്കുളളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. പകല്‍ സമയങ്ങളില്‍ വേണ്ട ചികിത്സ രോഗികള്‍ക്ക് കിട്ടുന്നില്ലെന്ന ആരോപണവുമുണ്ട്. ആശുപത്രിക്കുളളിലെ കാരുണ്യ മെഡിക്കല്‍ഷോപ്പില്‍ അത്യാവശ്യ മരുന്നുകളില്ലെന്ന പരാതിയുമുണ്ട്. ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ ഡോക്ടറുടെ കുറിപ്പുമായി പുറത്തുളള മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.