സൗദി പാപ്പരായി

Friday 9 September 2016 11:32 pm IST

റിയാദ്: ലോകത്തെ അതിസമ്പന്ന രാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് തകരുന്നു. പെട്രോളിയം വിലയിടിവാണ് മുഖ്യകാരണം. വമ്പന്‍ കെട്ടിട നിര്‍മ്മാണക്കമ്പനികള്‍ പൊട്ടിയെന്നു മാത്രമല്ല 20 ബില്യണ്‍ ഡോളറിന്റെ (ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തിലേറെ കോടി രൂപ) പദ്ധതികള്‍ റദ്ദാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു പുറമേ വിവിധ മന്ത്രാലയങ്ങളുടെ ബജറ്റ് നാലിലൊന്ന് വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യം അതിഭീമമായ തകര്‍ച്ചയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. 69 ബില്യണ്‍ ഡോളര്‍ (4,59,81,91, 05,00,00 രൂപ) മുടക്കുള്ള ആയിരക്കണക്കിന് പദ്ധതികള്‍ പുനപരിശോധിച്ചുവരികയാണ്. ആറു മാസത്തിനകം ഇവയില്‍ മൂന്നിലൊന്ന് റദ്ദാക്കിയേക്കും. കടുത്ത നടപടികള്‍ വരും വര്‍ഷങ്ങളിലെ ബജറ്റുകളെ ബാധിക്കും. ഗതാഗതം, ഭവനനിര്‍മ്മാണം, ആരോഗ്യ സംരക്ഷണം എന്നീ രംഗങ്ങളിലെ ചെലവ് വെട്ടിക്കുറക്കും. ചില മന്ത്രാലയങ്ങള്‍ സംയോജിപ്പിച്ചും ചിലവ എടുത്തുകളഞ്ഞും ചെലവു ചുരുക്കാനും പദ്ധതിയുണ്ട്. ചെലവുകള്‍ നിയന്ത്രിക്കാനും പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ദേശീയ പദ്ധതി നിര്‍വ്വഹണ ഓഫീസും തുറന്നിട്ടുണ്ട്. ഇതേ മാതൃകയില്‍ വിവിധമന്ത്രാലയങ്ങളിലും മുനിസിപ്പാലിറ്റികളിലും ഓഫീസുകള്‍ തുറന്നു. പദ്ധതികള്‍, കുറഞ്ഞ ചെലവില്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ഇവയുടെ ജോലി. ചെലവു കുറയ്ക്കാന്‍ രാജാവ് മറ്റു മാര്‍ഗങ്ങളും തേടുന്നുണ്ട്. ആദ്യമായി അറുപത്താറായിരം കോടിയുടെ (പത്തു ബില്യണ്‍ ഡോളര്‍) രാജ്യാന്തര കടപ്പത്രമിറക്കാനും സൗദി തീരുമാനിച്ചു. 2020 ആകുമ്പോഴേക്ക് പൊതുക്കടം 7.7 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയരുമെന്നാണ് കണക്ക്. വൈദ്യുതിക്ക് നല്‍കിയിരുന്ന സബ്‌സിഡി അധികൃതര്‍ വെട്ടിക്കുറച്ചു കഴിഞ്ഞു. ഇപ്പോള്‍ മുഴുവന്‍ നിരക്കും ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിലേക്ക് സൗദി തിരിഞ്ഞിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.