ഇടപ്പള്ളിയില്‍ പാളത്തില്‍ വിള്ളല്‍

Friday 9 September 2016 11:42 pm IST

കളമശേരി: ഇടപ്പള്ളിക്ക് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍. ജീവനക്കാരന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.  ഇന്നലെ രാവിലെ 8.30 ന് കളമശ്ശേരിക്കും ഇടപ്പള്ളിക്കും ഇടയില്‍ വട്ടേക്കുന്നത്താണ് സംഭവം. ട്രാക്ക് പരിശോധനക്കിടെ ഗ്യാങ്മാന്‍ രാജേഷ് കുമാര്‍ ചൗധരിയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ട്രാക്കില്‍ മുന്നറിയിപ്പ് ബാരിക്കേഡ് കെട്ടിയശേഷം ആലുവ സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. ആലപ്പുഴക്ക് വരികയായിരുന്ന ചെന്നൈ-ആലപ്പുഴ ട്രെയിന് മുന്നറിയിപ്പ് നല്‍കി. അപകടം മനസ്സിലാക്കിയ ലോക്കോപൈലറ്റ് വേഗത കുറച്ചു. ആദ്യത്തെ കമ്പാര്‍ട്ടുമെന്റ് വിള്ളല്‍ ഉള്ളഭാഗത്ത് നിന്നു. റെയില്‍വേ ജീവനക്കാര്‍ എത്തി വിള്ളലുള്ള ഭാഗത്ത് ക്ലാമ്പുകള്‍ ഘടിപ്പിച്ച് ട്രെയിന്‍ കടന്ന് പോകാനുള്ള സൗകര്യം ചെയ്തു. മുക്കാല്‍ മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മാസം 28 ന് അങ്കമാലി കറുകുറ്റിക്ക് സമീപം ട്രെയിന്‍ പാളം തെറ്റിയെങ്കിലും ദുരന്തം ഒഴിവായി. കേരളത്തില്‍ പലയിടത്തും ഇത്തരത്തില്‍ പാളങ്ങളില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകളുടെ വേഗതയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.