ഐഎസ്‌ഐയ്ക്ക്‌ ഉപരോധം ഏര്‍പ്പെടുത്തണമെന്ന്‌ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍

Thursday 7 July 2011 12:03 am IST

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമബിന്‍ലാദന്‌ അബോട്ടാബാദില്‍ സുരക്ഷിതതാവളം ഒരുങ്ങിയത്‌ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയുടെ അറിവോടെയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അമേരിക്ക ഐഎസ്‌ഐക്ക്‌ ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന്‌ സിഐഎ മുന്‍ ഉദ്യോഗസ്ഥനായ ബ്രൂസ്‌ റീഡല്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‌ അമേരിക്ക നല്‍കി വരുന്ന ധന സാങ്കേതിക സഹായങ്ങള്‍ തീവ്രവാദ സംഘടനകളുടെ കയ്യിലാണ്‌ എത്തിപ്പെടുന്നത്‌. അമേരിക്കയ്ക്കെതിരായ ബോംബുകള്‍ പടച്ചുണ്ടാക്കുന്ന രാജ്യത്തിന്‌ ഇനി യാതൊരു വിധത്തിലുള്ള സഹായവും നല്‍കാന്‍ പാടുള്ളതല്ല, അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ഭീകരവാദികള്‍ക്കെതിരായി പാക്കിസ്ഥാന്‍ സേന ഒരു ആക്രമണമെങ്കിലും ഫലപ്രദമായി നടത്തിയിട്ടുണ്ടോ എന്ന്‌ നിശ്ചയമില്ല. ഭീകരതയ്ക്കെതിരായ പാക്കിസ്ഥാന്റെ പോരാട്ടങ്ങള്‍ സത്യസന്ധമാണെന്ന്‌ തെളിയിക്കേണ്ടത്‌ ആ രാജ്യത്തിന്റെ ബാധ്യതയാണ്‌, റീഡല്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലുള്ളിലെ ഭീകരവാദ ക്യാമ്പുകളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടും അമേരിക്ക മൃദുസമീപനം തുടരുകയാണെന്നും ഇതപകടകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎസ്‌ഐയെ കണ്ണുമടച്ച്‌ വിശ്വസിക്കുന്നത്‌ വിഡ്ഢിത്തരമാണെന്നും ഭീകരന്മാര്‍ക്ക്‌ നിരന്തരസഹായം നല്‍കിവരുന്ന ഈ സംഘടനയ്ക്ക്‌ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇതോടൊപ്പം ഭീകരന്മാര്‍ക്കെതിരെ പൊരുതാന്‍ തയ്യാറുള്ള പാക്കിസ്ഥാനിലെ സ്വതന്ത്ര സേനകള്‍ക്ക്‌ ധനസഹായം നല്‍കണമെന്നതാണ്‌ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാളായിരുന്ന ബ്രൂസ്‌ റീഡല്‍. ഇപ്പോള്‍ ബ്രൂക്കിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.