സ്‌കൂളില്‍ ഓണാഘോഷം തടസ്സപ്പെടുത്താന്‍ ശ്രമം

Saturday 10 September 2016 3:18 pm IST

കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലപ്പെടുത്തി. കോഴിക്കോട് പുതിയറ ബിഇഎംയുപി സ്‌കൂളിലെ ഓണാഘോഷത്തിന് വേണ്ടി തയ്യാറാക്കിവെച്ച സദ്യവട്ടങ്ങള്‍ മലിനപ്പെടുത്തുകയും സ്‌കൂള്‍ ഓഫീസിലും അടുക്കളയിലും മലവിസര്‍ജനം നടത്തിയുമാണ് സാമൂഹിക വിരുദ്ധര്‍ ഓണാഘോഷം തടസപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി അദ്ധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷാകര്‍ത്താക്കളും സ്‌കൂളില്‍ സദ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കറികള്‍ തയ്യാറാക്കാനും മറ്റ് ഒരുക്കങ്ങള്‍ക്കുമായി രാത്രി പതിനൊന്ന് മണിവരെ ഇവര്‍ സ്‌കൂളിലുണ്ടായിരുന്നു. ഇതിനുശേഷമാണ് സാമൂഹ്യവിരുദ്ധര്‍ സ്‌കൂളില്‍ കടന്ന് സദ്യവട്ടങ്ങള്‍ കേടുവരുത്തിയത്. ഓഫീസില്‍ പ്രവേശിച്ച് മലവിസര്‍ജനം നടത്തുകയും അലമാരയും ഓഫീസ് സാധനങ്ങളും വലിച്ചുവാരിയിടുകയും ചെയ്തു. ഓഫീസില്‍ നിന്ന് താക്കോലെടുത്ത് മറ്റു മുറികളും തുറന്നു. കമ്പ്യൂട്ടര്‍ മുറിയില്‍ കയറി അവ കേടുവരുത്താനും ശ്രമങ്ങള്‍ നടത്തി. അടുക്കളയില്‍ ചൂടാക്കിവച്ചിരുന്ന വെള്ളത്തില്‍ രാസവസ്തു കലക്കിയതായി സംശയമുണ്ട്. അടുപ്പിലും സാമൂഹ്യവിരുദ്ധര്‍ മലവിസര്‍ജ്ജനം നടത്തി. ഇന്നലെ പുലര്‍ച്ചെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് ഓഫീസ് മുറി തുറന്നിട്ടത് കണ്ടത്. പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അബ്ദുള്‍ റസാഖ്, കസബ സിഐ പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി. ഓണാഘോഷം തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതിനുപിന്നിലെന്ന് കരുതപ്പെടുന്നു. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, എഇഒ കുസുമം എന്നിവരും സ്ഥലത്തെത്തി. ഓണാഘോഷം മുടക്കരുതെന്നും ഓണസദ്യ നടത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വിഭവസമൃദ്ധമായ സദ്യ എത്തിക്കാമെന്ന് ഏറ്റതോടെ സ്‌കൂളില്‍ ഓണാഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനമായി. അമ്മമാരും മറ്റു രക്ഷിതാക്കളും സ്ഥലത്തെത്തി. പിടിഎ പ്രസിഡന്റ് കെ.പി. മധുസൂദനന്റെ നേതൃത്വത്തില്‍ പിടിഎ ഭാരവാഹികളും, മദര്‍ പിടിഎ ഭാരവാഹികളും ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. അമ്മമാര്‍ സ്‌കൂള്‍ വരാന്തയില്‍ പൂക്കളമൊരുക്കി. രക്ഷിതാക്കളും വി ദ്യാര്‍ത്ഥികളും, അധ്യാപകരും വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചതോടെ സ്‌കൂള്‍ ഓണാഘോഷം അവസാനിച്ചു. ഫോറന്‍സിക് വിദഗ്ധന്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സ്‌കൂളിലെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വിബാലന്‍ എന്നിവര്‍ സ്ഥലത്തെത്തി സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.