ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ അപാകത; കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച

Saturday 10 September 2016 3:21 pm IST

കോഴിക്കോട്: ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ വീഴ്ചയും 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതിലെ അപാകതയും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് കാരണമായി. ക്ഷേമപെന്‍ഷന്‍ വിതരണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന ആരോപണം പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നതോടെ ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങള്‍ രംഗത്തെത്തി. പലയിടത്തും കൗണ്‍സിലര്‍മാര്‍ പോലും അറിയാതെ ഒരു പാര്‍ട്ടിക്കാര്‍ മാത്രം പണം കൈകാര്യം ചെയ്യുകയാണെന്നായിരുന്നു പ്രധാന ആരോപണം. എല്ലാവരിലും പെന്‍ഷന്‍ എത്തുന്നില്ല, ചിലര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തി. ഡെപ്പോസിറ്റ് കലക്ടര്‍മാരല്ല പലര്‍ക്കും പെന്‍ഷന്‍ എത്തിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില ര്‍മാരായ നമ്പിടി നാരായണന്‍, സതീഷ്‌കുമാര്‍, ഇ. പ്രശാന്ത്കുമാര്‍, അനില്‍കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ സി. അബ്ദുറഹിമാന്‍, കുഞ്ഞാമുട്ടി, പി. ഉഷാദേവി, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, കെ.സി. ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു. ഓണത്തിന് മുമ്പെങ്കിലും എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം നേരിടുന്നുണ്ടെന്നും അതു പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. നഗരസഭയുടെ 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതുമായി ബന്ധപ്പെട്ട് പി. കിഷന്‍ചന്ദ് നടത്തിയ പ്രസ്താവനയ്ക്ക്, മേയര്‍ സെക്രട്ടറിയോട് മറുപടി ആവശ്യപ്പെട്ടത് കൂടുതല്‍ ബഹളത്തിന് കാരണമായി. സെക്രട്ടറി നല്‍കിയ മറുപടി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ആരോപണവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ഇതോടെ സെക്രട്ടറി പറഞ്ഞതാണ് യാഥാര്‍ത്ഥ്യമെന്ന അഭിപ്രായവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഈ വര്‍ഷത്തെ പദ്ധതികള്‍ മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകു മെന്നതിനാല്‍ പല പദ്ധതികളും വെട്ടികുറച്ചതായും ഡിപിസി അംഗീകാരത്തിന് അയക്കുമുമ്പ് കൗണ്‍സിലര്‍മാരെ അറിയിച്ചില്ലെന്നും പി. കിഷന്‍ചന്ദ് ആരോപിച്ചു. സെക്രട്ടറി മറുപടി പറഞ്ഞപ്പോള്‍ നഗരസഭ ഒരു രൂപപോലും ചെലവഴിച്ചില്ലെന്നായി. ഇതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ചോദ്യംചെയ്തു. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന സെക്രട്ടറി കൗണ്‍സിലിനെ മനപൂര്‍വം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതോടെ യോഗത്തില്‍ തര്‍ക്കമായി. അടുത്ത കൗണ്‍സിലിനു മുമ്പ് ഇതു സംബന്ധിച്ച് സ്ഥിതിവിവര കണക്ക് സമര്‍പ്പിക്കണമെന്ന് മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി നഗരസഭാ പരിധിയിലെ 62 സ്‌കൂളുകളില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അറിയിച്ചു. പദ്ധതിക്കായി കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയാണ് ചെലവഴിക്കുക. ഇതുസംബന്ധിച്ച് സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച യോഗം 20ന് നടക്കും. ഒക്ടോബര്‍ മുതല്‍ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ 106 അജണ്ടകള്‍ പാസാക്കി. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. സുരേഷ് ബാബു, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത്, നവ്യ ഹരിദാസ്, മുല്ലവീട്ടില്‍ മൊയ്തീന്‍, എം.എം. പത്മാവതി, കെ.വി. ബാബുരാജ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.