തെരുവ് നായ ആക്രമണം :കായംകുളത്ത് 11 പേര്‍ക്ക് പരിക്ക്

Saturday 10 September 2016 9:11 pm IST

കായംകുളം: കായംകുളത്ത് ഭീതിപരത്തി വീണ്ടും തെരുവ് നായ ആക്രമണം കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. പുതുപ്പള്ളി കൊട്ടാരത്തില്‍ കോട്ടയില്‍ അമ്മിണി ഡാനിയേല്‍ (50), കാട്ടില്‍ തെക്കതില്‍ ശാന്തികൃഷ്ണ (23), ഓലകെട്ടിയമ്പലം കൊട്ടാരത്തില്‍ ശ്രീദേവിയമ്മ (80), പെരിങ്ങാല പുതുക്കാട്ട് മേടയില്‍ ആദിത്യന്‍ (12), കണ്ണങ്കരയില്‍ ഗോപാലകൃഷ്ണന്റെ മകള്‍ ദേവീ പാര്‍വ്വതി (നാലര), ഇടശേരി പടീറ്റതില്‍ രവികുമാറിന്റെ മകള്‍ ഗ്രേഷ്മ (ഒമ്പത്), ഗോകുലത്തില്‍ മണിയന്‍ (65), വാഴപ്പള്ളി പടീറ്റതില്‍ സരസ്വതി (60), പേള അരുണ്‍ഭവനത്തില്‍ അരുണ്‍ (20), എരുവ വൃന്ദാവനത്തില്‍ വേലുക്കുട്ടിനായര്‍ (64), എറണാകുളം മണിയത്ത് വീട്ടില്‍ ബ്രണ്ടര്‍ (25) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അമ്മിണി, സരസ്വതി, വേലുക്കുട്ടിനായര്‍ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ കായംകുളം താലൂക്കാശുപത്രിയിലും ചികിത്സ തേടി. ഗ്രേഷ്മ വീടിനു മുന്നില്‍ തിണ്ണയില്‍ ഇരിക്കുമ്പോഴും ദേവീപാര്‍വ്വതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴുമാണ് കടിയേറ്റത്. വേലുക്കുട്ടിനായര്‍ ഒഴികെയുള്ളവരെ ഒരുനായയാണ് ആക്രമിച്ചത്. മമ്പറം പുഴയോരത്ത് താത്കാലിക കുടിലില്‍ കിടന്നുറങ്ങുകയായിരുന്നു നാടോടി സ്ത്രീക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കര്‍ണാടക ഹുണ്‍സൂര്‍ സ്വദേശിനി രാധ (40) യ്ക്കാണ് പരിക്കേറ്റത്. മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവരാണ് രാധയും കുടുംബവും. വര്‍ഷങ്ങളായി ഇവര്‍ പുറമ്പോക്കിലാണ് ജീവിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രാധയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായ്ക്കൂട്ടത്തില്‍ നിന്ന് രാധയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ രാധയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഖത്ത് കടിയെറ്റ രാധയുടെ ചുണ്ട് കടിച്ച് മുറിച്ച നിലയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.