കുട്ടികളെ കടത്തികൊണ്ടു വന്ന സംഭവത്തിലെ ദുരൂഹത അന്വേഷിക്കണം: എന്‍. ഹരി

Saturday 10 September 2016 10:01 pm IST

മുണ്ടക്കയം: തമിഴ്‌നാട്ടില്‍ നിന്നും കുമളി വഴി പാമ്പാടിയിലുള്ള സ്ഥാപനത്തിലേക്ക് പതിനൊന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നും, സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് കെഎസ്ആര്‍ടിസി ബസില്‍ ഒന്‍പത് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമായി മതിയായ രേഖകള്‍ ഇല്ലാതെ രണ്ടംഗ സംഘത്തെ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രി പന്ത്രണ്ട് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റിക്കാണ് ഉത്തരവാദിത്വമെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഓണാഘോഷം കാണിക്കാന്‍ കുട്ടികളെ കൊണ്ടുവരികയായിരുന്നുവെന്ന് ആദ്യം പറഞ്ഞത് തിരുത്തുകയും ചെയ്തു. സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇത്തരം സ്ഥാപനം ഉണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങളും രേഖകളും ബോദ്ധ്യപ്പെട്ട ശേഷമേ കുട്ടികളെ വിട്ടുകൊടുക്കാവു എന്നിരിക്കെ പോലീസ് തിടുക്കം കാട്ടിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും എന്‍. ഹരി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള പോലീസ് നടപടിയില്‍ ദുരൂഹതയുണ്ട്. കുട്ടികളെ രാത്രിയില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊണ്ടുവന്നവര്‍ക്കെതിരെ നിസാര വകുപ്പാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അത്യന്തം ഗൗരവമുള്ള ഈ വിഷയത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും എന്‍.ഹരി അവശ്യപ്പെട്ടു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.