അയ്യപ്പബാബു

Sunday 18 September 2016 6:59 am IST

ബാബുവിന്റെ നിലവറകള്‍ ഒന്നൊന്നായി തുറക്കുന്നതുകണ്ട് അന്തംവിട്ടിരിപ്പാണ് ഈ ഓണക്കാലത്ത് മലയാളികള്‍. ഒറ്റത്തവണ മന്ത്രിയായ ബാബു ഇതാണ് മൊതലെങ്കില്‍ ഇരുപത്തഞ്ചും അമ്പതും കൊല്ലത്തെ പാരമ്പര്യം കെട്ടിയാടുന്നവരുടെ ഇടപാടുകളുടെ വലിപ്പം എന്തായിരിക്കുമെന്ന അതിശയത്തുമ്പത്താണ് പൊതുജനം. അങ്കമാലിക്കാരന്‍ ബാബു തൃപ്പൂണിത്തുറയില്‍ വോട്ടുതെണ്ടല്‍ തൊഴിലാക്കിയിറങ്ങുമ്പോള്‍ ഒരു അയ്യോപാവം ലുക്കായിരുന്നു. അഞ്ചാംവട്ടം മൂക്കുംകുത്തി വീഴുംവരെയും ബാബു ആ പരിവേഷം കാത്തുസൂക്ഷിച്ചിട്ടുണ്ട്. നാണമില്ലാതെ കരയാനും, ഉളുപ്പില്ലാതെ നുണപറയാനും ബാബുവിന് നല്ല വശമാണ്. അമ്മാതിരി ഉഡായിപ്പുകളുടെ മറവിലാണ് ബാബുവിന്റെ ബിനാമിമാര്‍ നാടെമ്പാടും ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയത്. ശരീരഭാഷയില്‍ ഒരു അയ്യപ്പബൈജു കുടിയിരിപ്പുണ്ടെങ്കിലും ബാബു പാലേ കുടിക്കൂ. ലഹരിയുടെ ഏഴയലത്തേക്ക് പോകില്ല. അതും പോരാഞ്ഞ് പൂര്‍ണത്രയീശന്റെ തിരുമുമ്പിലാണ് സമസ്താപരാധം പറഞ്ഞ് കരയുന്നത്. ആര്‍ക്കാണ് ഈ പാവം ബാബുവിനെ കാണാതിരിക്കാനാവുക? വിജിലന്‍സ് ഡിജിപി ജേക്കബ് തോമസും കൂട്ടരും ബാബുവിന്റെയും മക്കളുടെയും കുടുംബക്കാരുടെയും നിലവറകളിലേക്ക് അന്വേഷണത്തിന്റെ ടോര്‍ച്ചുമായിറങ്ങിയപ്പോഴാണ് ബാര്‍ ബാബുവിന്റെ തനിനിറം കൂടുതല്‍ വ്യക്തമാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിവാഴ്ചക്കാലത്ത് ബാബുമാത്രം മാന്യനാകുന്നതെങ്ങനെ എന്ന ചോദ്യം ചര്‍ച്ചകളില്‍ കുരുങ്ങിയൊടുങ്ങി. ഗ്രൂപ്പ് വിമുക്ത കോണ്‍ഗ്രസും മദ്യവിമുക്തമായ കിണാശ്ശേരിയും സ്വപ്‌നം കണ്ടിറങ്ങിയ അന്തിക്കാടന്‍ ഗാന്ധിയുടെ കടുംപിടിത്തത്തില്‍ തൃപ്പൂണിത്തുറ സീറ്റില്‍ മത്സരിക്കാന്‍ പോലും മത്സരിക്കേണ്ടിവന്നു ബാബുവിന്. ഉമ്മന്‍ചാണ്ടിക്കൊപ്പം അഞ്ചാണ്ട് മന്ത്രിയായതിന്റെ ആഘോഷമാണിപ്പോള്‍ വിജിലന്‍സ് റെയ്ഡും മറ്റുമായി പൊടിപൊടിക്കുന്നത്. അടിച്ചുപിമ്പിരിയായി നാലുകാലിലാടിയിരുന്ന സര്‍ക്കാരാണ് അന്ന് സമ്പൂര്‍ണമദ്യനിരോധനം എന്ന നാടകമാടിയത്. സ്വന്തമായി ബാറുള്ള മന്ത്രിമാര്‍ മുതല്‍ മദ്യോല്‍പാദനത്തിന്റെയും വിതരണത്തിന്റെയും മൊത്തക്കുത്തകക്കാരായ പാര്‍ട്ടിനേതാക്കന്മാര്‍ വരെ ഇടവും വലവും ഇരിക്കുമ്പോഴായിരുന്നു ഉമ്മന്‍ചാണ്ടി അന്ന് കിണാശ്ശേരിയിലെ കുടിയന്റെ വേഷമണിഞ്ഞത്. പ്രശ്‌നം ബാര്‍ മന്ത്രി ബാബുവും സുധീരഗാന്ധിയും തമ്മില്‍ മാത്രമായിരുന്നില്ലെന്ന് ചുരുക്കം. മദ്യവിമുക്തമായ കിണാശ്ശേരി എന്നതുപോലെയാണ് ഗ്രൂപ്പ് വിമുക്തമായ കോണ്‍ഗ്രസ് എന്ന സുധീരന്റെ സ്ഥാനാരോഹണകാലത്തെ പ്രഖ്യാപനവും. ഗ്രൂപ്പ്, മദ്യം പോലെ കോണ്‍ഗ്രസുകാര്‍ക്ക് ലഹരിയാണ്. ഗ്രൂപ്പും ഗ്രൂപ്പിനും മേല്‍ ഗ്രൂപ്പുമായി ഗ്രൂപ്പുരഹിത കോണ്‍ഗ്രസ് നേതാവ് സുധീരന്‍തന്നെ തിമിര്‍ത്താടിത്തുടങ്ങുമ്പോള്‍ വീര്യംകൂട്ടാന്‍ മദ്യനയവും നല്ലതുതന്നെ. ഭ്രാന്ത് പിടിച്ച കുരങ്ങന്‍ കുടിച്ചു പിമ്പിരിയായാലുള്ള അവസ്ഥ. നിലവാരമില്ലാത്തതിന്റെ പേരില്‍ 418 ബാറുകള്‍ പൂട്ടണമെന്ന (സുധീരന്‍ ചോദിച്ചുവാങ്ങിയെന്ന് ബാര്‍മന്ത്രി ബാബു ആരോപിക്കുന്ന) വിധിയായിരുന്നു ചാണ്ടിയന്‍ ദര്‍ശനത്തിന്റെ വക്താക്കളെ അലട്ടിയത്. പറഞ്ഞുപറഞ്ഞ് സുധീരനൊഴിച്ചുള്ള കോണ്‍ഗ്രസുകാരെല്ലാം കുടിയന്മാരാണെന്ന ധാരണ ഉണ്ടായേക്കുമോ എന്ന ഘട്ടത്തിലായിരുന്നു കിണാശ്ശേരിയന്‍ പ്രഖ്യാപനവുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തുന്നത്. 418 മാത്രമല്ല തുറന്നിരിക്കുന്ന മുന്നൂറ്റിപന്ത്രണ്ടും പൂട്ടും. മദ്യം ഫൈവ് സ്റ്റാറില്‍ മാത്രം. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പത്തുശതമാനം വീതം കുറയ്ക്കും. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കും.... പ്രഖ്യാപനം നടത്തി ചുണ്ടുതുടച്ച് ചാണ്ടി മാന്യനായതോടെ ബാബുവിന് ഇരിക്കപ്പൊറുതിയില്ലാതായി. ആറ്റുനോറ്റുകിട്ടിയ മന്ത്രിസ്ഥാനത്തിന്റെ പകിട്ടില്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ ബിനാമികളാക്കി നാടൊട്ടുക്ക് കെട്ടിപ്പൊക്കിയ ബാര്‍, ബിയര്‍ സാമ്രാജ്യത്തിന്റെ മേലാണ് സുധീരനും ചാണ്ടിയും ചക്കളത്തിപ്പോര് നടത്തിയത്. എന്തായാലും അങ്കമാലിച്ചന്തയില്‍ മുറുക്കാന്‍ കട നടത്തിയിരുന്ന കുമാരന്റെ മകന്‍ ഇപ്പോള്‍ ഇരുപത്തഞ്ചാണ്ടുകാലത്തെ എംഎല്‍എ ജീവിതത്തില്‍ വിതച്ചതെല്ലാം കൊയ്‌തെടുക്കുകയാണ്. ബാബുറാം മുതല്‍ ക്രിമിനലിസം കൂടപ്പിറപ്പാക്കിയ ചില എക്‌സൈസ് ഗാര്‍ഡുമാര്‍വരെ ബാബുവിന്റെ ഭരണത്തില്‍ ജന്മിമാരായി. അത്തരം ഗാര്‍ഡുമാര്‍ സ്ഥലംമാറ്റങ്ങള്‍ നിയന്ത്രിച്ചു. ഉന്നതോദ്യോഗസ്ഥരെ വിരട്ടി. ബിനാമിമാരുടെ പെരുക്കംകൊണ്ട് ഒറിജിനലേത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്നറിയാന്‍ പാടില്ലാത്ത അവസ്ഥയായി. റിയല്‍ എസ്റ്റേറ്റ് മാഫിയയേക്കാള്‍ ഭീകരമായിരുന്നു എംഎല്‍എ ബാബുവിന്റെ ഭൂമി ഇടപാടുകളെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പഞ്ചനക്ഷത്രഹോട്ടലുകളും വമ്പന്‍ ഫ്‌ളാറ്റുകളും മുതല്‍ ടോള്‍ബൂത്ത് വരെ ബാബുവിന്റെ മെലിഞ്ഞ ശരീരത്തിന്റെ മറവില്‍ ഒളിച്ചുവെയ്ക്കപ്പെട്ടു. അനുജന്‍ ഷാജി ഉള്‍പ്പെട്ട കള്ളനോട്ടുകേസ് മായ്ച്ചുകളഞ്ഞതിന്റെ കറുത്തപാടിനുമുകളിലാണ് ഖദറിട്ട് ബാബു പാലുമാത്രം കുടിക്കുന്ന പാവം ഗാന്ധിയന്റെ വേഷം കെട്ടിയത്. നിയമത്തെ തന്റെ വഴിക്കുനിര്‍ത്താനും മറികടക്കാനും ബാബുവിനുള്ള വിരുത് ഓരോന്നായി പുറത്തുവരുകയാണ്. കൊല്ലത്തെ കടപ്പുറത്ത് ബിയര്‍പാര്‍ലറിന് അപേക്ഷിച്ചയാള്‍ക്ക് നിയമം ഉടക്കായി. പ്രദേശം ടൂറിസം കേന്ദ്രമല്ലാത്ത സ്ഥിതിക്ക് ബിയര്‍പാര്‍ലറിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു ചട്ടപ്രകാരമുള്ള മറുപടി. മുന്‍ സര്‍ക്കാരുകള്‍ തള്ളിക്കളഞ്ഞ അപേക്ഷ ബാര്‍മന്ത്രിയായി ബാബു വന്നപ്പോള്‍ പൊടിതട്ടിയെടുത്തു. ബിയര്‍പാര്‍ലറിന് അനുമതി തേടി വന്ന ആളില്‍നിന്ന് കടപ്പുറം ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ എഴുതി വാങ്ങി. പിന്നാലെ പാര്‍ലറുമെത്തി. അതാണ് ബാബു. ആകാശത്തിന് ഭൂമി എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി കരമൊടുക്ക് രസീത് കാണിക്കാന്‍ പ്രാപ്തിയുള്ളവന്‍. കോടതിയും നാട്ടുകാരും ചേര്‍ന്ന് ബാബുവിനെ മന്ത്രിക്കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഒടുവില്‍ പേരിനൊരു രാജി എഴുതി ചാണ്ടിക്ക് നല്‍കി തൃപ്പൂണിത്തുറയിലെ തീയറ്ററില്‍ സെക്കന്‍ഡ്‌ഷോയ്ക്ക് 'പാവാട' കാണാനെത്തിയ ബാബു പറഞ്ഞത് മന്ത്രിയായിരിക്കെ താന്‍ ഇരുപത്തിനാലുമണിക്കൂറും പണിയെടുത്തു എന്നാണ്. താന്‍ ചോദിച്ചുവാങ്ങിയതല്ല ബാര്‍ വകുപ്പെന്ന് ആയിരുന്നു ബാബുവിന്റെ വിശദീകരണം. ദാരിദ്ര്യത്തിലമര്‍ന്നുപോയ ബാര്‍ ഉടമകള്‍ക്കും ബാര്‍ പൂട്ടിയതുമൂലം തൊഴില്‍ നഷ്ടം വന്നുവെന്ന് പറയപ്പെടുന്ന രണ്ട് ലക്ഷം ജീവനക്കാര്‍ക്കും ഉഴിഞ്ഞുവച്ചതാണ് ഈ അങ്കമാലിക്കാരന്റെ ജീവിതം. ബാബുവിന്റെ ശരീരഭാഷയില്‍ അയ്യപ്പബൈജു കുടിയിരിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാര്‍തന്നെ അടക്കം പറയുന്നത് പണ്ടേക്കുപണ്ടേ അതുവഴിക്കുള്ള വലിവ് പരിഗണിച്ചുകൂടിയാണ്. തൃപ്പൂണിത്തുറയിലെ റോഡുകളില്‍ ഗട്ടറുകള്‍ സൃഷ്ടിച്ച് ഗട്ടറുകള്‍ നികത്തുന്ന മാസ്മരിക വിദ്യയുടെ ബലത്തില്‍ പലതവണ എംഎല്‍എ ആയ ആളാണ് ബാബു. നാട്ടിലെങ്ങും ചാരായം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തുപോലും കമാ എന്നുരിയാടിയിട്ടില്ല. സര്‍വസാധാരണക്കാരന്റെ ആശ്വാസമായിരുന്നു എന്നും ബാബുവിന്റെ ഉന്നം. മന്ത്രിയാകാന്‍ ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ബാര്‍ വകുപ്പ് കൈവന്നതായിരുന്നു പരമാനന്ദം. വിജിലന്‍സ് തുറന്നത് അഴിമതി മലയുടെ ആദ്യകവാടം മാത്രമാണ്. ബാബുവില്‍ തുടങ്ങി മാണിവഴി ചാണ്ടിയിലേക്ക് അധികദൂരമില്ലെന്ന ആശങ്കയില്‍ ഇപ്പൊഴേ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് മൂര്‍ച്ച കൂടിത്തുടങ്ങിയിട്ടുണ്ട്.