പാക്കിസ്ഥാനും ബലൂചും

Sunday 11 September 2016 12:32 pm IST

പാകിസ്ഥാന്റെ മൊത്തം ഭൂപ്രദേശത്തിന്റെ 44 ശതമാനം വരുന്ന ബലൂചിസ്ഥാന്‍ പ്രശ്‌നത്തോട് ബന്ധപ്പെടുത്തി ആദ്യമായി പരസ്യപ്രസ്താവന നടത്തിയ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ആശയത്തെ ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് ഖാലില്‍ ബലോച് തുടങ്ങിയ നേതാക്കള്‍ സ്വാഗതം ചെയ്തു. അവിടുത്തെ നല്ലൊരു വിഭാഗം ജനങ്ങളും ഭാരത പ്രധാനമന്ത്രിയുടെ ആഗസ്റ്റ് 15 ലെ ആഹ്വാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തിപ്പിടിച്ച് ഭാരതത്തിനെതിരെ പോരാട്ടത്തിനിറങ്ങിയിട്ടുള്ള പാകിസ്ഥാന് കിട്ടിയ തിരിച്ചടിയായാണ് നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ ലോകസമൂഹം കാണുന്നത്. പാക് അധീന കാശ്മീരും, മൊഹാജീര്‍ സ്വാധീന മേഖലകളും, ബലൂച് പ്രവിശ്യകളും മനുഷ്യാവകാശ ലംഘനത്തിന്റെ കുരുതിക്കളങ്ങളാണ്. ഭാരതപ്രധാനമന്ത്രിയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടുവന്ന ബലോചി നേതാക്കളുടെ കൂട്ടത്തില്‍ മുന്‍പ് പാക് സൈന്യം കൊലപ്പെടുത്തിയ ദേശീയ നേതാവ് നവാസ് അക്ബറിന്റെ കൊച്ചുമകന്‍ ബ്രഹുംവലക്ക് ബുഗ്ടിയുമുണ്ട്. ജന്മഭൂമി ലേഖനത്തില്‍(നീതി തേടുന്ന മൊഹാജീര്‍ മുസ്ലിങ്ങള്‍ 1996 )ഈ ലേഖകന്‍ അവതരിപ്പിച്ച കണക്കനുസരിച്ച് നാല് കൊല്ലത്തിനിടയില്‍ പതിനേഴായിരം മൊഹാജീര്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തോളം പേര്‍ വീടും കൂടും നഷ്ടപ്പെട്ട് അപമാനിതരും അഭയാര്‍ത്ഥികളുമായതായി ചൂണ്ടിക്കാട്ടിയിരുന്നു. ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ എണ്ണം ലക്ഷക്കണക്കിനായിരുന്നു. 1996 ഏപ്രില്‍ 15 ന് മൊഹാജീര്‍ ക്വാമി മൂവ്‌മെന്റ് അധികൃതര്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ മൈക്കിള്‍ ഹിന്റ്‌ലയുടെ സഹായത്തോടെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച പരാതിയില്‍ ഇത്തരം കൂട്ടക്കൊലകളുടെയും കൊടുംക്രൂരതകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. ദേശീയതയും സംസ്‌കാരവുമൊക്കെയാണ് രാഷ്ട്രത്തിനടിസ്ഥാനമെന്ന തത്വമാണ് പാകിസ്ഥാന്റെ തകര്‍ച്ച വിളിച്ചോതുന്നത്. കേരള ബിജെപിയുടെ ഏറ്റവും ഒടുവിലായി നടന്ന സംസ്ഥാന സമ്മേളനം 1997 ല്‍ കോഴിക്കോട് വെച്ചായിരുന്നു. ഇന്ത്യന്‍ പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു അന്നത്തെ ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ ലേഖകന്‍ ജനറല്‍ കണ്‍വീനറായിരുന്നു. പ്രസ്തുത സമ്മേളനത്തിന്റെ മുന്നോടിയായി ഒന്‍പത് ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പര നടന്നിരുന്നു. 'വിഭജനത്തിന്റെ നൂറ്റാണ്ടും ദേശീയത നേരിടുന്ന വെല്ലുവിളികളും' എന്നതായിരുന്നു ആ സംവാദത്തില്‍ ചര്‍ച്ച ചെയ്ത വിഷയം. പി.പരമേശ്വര്‍ജി, പ്രൊഫ: ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവരും മുസ്ലിം സംഘടനാ പ്രതിനിധികളടക്കം ഒട്ടേറെപ്പേര്‍ പ്രസ്തുത വിഷയം ചര്‍ച്ച ചെയ്തു എന്നുള്ളതായിരുന്നു അതിന്റെ പ്രത്യേകത. ഭാരത വിഭജനത്തിന് കളമൊരുക്കിയ 'സര്‍വ്വേന്ത്യാലീഗ്' രൂപീകരിച്ച് 90 കൊല്ലം തികയുന്ന ദിവസത്തിലായിരുന്നു സംവാദത്തിന് തുടക്കമിട്ടത്. ഭാരതം അമ്മയാണെന്നും ആസേതു ഹിമാചലം നാം ഒരൊറ്റ രാഷ്ട്രമാണെന്നും ഭാരതാംബയ്ക്കുവേണ്ടി മക്കള്‍ ഏക മനസ്സോടെ ഒത്തുപ്രവര്‍ത്തിക്കണമെന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം. ബ്രിട്ടീഷുകാര്‍ കരംപിരിക്കാന്‍ വേണ്ടി കൂട്ടിച്ചേര്‍ത്ത ഭൂപ്രദേശത്തെയാണ് ചിലര്‍ ഭാരതാംബയെന്ന് വിളിക്കുന്നതെന്ന മുസ്ലിംലീഗ് ചരിത്ര പുസ്തകത്തിലെ പരാമര്‍ശവും ദേശീയതയെ തകര്‍ക്കാനുള്ള ലണ്ടനിലെ പാന്‍ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ആഹ്വാനവും സംവാദ വിഷയം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളില്‍പ്പെട്ടിരുന്നു. പ്രസ്തുത ബിജെപി സമ്മേളനത്തിലെ സംവാദം പുസ്തകരൂപത്തില്‍ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ചതില്‍ ഇപ്രകാരം വിഭജനത്തിന്റെ നൂറ്റാണ്ടിനോട് ബന്ധപ്പെടുത്തിയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുകയും തക്ക മറുപടി നല്‍കുകയും ചെയ്തു. ഭാരതം ചിരപുരാതനമായ ഏകരാഷ്ട്രമാണെന്ന സത്യം ചര്‍ച്ച ഉയര്‍ത്തിക്കാട്ടിയിരുന്നു. ദ്വിരാഷ്ട്രവാദവും പാകിസ്ഥാന്‍ രൂപീകരണവും തെറ്റും അശാസ്ത്രീയവും നിലനില്‍ക്കാന്‍ പാടില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടാനാണ് ചര്‍ച്ചായോഗം ശ്രമിച്ചത്. പ്രസ്തുത സംരംഭത്തിന് വന്‍വാര്‍ത്താ പ്രാധാന്യവും കാലിക പ്രാധാന്യവും ലഭിച്ചിരുന്നു. പിന്നീട് ഈ വിഷയത്തെക്കുറിച്ച് തുടര്‍ചര്‍ച്ചകളുണ്ടായില്ല. പ്രസ്തുത സംവാദത്തില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച പ്രബന്ധത്തിലെ ചില ഖണ്ഡികകള്‍ ഇപ്പോഴും കാലിക പ്രാധാന്യമുള്ളതായതിനാല്‍ ഇവിടെ കൊടുക്കുന്നു. ''സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ പുഞ്ചിരിച്ചു ജീവത്യാഗം ചെയ്ത എത്രയോ ദേശസ്‌നേഹികളുടെ ഗര്‍ഭഗൃഹത്തിലെ പൂജാവിഗ്രഹമായിരുന്നു ഭാരതാംബ. ബ്രിട്ടീഷ് സിംഹാസനത്തിന്റെ അകത്തളങ്ങളില്‍ മാറ്റൊലികൊള്ളുന്നവിധം ആകാശം പൊട്ടുമാറുച്ചത്തില്‍ 'ഭാരതമാതാ കീ ജയ്' എന്നാര്‍ത്തുവിളിച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമരസേനാനികള്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ മാര്‍ച്ചുചെയ്തത്. പക്ഷേ ഇപ്പോള്‍ മുസ്സിംലീഗിന്റെ കാഴ്ചപ്പാടില്‍ വിഭജനം ന്യായീകരിക്കപ്പെടുന്നു! ഭാരതാംബ അപമാനിതയാകുന്നു! ഈ രാജ്യം കരംപിരിക്കാനുള്ള സൗകര്യത്തിനുവേണ്ടി കൂട്ടിച്ചേര്‍ത്ത ഭൂപ്രദേശമായി ചിത്രീകരിക്കപ്പെടുന്നു.'' (അവലംബഗ്രന്ഥം-മുസ്ലിംലീഗ് ദശാസന്ധികളിലൂടെ) മുസ്ലിംലീഗിന്റെ ചരിത്രം എം.സി. വടകര തയ്യാറാക്കി അവരുടെ മുഖപത്രം പ്രസിദ്ധീകരിച്ചതിലെ വിവരണങ്ങള്‍ നോക്കുക:''ഇന്ത്യയുടെ വിഭജനം എന്ന ആശയം ഏതോ ഒരര്‍ദ്ധരാത്രിയില്‍ ആകാശത്തുനിന്നു പൊട്ടിവീണ അത്ഭുതസൂനമല്ല. ആ ആശയത്തിന്റെ വേരുതേടി 'ആലീസിന്റെ അത്ഭുത' ലോകത്തിലേക്കൊന്നും പോകേണ്ടതുമില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികാസപരിണാമഘട്ടങ്ങളുടെ സമൂര്‍ത്തമായ ഒരു വഴിത്തിരിവില്‍ സംഭവിക്കേണ്ടിയിരുന്ന ഒരനിവാര്യതയായിരുന്നു വിഭജനം. രാഷ്ട്രശരീരത്തെ വെട്ടിമുറിക്കല്‍, ഭാരതാംബയെ കുത്തിമലര്‍ത്തല്‍ എന്നിങ്ങനെയുള്ള കടുത്ത പ്രയോഗങ്ങളുമായി ആ സംഭവത്തോട് വൈകാരികമായ ഒരു സമീപനം വെച്ചുപുലര്‍ത്തേണ്ടതില്ല. കാരണം, ബ്രിട്ടീഷുകാര്‍ കരംപിരിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഒന്നിച്ചു നിര്‍ത്തിയ ഒരു ഭൂപ്രദേശത്തെയാണ് ചിലര്‍ ഇപ്പോഴും ഭാരതാംബയെന്ന് വിളിക്കുന്നത്.'' ഇതായിരുന്നു വിഭജനത്തിനു കളമൊരുക്കിയ പാര്‍ട്ടിയുടെ നിലപാട്. ഈ കാഴ്ചപ്പാടിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങിയത്. ഇതിനെയാണ് ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശമായി ജിന്ന ഉയര്‍ത്തിക്കാട്ടിയത്. ഇതുകൊണ്ടാണ് ഭാരതമാതാ കീ ജയ് എന്നു വിളിക്കാന്‍ കമ്യൂണിസ്റ്റ്-ലീഗ് പ്രവര്‍ത്തകര്‍ വിമുഖത കാട്ടിയത്. ദേശീയ പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നേറ്റത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കാനും, ദേശീയതയോടൊപ്പം നിന്നിരുന്ന മുസ്ലിം നേതാക്കളെ മതദ്രോഹികളായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനും ന്യൂനപക്ഷവാദക്കാര്‍ എത്രമാത്രം പരിശ്രമിച്ചിരുന്നു എന്ന കാര്യം മുഹമ്മദാലി ജിന്ന കോണ്‍ഗ്രസ് പ്രസിഡന്റ് 'അബ്ദുള്‍ കലാം ആസാദിനയച്ച മറുപടി സന്ദേശത്തില്‍ പറഞ്ഞതിപ്രകാരമാണ്: 'നിങ്ങളുടെ കമ്പിസന്ദേശം ലഭിച്ചു. തിരിച്ച് രഹസ്യം പാലിക്കാന്‍ എനിക്ക് കഴിയില്ല. മുസ്ലിം ഇന്ത്യയുടെ വിശ്വാസം നിങ്ങള്‍ പൂര്‍ണ്ണമായും അടിയറവെച്ചസ്ഥിതിക്ക് എഴുത്തുകുത്തു മുഖേനയോ മറ്റോ നിങ്ങളുമായി ചര്‍ച്ച നടത്താന്‍ ഞാന്‍ തയ്യാറില്ല. കോണ്‍ഗ്രസ്സിന് ദേശീയനിറം നല്‍കാനും വിദേശരാജ്യങ്ങളെ വഞ്ചിക്കാനും നിങ്ങളെ ഒരു മുസ്സീം 'കാഴ്ചപണ്ടം' കോണ്‍ഗ്രസ് പ്രസിഡന്റാക്കിയതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലേ? നിങ്ങള്‍ ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ പ്രതിനിധാനം ചെയ്യുന്നില്ല. കോണ്‍ഗ്രസ്സ് ഒരു ഹൈന്ദവ സംഘടനയാണ്. നിങ്ങള്‍ക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ ഉടനെ രാജിവെക്കുക. ഇതിനകം നിങ്ങള്‍ ലീഗിനെതിരെ ഏറ്റവും മോശമായി പ്രവര്‍ത്തിച്ചു കഴിഞ്ഞു. നിങ്ങള്‍ക്കറിയാം നിങ്ങളതില്‍ ആശക്കുവകയില്ലാത്തവിധം പരാജയപ്പെടുകയായിരുന്നു. അതുപേക്ഷിച്ചേക്കുക'' മുസ്ലിംലീഗിന്റെ ദേശദ്രോഹപരമായ കാഴ്ചപ്പാട് സ്വതന്ത്ര ഭാരതത്തില്‍ പ്രത്യേകിച്ചും മുസ്ലിം ജനസാമാന്യത്തിന്റെ ഇടയില്‍ ഇപ്പോഴും പ്രചരിപ്പിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നു എന്നതാണ് മേലുദ്ധരിച്ച പ്രസിദ്ധീകരണംവഴി വെളിവായിട്ടുള്ളത്. 'ജനാധിപത്യവും മതേതരത്വവും അനിസ്ലാമികമായതിനാല്‍ അംഗീകരിക്കാനാവില്ല-മില്ലി പാര്‍ലമെന്റ്'' എന്നൊരു വാര്‍ത്ത 22-1-96 നു പല പ്രമുഖ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. തിങ്കളാഴ്ച പാറ്റ്‌നയില്‍ സമാപിച്ച മുസ്ലിം മില്ലി പാര്‍ലമെന്റില്‍ പങ്കെടുത്ത ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മൂവ്വായിരത്തോളം പ്രതിനിധികള്‍ കൂട്ടായിട്ടെടുത്ത തീരുമാനങ്ങള്‍ പത്രങ്ങള്‍ക്കു നല്‍കിയതാണ് മേലുദ്ധരിച്ച തലവാചകത്തില്‍ അവര്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന പാറ്റ്‌നയിലെ ശ്രീകൃഷ്ണഹാള്‍ മുഖ്യമന്ത്രി ലാലുപ്രസാദിന്റെ പ്രത്യേക അനുമതി പ്രകാരം ഇസ്ലാമിക പാര്‍ലമെന്റ് കൂടാന്‍ നല്‍കുകയാണുണ്ടായത്. മുസ്ലിങ്ങള്‍ അല്ലാത്തവരുടെ നേതൃത്വം സ്വീകരിക്കുന്നത് മുസ്ലീങ്ങള്‍ക്ക് ഹറാമായതിനാല്‍ മുസ്ലിം ഇതര രാഷ്ട്രീയത്തില്‍നിന്നും ഭാരതത്തിലെ മുസ്ലിങ്ങളെ മോചിപ്പിക്കണമെന്ന് സമ്മേളനം പ്രതിജ്ഞയെടുത്തതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു. 'രാജ്യത്തെ 122 സൈനീകൃത സ്വയംഭരണ സ്റ്റേറ്റുകളാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മുസ്ലിങ്ങള്‍ക്ക് പ്രത്യേക ഇലക്ട്രല്‍ സംവിധാനവും സംവരണവും വേണമെന്നും മില്ലി പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷതയുടെ പേരില്‍ ഭൂരിപക്ഷ സമുദായത്തിന്റെ സംസ്‌കാരം മുസ്ലിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതായും യോഗം കുറ്റപ്പെടുത്തിയെന്ന് പത്രറിപ്പോര്‍ട്ടില്‍ കാണുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി (1997) 'സിമി'യുടെ പേരില്‍ ദേശീയതയെ തകര്‍ക്കുക, ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്ന ആപത്കരമായ മുദ്രാവാക്യം വ്യാപകമായി എഴുതിവച്ചിരിക്കുന്നു. പരമാധികാരം എന്ന സങ്കല്‍പ്പത്തെ വ്യാഖ്യാനിച്ചു ഭരണഘടനയുടെ പരമാധികാരം അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്നും മറിച്ച് അത് ദൈവ നിയമത്തിനുമാത്രം വിധേയമാണ് എന്നും ചില മുസ്ലിം പണ്ഡിതമ്മാര്‍ ഇപ്പോള്‍ വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. 1994 ആഗസ്റ്റില്‍ ലണ്ടനില്‍ ചേര്‍ന്ന അന്താരാഷ്ട്ര മുസ്ലിം ഖിലാഫത്ത് കോണ്‍ഫറന്‍സാണ് ലോകത്തെമ്പാടും മുസ്ലിങ്ങള്‍ ഏകരാഷ്ട്രമാകണമെന്നും ഏകഭരണാധിപനെ അംഗീകരിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുള്ളത്. 52 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മുസ്ലിങ്ങള്‍ ദേശീയതയുടെ അതിരുകള്‍ ഭേദിച്ചു പുറത്തുവരികയും ഖിലാഫത്തിന്റെ ഭരണം അംഗീകരിക്കുകയും വേണമെന്നാണ് ലണ്ടന്‍ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. (ടൈംസ് ഓഫ് ഇന്ത്യ 7.8.94). ഈ പശ്ചാത്തലത്തിലാണ് കശ്മീര്‍ ഹുരിയത്ത് കോണ്‍ഫറന്‍സും 'സിമി'യും മറ്റും ദേശീയതയെ തകര്‍ക്കാനും ഖിലാഫത്ത് പുനഃസ്ഥാപിക്കാനും വാദിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദേശീയതയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും തനിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനുപകരം അതിനെ ശിഥിലമാക്കാനുതകുന്ന പ്രവണതകളാണ് പ്രോത്സാഹിക്കപ്പെട്ടുവരുന്നത്. ഈ വിഘടനശ്രമങ്ങള്‍ക്കെതിരെ മുസ്ലിം സമുദായത്തിനിടയില്‍നിന്നുതന്നെ പ്രതിഷേധം ഉയരത്തക്കവിധമുള്ള ബോധവര്‍ക്കരണശ്രമങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ കക്ഷിരാഷ്ട്രീയത്തിന്റെ ലാഭനഷ്ടം ലാക്കാക്കിയുള്ള സമീപനം ഭാരത ദേശീയതയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രവും, മുസ്ലിം മതരാഷ്ട്രീയവാദികളുടെ വിഘടനശ്രമങ്ങളും, ദേശീയവാദികളുടെ നിസ്സംഗതയും, അവസരവാദികളുടെ ഇടപെടലുമാണ് രാഷ്ട്രവിഭജനത്തിന് കാരണമായത്. വിഭജനം ഒരു മനഃസ്ഥിതിയേയും വികാരത്തേയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്. ഈ മനഃസ്ഥിതിയും വികാരവും തളര്‍ത്തുക എന്നതാണ് മറ്റൊരു വിഭജനത്തിന്റെ ചിന്തയില്‍നിന്നും മോചിതരാകാനുള്ള വഴി. (1997 വിഭജനത്തിന്റെ നൂറ്റാണ്ട് പേജ് 38- ബിജെപി പ്രസിദ്ധീകരണം). വിഭജനത്തില്‍ ആകൃഷ്ടരായി ഇസ്ലാമിക സ്വര്‍ഗ്ഗരാജ്യം തേടി പാക്കിസ്ഥാനിലേക്ക് പോയവര്‍ നേരിട്ട ദുരന്തങ്ങളില്‍നിന്നും ഭാരതത്തിലെ കപട മതേതരക്കാര്‍ പാഠം പഠിക്കേണ്ടിയിരിക്കുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മൊഹാജീര്‍ മുസ്ലിങ്ങളും കിഴക്കന്‍ ബംഗ്ലാദേശിലെ ബിഹാരി മുസ്ലിങ്ങളും എന്തുകൊണ്ട് വേട്ടയാടപ്പെട്ടു എന്നതിന്റെ പൊരുള്‍ കണ്ടെത്താന്‍ ഇനിയെങ്കിലും ശ്രമങ്ങളുണ്ടാവണം. എന്തുകൊണ്ട് പാക്കിസ്ഥാന്‍ രണ്ടായി വിഭജിക്കപ്പെട്ടു എന്നതിന് ഉത്തരം കണ്ടെത്തണം. അതിര്‍ത്തി ഗാന്ധിയുടെ നാടായ ബലൂചിസ്ഥാനിലെ ജനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കായി ഭാരത പ്രധാനമന്ത്രിക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന അവസ്ഥ എന്തുകൊണ്ട് ഉണ്ടായി? സൂര്യനസ്തമിക്കാത്ത ബ്രിട്ടനും വര്‍ണ്ണരഹിതമെന്ന് അവകാശപ്പെട്ട സോവിയറ്റ് യൂണിയനും തകര്‍ന്ന 20-ാം നൂറ്റാണ്ടില്‍ ഭാരതത്തെ വിഭജിച്ചവരുടെ തെറ്റുകള്‍ ഇവിടെ ആവര്‍ത്തിക്കാതിരിപ്പാന്‍ ഭാരത ജാഗരൂകരാവുകയാണുവേണ്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.