മുത്തൂറ്റ്: ആദായവകുപ്പ് ഒരാളെ ഒഴിവാക്കി

Sunday 11 September 2016 10:29 am IST

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനെ ആദായനികുതി വകുപ്പ് റെയ്ഡില്‍ നിന്നൊഴിവാക്കിയത്, ചെയര്‍മാന്‍ എം.ജി. ജോര്‍ജിന്റെ ചേരിയില്‍ സംശയം ഉണര്‍ത്തി. ആദായ നികുതിവകുപ്പിന് ഈ ഉദ്യോഗസ്ഥനാണോ വിവരം നല്‍കിയത് എന്നാണു സംശയം. ഈ ഉദ്യോഗസ്ഥന്‍ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടറിന്റെ ബിനാമിയാണെന്നും ചെയര്‍മാന്റെ ചേരി സംശയിക്കുന്നു. കെ.പി. യോഹന്നാന്‍ കഴിഞ്ഞാല്‍, നാട്ടില്‍ ഏറ്റവുമധികം ഭൂമി വാങ്ങിയ ആളാണ്, എല്‍എല്‍ബിയും എംബിഎയും പാസായ, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ, ഇദ്ദേഹം. 1998 ല്‍ ജോലി നേടിയ ഈ ഉദ്യോഗസ്ഥന്‍ പ്രതിസന്ധികളില്‍ സ്ഥാപനത്തെ കരകയറ്റിയ ആളാണ്. സ്വന്തം നാടായ തീക്കോയിയില്‍, വില്‍ക്കാനുള്ള ഭൂമിയെല്ലാം ഇദ്ദേഹം വാങ്ങിക്കഴിഞ്ഞു. ഫിനാന്‍സ് മാനേജര്‍ ഉമ്മന്‍ കെ. മാമ്മന്‍, ലേലത്തിന്റെ ചുമതലയുള്ള അന്ധകാരനഴി സ്വദേശി ശ്രീകാന്ത് ഷേണായ്, ടാക്‌സ് മാനേജര്‍ മനോജ് ജേക്കബ് എന്നിവരുടെ വീടുകള്‍ റെയ്ഡ് ചെയ്തിട്ടും, ആദായനികുതി വകുപ്പ് തീക്കോയിക്കാരനെ ഒഴിവാക്കിയപ്പോഴാണ് സംശയമുളവായത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുത്തൂറ്റ് ട്രാവല്‍ മാര്‍ട്ടില്‍ പ്രതിമാസം രണ്ടു ലക്ഷം രൂപ ശമ്പളത്തില്‍ ജോലിയുണ്ടായിരുന്നു.ബഹ്‌റൈനിലും ശ്രീലങ്കയിലും നിരന്തരയാത്ര നടത്തുന്ന ഇദ്ദേഹം, ശ്രീലങ്കയില്‍ ഒരു സ്വകാര്യ ബാങ്ക് മുത്തൂറ്റിനായി വാങ്ങുന്നതില്‍ പങ്കുവഹിച്ചു. ഇദ്ദേഹം പറഞ്ഞിട്ടാണ് ആവശ്യമില്ലാത്തത്ര ശാഖകള്‍ തുടങ്ങിയതെന്നും, ശാഖകള്‍ തുടങ്ങുമ്പോള്‍ പണം മാറുന്നുണ്ടെന്നും മുത്തൂറ്റിനുള്ളില്‍ സംസാരമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.