കുട്ടനാടന്‍ പാടശേഖരങ്ങളില്‍ മുഞ്ഞരോഗം പടരുന്നു

Sunday 11 September 2016 3:00 pm IST

എടത്വ: കുട്ടനാട്ടിലെ രണ്ടാം കൃഷിയിറക്കിയ ചമ്പക്കുളം, അമ്പലപ്പുഴ, ആലപ്പുഴ ബ്ലോക്കുകളിലെ കൃഷിഭവന്‍ പരിധിയില്‍ വരുന്ന പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം കണ്ടുവരുന്നതിനാല്‍ കൃഷി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ചമ്പക്കുളം പാട്ടത്തിവരമ്പിനകം, എടത്വ, ചുങ്കം, ഇടച്ചുങ്കം, പുത്തന്‍ വരമ്പിനകം, തായങ്കരി ചിറയ്ക്കകം, വടകര, തകഴി കൊല്ലനാടി, ചൂരവടി എന്നീ പാടശേഖരങ്ങളില്‍ മുഞ്ഞയുടെ ആക്രമണം കൂടുതലായി കാണുന്നുണ്ട്. കീട നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ള വിളക്ക് കെണികളില്‍ ചിറകുള്ള മുഞ്ഞയുടെ എണ്ണം സാധാരണയിലും കവിഞ്ഞ് കാണുന്നുണ്ട്. ഇതുമൂലം വരും ദിവസങ്ങളില്‍ കുട്ടനാട്ടിലെ മറ്റു സ്ഥലങ്ങളിലേക്കും മുഞ്ഞ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ഷകര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തണം. മുഞ്ഞയുടെ സാന്നിധ്യം കാണുന്ന സാഹചര്യത്തില്‍ അടിയന്തര നിയന്ത്രണത്തിനായി കൃഷിഭവനുമായോ മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവുമായോ നെല്ലു ഗവേഷണ കേന്ദ്രവുമായോ ബന്ധപ്പെടണം. കര്‍ഷകര്‍ കൃഷി വകുപ്പിന്റെയോ കാര്‍ഷിക സര്‍വകലാശാലയുടെയോ നിര്‍ദേശമില്ലാതെ യാതൊരു തരത്തിലുള്ള കീടനാശിനികളും പാടത്തു പ്രയോഗിക്കരുത്. കൃഷി വകുപ്പിന്റെ ശുപാര്‍ശ ഇല്ലാതെ ഡെല്‍റ്റാമെത്രീന്‍ ഇനത്തില്‍ പെട്ട കീടനാശിനി ഉപയോഗിക്കുന്നുണ്ട്. ഇതു മുഞ്ഞയുടെ വ്യാപന നിയന്ത്രണത്തിനു ഫലവത്തല്ല. ഇതുമൂലം മിത്രകീടങ്ങളുടെ ഉന്‍മൂലനത്തിനു കാരണമാകുന്നുണ്ട്. ഇതിനാല്‍ കര്‍ഷകര്‍ ഈ കീടനാശിനി പാടത്തു തളിക്കാന്‍ പാടില്ല എന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. മുഞ്ഞകള്‍ കൂട്ടം കൂടി ചെടിയുടെ ചുവട്ടില്‍ ഇരുന്നു നീരൂറ്റിക്കുടിക്കുന്ന സാഹചര്യത്തില്‍ സ്‌പ്രേ ലായനി നന്നായി ചുവട്ടില്‍ എത്തുന്ന രീതിയില്‍ പവര്‍ സ്‌പ്രേയറുകള്‍ ഉപയോഗിച്ചു സ്‌പ്രേയിങ് നടത്തണം. കുറ്റി പമ്പ് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 120 ലീറ്റര്‍ വെള്ളത്തില്‍ അത്രത്തോളം സ്‌പ്രേ ലായനി ഉപയോഗിച്ചു തളിക്കണം. പാടത്തു നെല്‍ചെടിയുടെ മൂന്നിലൊന്നു ഭാഗം നനയുന്ന വിധത്തില്‍ വെള്ളം കയറ്റിയശേഷം പൂര്‍ണമായും ഊറ്റിക്കളയുന്നതു നെല്‍ചെടിയുടെ പോളക്കുള്ളിലെ മുട്ടകളെ നശിപ്പിക്കുന്നതിനും നീരൂറ്റിക്കുടിക്കുന്ന മുഞ്ഞകളെ അകറ്റുന്നതിനും സാധിക്കും. ഇതിനു ശേഷം മരുന്നു തളിച്ചാല്‍ ഏറെ ഗുണകരമാകുമെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.