നാടും നഗരവും ഓണാവേശത്തില്‍; നഗരം ഗതാഗതക്കുരുക്കില്‍

Sunday 11 September 2016 10:52 pm IST

കോട്ടയം: നാടും നഗരവും ഓണാവേശത്തിലായതോടെ നഗരം ഗതാഗതക്കുരുക്കില്‍. നഗരത്തിലൂടെ കടന്നുപോകുന്ന ദേശീപാതയിലെ വാഹനങ്ങളുടെ തിരക്കും, സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളുടെ തിരക്കും മൂലം മണിക്കൂറോളം ഗതാഗതം നിലയ്ക്കുന്നു. ഓണത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഗതാഗതകുരുക്കഴിക്കാന്‍ കഴിയുന്നില്ല. കച്ചവട സ്ഥാപങ്ങള്‍ക്ക് മുന്നിലെ വാഹനപാര്‍ക്കിംഗ് പലപ്പോഴും നഗരത്തില്‍ ഗതാഗതകുരുക്കിന് കാരണമാകുന്നു. നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും ജനത്തിരക്കേറി. ഓണ വിപണി ലക്ഷ്യമിട്ട് മിക്ക വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വന്‍ ഓഫറുകളാണ് വ്യാപാരസ്ഥാപനങ്ങള്‍ നല്‍കുന്നത്. ഓണമോഫറുകളും ഡിസ്‌കൗണ്ട് മേളകളും ഓണസമ്മാനങ്ങളും ഒരുക്കി കച്ചവടക്കാര്‍ ആഴ്ചകള്‍ക്ക് മുമ്പ് വിപണിയില്‍ മത്സരം ആരംഭിച്ചിരുന്നു. ഓണത്തിരക്കിലമര്‍ന്ന നഗരത്തിലെ ഗതാഗതം താറുമാറായതോടെ ട്രാഫിക് നിയന്ത്രിക്കാനും പാര്‍ക്കിംഗ് പ്രശ്‌നങ്ങളുമായി പോലീസ് ഏറെ പാടുപെടേണ്ടി വരുന്നു. സ്‌കൂളുകളും കോളജുകളും ഓണം അവധിയിലേക്ക് പ്രവേശിച്ചതോടെ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കിലാണ് എല്ലാവരും. പച്ചക്കറി വിപണികളിലും നഗരത്തിലെ സ്വര്‍ണക്കടകളിലും തിരക്കേറി. മത്സര ബുദ്ധിയോടെ നഗരത്തിലെ നിരത്തുകള്‍ കയ്യടക്കി കച്ചവടസ്ഥാപനങ്ങള്‍ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് പാര്‍ക്കിംഗ് സ്ഥലമായി മാറ്റുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വമ്ബന്‍ ഓഫറുകളുമായി സൂപ്പര്‍ മാര്‍ക്കറ്റുകളും ഓണവിപണി ലക്ഷ്യമിട്ട് രംഗത്തുണ്ട്. പലചരക്ക് സാധനങ്ങളും പച്ചക്കറികളും വില കുറച്ച് നല്‍കാന്‍ മത്സരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ നഗരത്തിലുണ്ട്. എസ്എംഎസ് വഴി ഉപഭോക്താക്കളെ ദിവസവുമുള്ള ഓഫറുകള്‍ അറിയിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും സജീവമാണ്. സാധാരണക്കാര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ മത്സരം പലപ്പോഴും ആശ്വാസകരമാകുന്നു. എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ സാധാരണക്കച്ചവടക്കാരെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിലകുറവ് ഏറെ ബാധിക്കുന്നു. ഉത്രാടപ്പാച്ചലില്‍ മുങ്ങുന്ന നഗരത്തിലെ തിരക്കൊഴുവാക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. അതേസമയം വിവിധ സ്ഥാപനങ്ങളുടെ ഓണാഘോഷ പരിപാടികള്‍ നടന്നുവരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്കായി ഓണ കിറ്റുകളും സമ്മാനിച്ചുവരുന്നു. കുടംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നഗരത്തിലെ പല സ്ഥലങ്ങളിലും വിപണി തുറന്നിട്ടുണ്ട്. നാടന്‍ പച്ചക്കറി വിഭവങ്ങള്‍ വില കുറച്ച് ഇവിടെ നിന്നും വാങ്ങാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. സിവില്‍ സ്‌റ്റേഷനു മുന്നില്‍ കൈത്തറിയുടെ സ്റ്റാളുകളും, ടൌണ്‍ക്‌ളബ്ബില്‍ ഖാദിബോര്‍ഡിന്റെ സ്റ്റാളും ഓണത്തെ വരവേറ്റ് സജീവമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.