സര്‍ക്കാര്‍ ആശുപത്രിക്കെതിരായ ആരോപണം അന്വേഷിക്കും: ഡിഎംഒ

Tuesday 13 March 2012 12:46 am IST

മട്ടാഞ്ചേരി: സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സിസേറിയന്‍ വ്യാപകമാകുന്നതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുധാകര്‍ പറഞ്ഞു. കരാറടിസ്ഥാനത്തിലെത്തിയ ഗൈനക്കോളജിസ്റ്റും അനസ്തേഷ്യ ഡോക്ടറും സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച്‌ ഗര്‍ഭിണികളെ സിസേറിയന്‌ വിധേയമാക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. രണ്ട്‌ ദിവസത്തിനകം ആറിലേറെപ്പേരെയാണ്‌ ഡബ്ല്യു ആന്റ്‌ സി ആശുപത്രിയില്‍ സിസേറിയന്‍ നടത്തിയത്‌. ഇരു ഡോക്ടര്‍മാരും ദമ്പതികളാണെന്നും പറയുന്നു. പശ്ചിമകൊച്ചിയിലെയും വൈപ്പിന്‍, ഞാറയ്ക്കല്‍, അരൂര്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള മധ്യവരുമാനക്കാരടക്കമുള്ള ഗര്‍ഭിണികളാണ്‌ മട്ടാഞ്ചേരി ഡബ്ല്യുആന്റ്‌ സി ആശുപത്രിയിലെത്തുന്നത്‌. പ്രസവങ്ങള്‍ ഏറെ നടക്കാറുള്ള ഇവിടെ രണ്ട്‌ അനസ്തേഷ്യ ഡോക്ടര്‍മാര്‍ വേണമെന്നാണ്‌ നിര്‍ദ്ദേശം. എന്നാല്‍ കോണ്‍ട്രാക്ട്‌ അടിസ്ഥാനത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്‌. ഇദ്ദേഹം ലീവെടുത്താല്‍ ഗര്‍ഭിണികളെ മടക്കി അയക്കുകയാണ്‌ ചെയ്യുന്നത്‌. പകരം ഡോക്ടറെ നിയമിക്കണമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനിടെ സിസേറിയന്‍ വ്യാപകമാണെന്ന്‌ പരാതി നിലനില്‍ക്കെ ഗര്‍ഭിണികളെ മടക്കിവിടുന്നതായും പറയുന്നു. അനസ്തേഷ്യ ഡോക്ടര്‍ അവധിയായതിനാലാണ്‌ ഗര്‍ഭിണികളെ മടക്കി അയക്കുന്നത്‌. സാധാരണ പ്രസവത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ അതിനാവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്ന്‌ പരാതി ഉയര്‍ന്നുകഴിഞ്ഞു. സിസേറിയന്‍ ചെലവിന്റെ ആധിക്യത്താലുണ്ടാകുന്ന സാമ്പത്തികബാധ്യത സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ഗര്‍ഭിണികളെ തീരാദുരിതത്തിലാകുന്നതായും ബന്ധുക്കള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.