ഫ്ലാറ്റ്‌ തട്ടിപ്പില്‍പ്പെട്ടവര്‍ പണബാധ്യത മൂലം നട്ടംതിരിയുന്നു

Thursday 7 July 2011 12:06 am IST

കൊച്ചി: സംസ്ഥാനത്തെ ഫ്ലാറ്റ്‌ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ടവര്‍ അധിക ബാധ്യതയുടെ ആശങ്കയില്‍. ഫ്ലാറ്റുകള്‍ക്കായി ഭവനവായ്പക്ക്‌ വന്‍തുക പലിശ നല്‍കുന്ന അധികബാധ്യത ഏറെപ്പേരെയും അലട്ടുകയാണ്‌. വര്‍ഷങ്ങളായി വായ്പയ്ക്ക്‌ പലിശ നല്‍കുന്നവര്‍ നാണയപ്പെരുപ്പത്തിന്റെ പ്രതിഫലനമായി ഉയരുന്ന പലിശത്തുകയുടെ അധികബാധ്യതയും സ്വയം ഏല്‍ക്കേണ്ട ദുരവസ്ഥയിലാണ്‌. ഭവനസമുച്ചയ തട്ടിപ്പിന്റെ വ്യാപ്തി ഏറുന്നത്‌ ബാങ്കിംഗ്‌ മേഖലയിലും സ്വകാര്യ-സഹകരണ സാമ്പത്തിക സ്ഥാപനങ്ങളിലും ഭൂമി വിലയിലും ഏറെ തിരിച്ചടിക്ക്‌ കാരണമാകും. ഇത്‌ സംസ്ഥാനത്തെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. 'തല ചായ്ക്കാനൊരിടം' എന്ന സാധാരണക്കാരന്റെ ജീവിതാഭിലാഷത്തെ വിവിധ തലങ്ങളിലൂടെ ചൂഷണം ചെയ്യുന്ന ഭവനനിര്‍മാണ മേഖലയിലെ തട്ടിപ്പുകള്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്‌ അടിച്ചേല്‍പ്പിക്കുന്നത്‌. ഒഹരി-ഐടി കള്ളപ്പണ മേഖലയിലെ ഊഹക്കച്ചവടങ്ങളും വന്‍തോതിലുള്ള ആഡംബര ഭവനങ്ങളോടുള്ള ഭ്രമവുമാണ്‌ ഫ്ലാറ്റ്‌ തട്ടിപ്പിനിടയാക്കിയത്‌. നിഷ്ക്രിയമായ സര്‍ക്കാരും നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക ക്രയവിക്രയങ്ങളും നിയമങ്ങളെ നിഷ്ഫലമാക്കുന്ന സംവിധാനങ്ങളും അനധികൃത വരുമാനവും സാധാരണക്കാരനെ മുന്നില്‍ ഫ്ലാറ്റ്‌ തട്ടിപ്പിന്റെ ഇരകളാക്കി. ഒരുതുണ്ട്‌ ഭൂമിയില്‍നിന്ന്‌ ആകാശം വില്‍ക്കുന്ന വന്‍കിട ഭവനസമുച്ചയ നിര്‍മാതാക്കളെ തിരിച്ചറിയുവാന്‍ നിക്ഷേപകരായ സാധാരണക്കാര്‍ വൈകിയപ്പോള്‍ നഷ്ടപ്പെട്ടത്‌ കോടികളാണ്‌. ഒപ്പം ബാധ്യത വളരുകയും സ്വപ്നങ്ങള്‍ തകരുകയും ചെയ്തു. സംസ്ഥാനത്ത്‌ ഇതിനകം പരാതിയുമായെത്തിവര്‍ക്ക്‌ ഭവനസമുച്ചയ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്‌ 300 കോടിയിലേറെയാണെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പൊതു, സ്വകാര്യ/മേഖലാ ബാങ്കുകളില്‍ സഹകരണ, ഭവനനിര്‍മാണ സ്ഥാപനങ്ങളില്‍നിന്നുമായി വായ്പയെടുത്താണ്‌ ഭൂരിഭാഗം പേരും ഫ്ലാറ്റ്‌ നിര്‍മാതാക്കള്‍ക്ക്‌ തുക നല്‍കിയത്‌. നാണയശോഷണത്തിന്റെ കാലഘട്ടത്തെ കുറഞ്ഞ പലിശനിരക്ക്‌ നാണയപ്പെരുപ്പത്തിന്റെ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നപ്പോള്‍ പലര്‍ക്കും പലിശനിരക്ക്‌ ബാധ്യത വന്‍ തുകയായി വര്‍ധിക്കുകയും ചെയ്തു. ശരാശരി പത്തുലക്ഷം രൂപ ഭവനവായ്പയായി വാങ്ങിയ ഒരാള്‍ക്ക്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പലിശനിരക്കിലുണ്ടായ വര്‍ധനവിലൂടെ പ്രതിവര്‍ഷ നഷ്ടം 40,000 രൂപ മുതല്‍ 1,60,000 രൂപവരെയാണെന്നാണ്‌ പറയുന്നത്‌. ഭവനവായ്പയുടെ ഗുണഫലം അനുഭവിക്കുന്നതിന്‌ മുമ്പ്‌ സ്വപ്നങ്ങള്‍ തകരുകയും അധികബാധ്യത ഏറ്റെടുക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ്‌ ഫ്ലാറ്റ്‌ തട്ടിപ്പിനിരയായവര്‍ എത്തിപ്പെട്ടിരിക്കുന്നത്‌. ഭവന സമുച്ചയ നിര്‍മാണ മേഖലയുടെ കുതിപ്പ്‌ നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും ഭൂ മാഫിയകളെ വളര്‍ത്തിയപ്പോള്‍ ഭൂമി വിലയില്‍ 800 ഇരട്ടി വരെയാണ്‌ പലയിടങ്ങളിലും വിലവര്‍ധനയുണ്ടായത്‌. ഇത്‌ നാടിന്റെ നിര്‍മാണ-സാമ്പത്തിക മേഖലയില്‍ കോടികളുടെ ക്രയവിക്രയങ്ങള്‍ക്കാണ്‌ കളമൊരുക്കിയത്‌. രംഗത്ത്‌ മുന്‍പരിചയമില്ലാത്തവര്‍വരെ ഫ്ലാറ്റ്‌ നിര്‍മാതാക്കളായി തഴച്ചുവളര്‍ന്നു. കോടികള്‍ ഭൂമി വില്‍പ്പനയിലൂടെ ഒഴുകിയെത്തിയപ്പോള്‍ സര്‍ക്കാരും സംവിധാനങ്ങളും നിഷ്ക്രിയമായി ഒത്താശ ചെയ്തതോടെ ഭവനസമുച്ചയ തട്ടിപ്പ്‌ കേന്ദ്രങ്ങള്‍ക്ക്‌ അതൊരു അനുഗ്രഹമായി മാറുകയും ചെയ്തു. നിയന്ത്രണങ്ങളില്ലാതെ ഭവനവായ്പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഫ്ലാറ്റ്‌ തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ്‌ വായ്പ തിരിച്ചടവിന്റെ സാധ്യതകള്‍ പഠിക്കുകയാണിപ്പോള്‍. സാധാരണക്കാരന്‍ അനുഭവയോഗ്യമല്ലാത്ത വായ്പയുടെയും പലിശ നിരക്കിന്റെയും ബാധ്യതകളില്‍ മുങ്ങിത്താഴുമ്പോള്‍, തട്ടിപ്പ്‌ നടത്തിയവര്‍ കയ്യൊഴിയുമ്പോള്‍ യഥാര്‍ത്ഥ നിര്‍മാതാക്കളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോള്‍ തകരുന്നത്‌ നാടിന്റെ സാമൂഹ്യ സുരക്ഷയും സാമ്പത്തിക മേഖലയുമാണ്‌. എസ്‌.കൃഷ്ണകുമാര്‍