വാഷിങ്ടണ്‍: അടിമുതല്‍ മുടിവരെ പച്ചകുത്തിയപ്പോള്‍ അറുപത്തേഴുകാരി ഷാര്‍ലറ്റ് ഗുട്ടന്‍ബര്‍ഗ് കരുതിയില്ല ഗിന്നസ് ബുക്കില്‍ പേരുവരുമെന്ന്. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ പച്ചകുത്തിയ മുതിര്‍ന്ന വനിതയെന്ന ബഹുമതി ഇപ്പോള്‍ ഷാര്ലറ്റിനാണ്.
ഫ്ളോറിഡയില്‍നിന്നുള്ള എഴുത്തുകാരിയും വ്യക്തിത്വ പരിശീലകയുമായ ഷാര്‍ലറ്റിന്റെ ശരീരം തൊണൂറ്റൊന്നര ശതമാനവും പച്ചകുത്തിയതാണ്. വിവിധ വര്‍ണ്ണങ്ങളില്‍ വലിപ്പത്തിലുള്ള ചിത്രങ്ങള്‍.
പത്തുവര്‍ഷം മുമ്പാണ് ഷാര്‍ലറ്റ് പച്ചകുത്തല്‍ തുടങ്ങിയത്, 2016 ല്‍ത്തന്നെ ആദ്യ റെക്കോര്‍ഡ് നേടി, പച്ചകുത്തുന്ന ആദ്യ പ്രൊഫഷണല്‍. ”അതോടെ പച്ചകുത്തിനോടുള്ള കമ്പം കാട്ടുതീ പോലെ അവരുടെ ദേഹത്തു പടര്‍ന്നു,” ഗിന്നസ്ബുക്കധികൃതര് പറഞ്ഞു.
ഏറെക്കുറേ മുഴുവന്‍ ശരീരവും പച്ചകുത്തിക്കഴിഞ്ഞെങ്കിലും അതിനു പുറത്ത് എങ്ങനെ ഭംഗികൂട്ടാമെന്നാണ് ഷാര്‍ലറ്റ് ആലോചിക്കുന്നത്. അതിനു സ്വയം ചിലതൊക്കെ ചെയ്യുന്നുണ്ട്. തൊലിപ്പുറത്തെ ഈ കലാപ്രവര്‍ത്തനത്തിലൂടെ തനിക്ക് ഏറെപ്പേരുടെ ശ്രദ്ധനേടാനാവുന്നെന്ന് അവര്‍ പറയുന്നു.
ഷാര്‍ലറ്റിന്റെ നേട്ടത്തില്‍ ആഹ്ലാദിക്കുന്നുവെങ്കിലും അതത്ര കാര്യമല്ലെന്ന മട്ടില്‍ ഒരാളുണ്ട്; ജീവിത പങ്കാളി ചാള്‍സ് ഹെല്മ്കെ (75). ശരീരത്തില്‍ ഏറ്റവും കൂടുതല്‍ പച്ച കുത്തിയ മുതിര്‍ന്ന പുരുഷനെന്ന ഗിന്നസ് ബഹുമതി നേടിയ ആളാണ് ചാള്‍സ്. സൈന്യത്തില്‍നിന്ന് വിരമിച്ച ചാര്‍ളി, 1959-ല്‍ തുടങ്ങിയതാണ് പച്ചകുത്തല്‍. ശരീരത്തിന്റെ തൊണ്ണൂറ്റി മൂന്നേമുക്കാല്‍ ശതമാനം പച്ചകുത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: