കോഴിക്കോട്: കേരള രാഷ്ട്രീയത്തെ കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് മുക്തമാക്കുകയെന്ന ലക്ഷ്യം നേടാനാണ് ബിജെപിയുടെ മുന്നേറ്റമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
സപ്തംബര്‍ 23,24, 25 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സംസ്ഥാനതല പതാക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കല്ലായ് റോഡിലെ സ്വാഗത സംഘം ഓഫീസിനു മുന്പില് പതാകയുയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള രാഷ്ട്രീയം അതിവേഗം ബിജെപിക്ക് അനുകൂലമായി മാറുന്നു.
ഭരണ – പ്രതിപക്ഷ മുന്നണികള്‍ ജനങ്ങളില്‍ നിന്ന് അകലുകയാണ്. ഇടതു ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കേണ്ട കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ തകരുന്നു.
പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ്സ് സമ്പൂര്‍ണ്ണ പരാജയമായി മാറിക്കഴിഞ്ഞു. ഇടത് ഭരണമാകട്ടെ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കി ജനങ്ങളില്‍ നിന്ന് അകലുന്നു. നാടെങ്ങും അക്രമം നടക്കുന്നു. ജനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ വെറുത്തു തുടങ്ങി.
കേരളത്തിനാവശ്യം സമൂല രാഷ്ട്രീയ മാറ്റമാണ്. അതിന്റെ തുടക്കമാണ് ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് കുമ്മനം പറഞ്ഞു.
കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സി.കൃഷ്ണ കുമാര്‍, അഡ്വ. പി.സുധീര്‍, ജിലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, പി. ജിജേന്ദ്രന്‍ അഡ്വ.കെ.വി.സുധീര്‍, ടി.വി. ഉണ്ണികൃഷ്ണന്, സി.പി. വിജയകൃഷ്ണന് പ്രശോഭ് കോട്ടൂളി, അജയന് നെല്ലിക്കോട് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ 21000 ബുത്തുകളില്‍ ബിജെപി പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: