കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കണം: രാജ്നാഥ് സിങ്

Monday 12 September 2016 11:22 am IST

ന്യൂദല്‍ഹി: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലെ ജനജീവിതം സാധാരണഗതിയില്‍ ആക്കണമെന്ന് രാജ്‌നാഥ്‌സിങ് സുരക്ഷാ സേനക്ക് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇന്റലിജന്‍സ് മേധാവിയുമായും ചര്‍ച്ച നടത്തി. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയത്. ബിഎസ്എഫ് പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തിയ കശ്മീര്‍ സ്വദേശി നബീല്‍ അഹമ്മദ് വാനിയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. തൊഴിലില്ലായ്മ കശ്മീര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നും വിദ്യഭ്യാസം കൊണ്ട് മാത്രമേ കശ്മീര്‍ യുവതയെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നും നബീല്‍ അഹമ്മദ് വാനി ആഭ്യന്തരമന്ത്രിയെ അറിയിച്ചു. പൂഞ്ചില്‍ ഇരട്ട ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തതിനും പിന്നാലെയാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്. ജൂലൈ എട്ടിന് സൈനിക നടപടിക്കിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ 65 ദിവസമായി പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 75 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.