ഒമ്പതു മാസത്തോളം അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച മക്കള്‍ പിടിയില്‍

Monday 12 September 2016 3:14 pm IST

കൊല്‍ക്കത്ത: ഒമ്പതു മാസത്തോളം അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ച മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം.കഴിഞ്ഞ ജനുവരി 16നാണ് അരുണ്‍ സാഹ (65), അജിത്ത് സാഹ (55)എന്നിവരുടെ മാതാവായ നാനി ബാലസാഹ മരണപ്പെട്ടത്.അയല്‍ക്കാരോട് സഹകരണമില്ലാത്തെ ഇവര്‍ മരണവിവരം പുറം ലോകത്തറിയിക്കാതെ രഹസ്യമാക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തെ കൊടുംതണുപ്പ് മൂലം അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സാധിച്ചില്ലെന്നും പിന്നീട് സംസ്‌കരിക്കാമെന്നും വെച്ചിരുന്നതായും മക്കള്‍ പോലീസിനോട് പറഞ്ഞു. തണുപ്പായതിനാല്‍ കുറച്ച് ദിവസം കഴിഞ്ഞ് സംസ്‌കാരം നടത്താനായി നോക്കിയപ്പോള്‍ മൃതദേഹത്തില്‍ പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്നും അതിനാല്‍ സംസ്‌കാരം നടത്താന്‍ സാധിച്ചില്ലെന്നുമാണ് മക്കള്‍ പറയുന്നത്. അതേസമയം നാട്ടുകാരില്‍ ചിലര്‍ നാനി ബാലയെ തിരക്കിയെങ്കിലും അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നായിരുന്നു മറുപടി.പിന്നീട് മുന്‍സിപ്പാലിറ്റിയുടെ സര്‍വ്വേയ്ക്കായി അധികൃതര്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്. വീടിന്റെ അളവ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി വീടിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയ അധികൃതരെ മക്കള്‍ തടഞ്ഞപ്പോഴാണ് സംശയം കൂടിയത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരം ധരിപ്പിക്കുകയും ആറു പേരടങ്ങിയ സംഘം ബലം പ്രയോഗിച്ച് വീടിനകത്ത് പ്രവേശിക്കുകയും ചെയ്തപ്പോഴാണ് മാതാവിന്റെ അസ്ഥികൂടം കണ്ടെടുത്തത്. ഇരുട്ടു നിറഞ്ഞ വൃത്തിയില്ലാത്ത മുറിയിലായിരുന്നു അസ്ഥികൂടം കിടത്തിയിരുന്നത്. മക്കളെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരവരുമാനമൊന്നും ഇല്ലാത്ത ഇവര്‍ ചെലവു കുറഞ്ഞ ജീവിതം നയിക്കുന്നവരാണെന്നും പറയുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടൈന്നും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.