ശ്രീപത്മനാഭന്റെ തിരുവാഭരണങ്ങള്‍ പ്രദര്‍ശനവസ്തുവല്ല: വിഎച്ച്പി

Thursday 7 July 2011 12:07 am IST

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്നും കിട്ടിയ വിഗ്രഹങ്ങളും ഭഗവാന്റെ പൂജാപാത്രങ്ങളും കിരീടങ്ങളും രാജാക്കന്മാര്‍ കാണിക്ക അര്‍പ്പിച്ച സ്വര്‍ണനാണയങ്ങളും ശ്രീപത്മനാഭനെ അണിയിച്ച രത്നാഭരണങ്ങളും ഭഗവാനുവേണ്ടി രാജാക്കന്മാര്‍ പണിയിച്ച വിവിധതരം അമൂല്യവസ്തുക്കളും മ്യൂസിയത്തില്‍ സൂക്ഷിയ്ക്കുവാനുള്ള പ്രദര്‍ശനവസ്തുക്കളല്ലെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിലവറകളില്‍ നിന്നും കിട്ടിയ ഈ അമൂല്യ വസ്തുക്കള്‍ പ്രസ്തുത മ്യൂസിയത്തില്‍ സൂക്ഷിയ്ക്കണമെന്നും അത്‌ പൊതുജനങ്ങള്‍ക്ക്‌ കാണാന്‍ സൗകര്യം ഒരുക്കണമെന്നുള്ള ദേശീയ പുരാവസ്തു വകുപ്പ്‌ സര്‍ക്കിള്‍ സൂപ്രണ്ട്‌ കെ.കെ.മുഹമ്മദിന്റെ അഭിപ്രായത്തിന്‌ പിന്നില്‍ ദുഷ്ടലാക്കാണുള്ളത്‌. മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. വിലപ്പെട്ട പല വസ്തുക്കളും കാണാതെ പോകുന്ന നാഷണല്‍ മ്യൂസിയത്തില്‍ ശ്രീപത്മനാഭന്റെ അമൂല്യവസ്തുക്കളും കൂടി കൊണ്ടുവച്ച്‌ മറ്റാര്‍ക്കെങ്കിലും കവര്‍ച്ചചെയ്യുവാനുള്ള അവസരം ഒരുക്കുന്ന ശ്രമം ഉപേക്ഷിക്കുകയാണ്‌ നല്ലത്‌. നാഷണല്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തി പരിരക്ഷിയ്ക്കുവാന്‍ മ്യൂസിയം മേധാവി പി.വി.ആനന്ദബോസ്‌ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും അദ്ദേഹം പിന്‍തിരിയണം. ക്ഷേത്രം വക സ്വത്തുക്കള്‍ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്‌. എല്ലാമതസ്ഥര്‍ക്കും ക്ഷേത്രസ്വത്തില്‍ അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള രാഷ്ട്രീയക്കാരുടെ ശ്രമം തികച്ചും അപലപനീയമാണ്‌. ക്ഷേത്ര നിലവറ കളില്‍ നിന്നും കിട്ടിയത്‌ പൊതുമുതലല്ല. കുഴിച്ചെടുത്ത നിധിയുമല്ല. വിശേഷ ദിവസങ്ങളില്‍ ശ്രീപത്മനാഭന്‌ അലങ്കരിയ്ക്കുവാനുള്ള ആഭരണങ്ങള്‍ മാത്രമാണ്‌. ഇതൊന്നും മതേതര സര്‍ക്കാരിന്റെ പൊതുഖജനാവിലേയ്ക്കുള്ളതല്ല. ഇതൊക്കെ ക്ഷേത്രം വക മുതല്‍ മാത്രമാണ്‌. ഭക്തജനങ്ങളും തിരുവിതാംകുര്‍ രാജകുടുംബവും ശ്രീപത്മനാഭ സ്വാമിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച സര്‍വ്വതും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ഹിന്ദുക്കളുടേയും സ്വത്തുവകകളായി തന്നെ പരിപാലിയ്ക്കപെടേണ്ടതാണ്‌. അല്ലാതെ ഏതെങ്കിലും മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കളായി വയ്ക്കുവാന്‍ പാടില്ല, മണികണ്ഠന്‍ ആവശ്യപ്പെട്ടു.