കാവേരിയില്‍ തീ

Tuesday 13 September 2016 1:05 am IST

ബെംഗളൂരുവിലെ കെപിഎന്‍ ട്രാവല്‍സിന്റെ ബസുകള്‍ കത്തിച്ചപ്പോള്‍

ബെംഗളൂരു: കാവേരി ജലം തമിഴ്‌നാടിന് വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ വന്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അക്രമങ്ങളും കൊള്ളിവയ്പ്പുകളും തടയാന്‍ ബെംഗളൂരില്‍ പോലീസ് ജനക്കൂട്ടത്തിനു നേരെ വെടിവച്ചു. ഒരാള്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. അക്രമം അടിച്ചമര്‍ത്താന്‍ കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരിലും മൈസൂറിലും അടക്കം പലയിടങ്ങളിലും വന്‍തോതിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കെപിഎന്‍ ട്രാവല്‍സിന്റെ മൈസൂര്‍ റോഡിലുള്ള ഡിപ്പോയില്‍ കടന്ന അക്രമികള്‍ അവിടെക്കിടന്ന 56 ബസുകള്‍ കത്തിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ കോയമ്പത്തൂര്‍ സ്വദേശി അന്‍സാര്‍ പറഞ്ഞു.

പലയിടങ്ങളിലായി 12 തമിഴ്‌നാട് ലോറികള്‍ അടക്കം അനവധി വാഹനങ്ങള്‍ കത്തിച്ചു. തമിഴരുടെ ഹോട്ടലുകള്‍ തകര്‍ത്തു, ഗതാഗതം സ്തംഭിച്ചു. കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ബെംഗളൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മെട്രോ ട്രെയിന്‍ സര്‍വ്വീസും നിര്‍ത്തിവച്ചു. ഒരു സ്‌കാനിയയും അഞ്ച് വോള്‍വോയും അടക്കം കെഎസ്ആര്‍ടിസിയുടെ 49 ബസുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെയും ഇന്നുമായി പുറപ്പെടേണ്ടിയിരുന്ന ബസ് സര്‍വ്വീസുകള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്. ഓണത്തിന് നാട്ടില്‍ വരാനിരുന്ന ആയിരക്കണക്കിന് മലയാളികളാണ് ദുരിതത്തിലായത്. മൈസൂറില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിലേക്ക് അക്രമികള്‍ കല്ലെറിഞ്ഞു.

അതിനിടെ തമിഴ്‌നാടിന് നല്‍കേണ്ട വെള്ളത്തിന്റെ തോത് സുപ്രീം കോടതി വെട്ടിക്കുറച്ചു. ദിവസവും 15000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന ഈ മാസം അഞ്ചിന്റെ ഉത്തരവ് പരിഷരിച്ച് 12000 ഘനയടി എന്ന് കുറച്ചു. ഈ മാസം 20 വരെ നിത്യേന ഇത്രയും വെള്ളം നല്‍കാനാണ് നിര്‍ദ്ദേശം.

കര്‍ണാടകം നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിക്കവെ, ഉത്തരവ് നടപ്പാക്കാത്തതില്‍ കര്‍ണാടകത്തിനെതിരെ കോടതി രൂക്ഷവിമര്‍ശനവും നടത്തി. വെള്ളം കുറച്ചതിനെച്ചൊല്ലി തമിഴ്‌നാട്ടിലും സംഘര്‍ഷം തുടങ്ങിയിട്ടുണ്ട്. കര്‍ണ്ണാടക രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ആക്രമിക്കുന്നുണ്ട്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളൂരില്‍ 15000 പോലീസുകാരെ വിന്യസിച്ചു. കന്നട ചലച്ചിത്ര താരങ്ങള്‍ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട തമിഴനായ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചിട്ടുമുണ്ട്. മൈസൂറിലെ ചാമുണ്ഡീപുരത്ത് വിനോദ സഞ്ചാരത്തിനു വന്ന ഒരു കുടുംബത്തെ വലിച്ചിറക്കി വാഹനം കത്തിച്ചു. ഇന്നലെ രാവിലെ രാമേശ്വരത്ത് ഒരു കന്നട കുടുംബത്തെ ആക്രമിച്ചിരുന്നു. ഇതിനു പ്രതികരമായിട്ടായിരുന്നു ഈ ആക്രമണം.

ബെംഗളൂരില്‍ മൂന്ന് അഡയാര്‍ ആനന്ദ ഭവന്‍ ഹോട്ടലുകളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. 12 ലോറികളും കത്തിച്ചു. വൈകിട്ട് ആറു മണിയോടെയാണ് കെപിഎന്‍ ട്രാവല്‍സിന്റെ ഡിപ്പോ ജനക്കൂട്ടം ആക്രമിച്ചത്.

വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അടക്കം ആയിരങ്ങളുടെ, ഓണത്തിന് നാട്ടില്‍ പോകാനുള്ള ആഗ്രഹമാണ് പൊലിഞ്ഞത്. ഇന്നലെയും ഇന്നും റിസര്‍വേഷന്‍ കിട്ടിയ പലരും അവ റദ്ദാക്കിയിട്ടുണ്ട്.

കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് അതിര്‍ത്തിവരെ സംരക്ഷണം നല്‍കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.

ഓണാവധിക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാതെ നിരവധി ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. അക്രമത്തെ തുടര്‍ന്ന് കര്‍ണ്ണാടകയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കോടതിയുടെ പരിഗണണനയിലുള്ള വിഷയമായതിനാല്‍ ഇടപെടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി. സമരക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു, ക്യാമറകള്‍ തകര്‍ത്തു.

ബന്ദിന്റെ പ്രതീതി

കണ്ണൂര്‍: കെഎസ്ആര്‍ടിസിയുടെ ബ്ലാംഗ്ലൂര്‍ ട്രിപ്പുകള്‍ റദ്ദാക്കിയതോടെ കര്‍ണ്ണാടകയില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയായി. മൈസൂര്‍-ബാംഗ്ലൂര്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ സ്വകാര്യ സ്ഥാപനമായ കെപിഎന്‍-എസ്ആര്‍എസ് കമ്പനിയുടെ 56 ബസ്സുകള്‍ അഗ്നിക്കിരയാക്കി.
ബന്ദിന്റെ പ്രതീതിയാണ് ബംഗളൂരു നഗരത്തിലെന്ന് മലയാളികള്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ സംസ്ഥാന അതിര്‍ത്തിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. കോണ്‍വോയി അടിസ്ഥാനത്തില്‍ ബസ്സ് സര്‍വ്വീസ് നടത്താനുള്ള നീക്കവും വിജയിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.