മങ്കൊമ്പ്: സമുദായത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കനക ജൂബിലി സമാപന സമ്മേളനം മങ്കൊമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസിനു രാഷ്ട്രീയമില്ല. സമുദായ അംഗങ്ങളായിട്ടുള്ളവര്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ സമുദായ അംഗമെന്ന നിലയില്‍ മാത്രം എന്‍എസ്എസുമായും ബന്ധപ്പെട്ടാല്‍ മതി. സമുദായ ആചാര്യന് ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ സംരക്ഷിച്ചു തന്നെയാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. പാവപ്പെട്ട ഇതര സമുദായങ്ങളിലെ കുട്ടികള്‍ക്കും എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ പഠനത്തിനു അവസരമുണ്ട്.
സമുദായ അംഗങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചാരംഭിച്ച പത്തൊമ്പതിനായിരം സ്വയം സഹായ സംഘങ്ങള്‍ക്കെതിരേ ആരും ഒരാക്ഷേപവും ഇതേ വരെ ഉന്നയിച്ചിട്ടില്ല. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കരയോഗ തലത്തില്‍ പൊതുജന സേവന കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ താലൂക്ക് യൂണിയന് സ്ഥാപക കമ്മറ്റി അംഗം പങ്കജാക്ഷ കുറുപ്പിന് കര്‍മശ്രേഷ്ഠ പുരസ്കാരം നല്കി ജനറല്‍ സെക്രട്ടറി ആദരിച്ചു.
എന്‍എസ്എസ് ട്രഷറര്‍ ഡോ. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, കെ.കെ. പത്മനാഭപിള്ള, കെ. പങ്കജാക്ഷപണിക്കര്‍, എ. ത്യാഗരാജന് നായര്‍, രാധാകൃഷ്ണ പണിക്കര്‍, പ്രസന്ന മോഹന്‍, ശ്രീദേവി രാജു, യുണിയന്‍ സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: