നിലവിളക്കിലെ മതംമാറ്റം

Monday 12 September 2016 9:45 pm IST

  നിലവിളക്കിന് മതമുണ്ടോ...? നിലവിളക്കില്‍ രാഷ്ട്രീയ സാധ്യത തെളിയിക്കാമെന്ന് കണ്ടെത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വീണുകിട്ടിയ വിളക്കിനെ സാംസ്‌കാരിക ജിഹാദിനുള്ള ആയുധമാക്കാനാണ് മറ്റുപലരുടെയും ശ്രമം. നിലവിളക്കും കൈകൂപ്പലുമൊക്കെ സെമിറ്റിക് മതഘടനയ്ക്ക് വെളിയിലുള്ള സമൂഹങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ്. ശിലായുഗത്തില്‍ കല്‍വിളക്കായും മണ്‍വിളക്കായും മരത്തിലുള്ള വിളക്കായും പിന്നീട് ലോഹങ്ങളിലുള്ള വിളക്കായും നമ്മുടെ വിളക്കുകള്‍ക്കും ഒരു ചരിത്രപശ്ചാത്തലം അവകാശപ്പെടാനുണ്ട്. വെങ്കലത്തിനും പരുത്തിക്കും മതമില്ലെങ്കിലും വെങ്കലത്തില്‍ വിളക്കുകള്‍ വാര്‍ക്കുന്ന മൂശാരിക്കും പരുത്തിയെ വിളക്കുതിരിയായി പരിവര്‍ത്തനപ്പെടുത്തുന്ന മനുഷ്യര്‍ക്കും മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അവരുടെ തപസാണ് നമുക്കുമുന്നില്‍ വിളക്കായി നിന്നെരിയുന്നത്. വെളിച്ചെണ്ണയ്ക്കും എള്ളെണ്ണയ്ക്കും മതമുണ്ട്. തെങ്ങിനെ കല്പവൃക്ഷമായും എള്ളിനെ പൂജകളിലും ഹോമങ്ങളിലും സവിശേഷ സ്ഥാനംനല്‍കിയും ആരാധിക്കുന്ന വിഭാഗക്കാരുടെ നാടാണ് ഭാരതം. മതപരമായി അഗ്നിയാരാധനയുടെ ഭാഗമാണ് വിളക്കെങ്കിലും ഭൂഗുരുത്വബലത്തിന് വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിയെ ഭാരതീയര്‍ എന്നും ആരാധിച്ചിരുന്നു. സൂര്യനിലും ഭൂമിയിലും മനുഷ്യനിലും മൃഗങ്ങളിലും സര്‍വ്വചരാചരങ്ങളിലുമുള്ള അഗ്നിയെ അവര്‍ അന്തര്‍ നേത്രങ്ങളാല്‍ ദര്‍ശിച്ചു. അതിനാല്‍ വിളക്കിലെരിയുന്ന അഗ്നിയും അടുപ്പിലെരിയുന്ന അഗ്നിയും മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന അഗ്നിയും ഫാക്ടറികളില്‍നിന്നുയരുന്ന അഗ്നിയും മണ്ണെണ്ണവിളക്കിലെ അഗ്നിയും പന്തംകൊളുത്തിപ്രകടനത്തില്‍ ടയര്‍ കത്തുമ്പോഴുണ്ടാകുന്ന അഗ്നിയും അവയുണ്ടാക്കുന്ന വികാരങ്ങളും ഭാരതീയരുടെ മുന്നില്‍ പലതാണ്. വിഗ്രഹവും പടിക്കെട്ടും ശിലയാണെങ്കിലും രണ്ടിനേയും വിവേചിച്ചറിയാനുള്ള വീക്ഷണം വിഗ്രഹാരാധകര്‍ക്കുണ്ട്. ആഹാരം പാചകംചെയ്യുന്നതിന് മുന്‍പ് അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്ന ആചാരവും നിലവിലുണ്ട്. നിലവിളക്കിനെ ലക്ഷ്മീദേവിയായാണ് ഹിന്ദുക്കള്‍ കരുതുന്നത്. നിലവിളക്കിന്റെ രൂപത്തിലല്ലെങ്കിലും സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്നതിലൂടെയും മറ്റും അഗ്നിയിലെ ഈശ്വരീയത അനുഭവിക്കാന്‍ സെമിറ്റിക് മതവിശ്വാസങ്ങള്‍പോലും തയാറായിട്ടുണ്ടെന്നുകാണാം. ഒലീവ് മരം വളരുന്ന നാടിന്റെ സംസ്‌കാരത്തെ ഈ നാട്ടിലേക്ക് നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് പാവം നിലവിളക്കിനുമേലുള്ള കടന്നുകയറ്റം. കേരളത്തിലെ പുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം നിലനില്‍ക്കുന്നത് ഈ നാടിന്റെ തനതായ സംസ്‌കാരം പല കാലങ്ങളിലുണ്ടായ മതംമാറ്റങ്ങള്‍ക്കും വംശീയ കുടിയേറ്റങ്ങള്‍ക്കും ശേഷവും അവശേഷിക്കുന്നു എന്നതിനു തെളിവാണ്. നിലവിളക്ക് നിഷിദ്ധമാണെങ്കില്‍ നിലവിളക്കുവിരുദ്ധരും നമുക്ക് നിഷിദ്ധരാണെന്ന് ജനങ്ങള്‍ കരുതിയിരുന്നെങ്കില്‍ ഇന്ന് പലര്‍ക്കും നിലവിളക്കിനെതിരെ ലേഖനങ്ങള്‍ എഴുതാന്‍ കഴിയുമായിരുന്നോ? സാംസ്‌കാരിക ചിഹ്നങ്ങളായി വിളക്കുകള്‍ രൂപപ്പെട്ടുവന്നത് ഒരു സുപ്രഭാതംകൊണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു സുപ്രഭാതത്തില്‍ ഊതിക്കെടുത്തിയാല്‍ അണയുന്നത്ര ആഴമേ ഇതിന്റെ അനുഷ്ഠാരകര്‍ക്കുള്ളൂ എന്നുകരുതുന്നതും മൗഢ്യമാണ്. ഭാഗവതംവിളക്ക്, കിളിവിളക്ക്, തട്ടുവിളക്ക്, കളിവിളക്ക്, ആട്ടവിളക്ക് എന്നിങ്ങനെ നിലവിളക്കുകള്‍തന്നെ ആകൃതിയിലും ഉപയോഗത്തിലും പലതരത്തിലുണ്ട്. ഓട്ടുവിളക്കിനുപുറമെ വെള്ളിയിലും സ്വര്‍ണത്തിലുമുള്ള നിലവിളക്കുകളുമുണ്ട്. മണ്ണെണ്ണയുടെ കണ്ടുപിടുത്തത്തിനുമുന്‍പ് മൃഗക്കൊഴുപ്പും മരങ്ങളുടെ കായും മറ്റും ഇന്ധനമാക്കി വിളക്കുതെളിയിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. ഹിന്ദുവിന്റെ ഹൃദയം മുസ്ലീം ശരിരത്തില്‍ മിടിക്കുമെന്നുകണ്ടുകഴിഞ്ഞിട്ടുപോലും ഹിന്ദുവിന്റെ നിലവിളക്ക് മുസ്ലീമിന്റെ പള്ളിയില്‍ തെളിഞ്ഞുകത്താത്തത് എന്തുകൊണ്ടാണ്? കേരളത്തില്‍ ജാതി-മത വിഭാഗത്തെ തിരിച്ചറിയാന്‍ ഇന്നും വസ്ത്രധാരണരീതിയെതന്നെ നോക്കിയാല്‍ മതിയാകും. നവോത്ഥാനപ്രസ്ഥാനങ്ങളുടെ അഭാവം മുതലെടുത്തുകൊണ്ടാണിതെന്നകാര്യത്തില്‍ സംശയമില്ല. നാടിന്റെ സംസ്‌കാരവുമായും ജനങ്ങളുടെ വിശ്വാസവുമായും ബന്ധപ്പെട്ട ബിംബങ്ങളെ ഇല്ലാതാക്കുന്നവര്‍ നിലവിലുള്ളവയേക്കാള്‍ ശ്രേഷ്ഠവും ശാസ്ത്രീയവുമായ ആചാരാനുഷ്ഠാനങ്ങള്‍ ജനതയ്ക്ക് നല്‍കാന്‍ തയാറാകണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും കൂട്ടായും അല്ലാതെയും മെഴുകുതിരികള്‍ തെളിയിക്കുന്നത് അന്തരീക്ഷമലിനീകരണത്തിനിടയാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ വിഭാഗക്കാരില്‍ പലരും നിലവിളക്കിലും കുരിശ്ശുസ്ഥാപിച്ച് ഹൈന്ദവ ആചാരങ്ങളെപ്പോലും മതംമാറ്റിക്കൊണ്ടിരിക്കുമ്പോള്‍, എള്ളെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുന്നതിലൂടെ അന്തരീക്ഷശുദ്ധിയും അനുകൂല ഊര്‍ജവും ഉണ്ടാകുന്നു എന്ന് തിരിച്ചറിയാനാവാത്ത അല്പബുദ്ധികളുടെ ജല്പനങ്ങള്‍ ജനം അവജ്ഞയോടെ തള്ളിക്കളയും. ഹിന്ദുക്കളെ മതപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കാനും മറ്റും അവരുടെ സാംസ്‌കാരിക അടയാളങ്ങളെ ഇല്ലാതാക്കുന്നതിലൂടെ സാധിക്കുമെന്നുകണ്ടാണ് ഇന്ന് ഇത്തരം നീക്കങ്ങള്‍ പലരും നടത്തിക്കൊണ്ടിരിക്കുന്നത്. സാംസ്‌കാരിക ചിഹ്നങ്ങളുടെ മേല്‍ 'മതേതര'മേലങ്കിയണിയിച്ച് ആചാരാനുഷ്ഠാനങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് അവയ്ക്കുമുകളില്‍കയറിനിന്ന് തിടമ്പുനൃത്തം ചവിട്ടുന്നവരുടെ ഉദ്ദേശ്യവും മറ്റൊന്നല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.