കെപിഎന്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി

Tuesday 13 September 2016 1:50 am IST

കൊച്ചി: കര്‍ണ്ണാടകത്തില്‍ കെപിഎന്‍ ബസ് ഡിപ്പോക്ക് അക്രമികള്‍ തീയിട്ടതിനെതുടര്‍ന്ന് കേരളത്തില്‍ നിന്ന് ബെംഗളൂരിലേക്കുള്ള കെപിഎന്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. നൂറ് കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ബെംഗളരു- തിരുവനന്തപുരം റൂട്ടില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യബസ് സര്‍വ്വീസ് നടത്തുന്ന ഗ്രൂപ്പാണ് കെപിഎന്‍ ട്രവല്‍സ്. ഡ്രൈവര്‍മാര്‍ എല്ലാവരും പരിഭ്രാന്തിയിലാണെന്നും, ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും എറണാകുളം സൗത്തിലെ കെപിഎന്‍ ബുക്കിംഗ് ഓഫീസ് ജീവനക്കാരന്‍ മുരുകന്‍ പറഞ്ഞു. ബെംഗളൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിഞ്ഞയുടനെ ബുക്കിംഗ് നിര്‍ത്തിവച്ചു. ബെംഗളൂരിലേക്ക് ഇന്നലെ വൈകിട്ട് പോകേണ്ട 6.45ന്റെ സൂപ്പര്‍ഫാസ്റ്റ്, 7.30ന്റെ സ്ലീപ്പര്‍കോച്ച്, 7.45ന്റെ സ്ലീപ്പര്‍ കോച്ച്, രാത്രി 9ന് എറണാകുളത്ത് എത്തുന്ന വോള്‍വോ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഉത്രാടത്തലേന്ന് എറണാകുളത്ത് എത്തേണ്ട ബസുകളൊന്നും ബംഗളൂരില്‍ നിന്നും പുറപ്പെട്ടിട്ടില്ലെന്ന് മുരുകന്‍ പറഞ്ഞു. പ്രശ്‌നത്തെ തുടര്‍ന്ന് ഓണം ആഘോഷിക്കാന്‍ നാട്ടില്‍ എത്തേണ്ട നൂറ്കണക്കിന് മലയാളികള്‍ കുടുങ്ങിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.