ബീഹാറില്‍ ആര്‍ജെഡി-ജനതാദള്‍ ബന്ധം ഉലയുന്നു

Tuesday 13 September 2016 2:58 am IST

ന്യൂദല്‍ഹി: മാഫിയാ തലവനും ആര്‍ജെഡി നേതാവുമായ ഷഹാബുദ്ദീന്‍ ജയില്‍മോചിതനായ സംഭവത്തില്‍ ബീഹാര്‍ ഭരണമുന്നണിയില്‍ വിള്ളല്‍. ജാമ്യം ലഭിച്ചയുടന്‍ ഷഹാബുദ്ദീന്‍ മുഖ്യമന്ത്രിയും ജനതാദള്‍ യു നേതാവുമായ നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ അതൃപ്തി പുകയവെ ഷഹാബുദ്ദീനെ പിന്തുണച്ച് ആര്‍ജെഡി പ്രസിഡണ്ട് ലാലു പ്രസാദ് യാദവ് തന്നെ രംഗത്തെത്തി. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ് നിതീഷ്. ഷഹാബുദ്ദീന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തുണ്ട്. ഷഹാബുദ്ദീന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് ലാലു പ്രതികരിച്ചു. ലാലു യാദവ് ആണ് തന്റെ നേതാവെന്നാണ് ഷഹാബുദ്ദീന്‍ പറഞ്ഞത്. ഇതില്‍ നിതീഷിന് പ്രശ്‌നം തോന്നേണ്ട കാര്യമില്ല. ലാലു വ്യക്തമാക്കി. 11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ഷഹാബുദ്ദീന്‍ ജയില്‍മോചിതനായത്. നേരത്തെ ബിജെപിയുമായുള്ള സഖ്യത്തില്‍ നിതീഷ് പ്രധാനമന്ത്രിയായിരിക്കെയാണ് ഇയാള്‍ ജയിലിലായത്. നിതീഷ് കുമാര്‍ സാഹചര്യം മൂലമുള്ള മുഖ്യമന്ത്രിയാണെന്നും തന്റെ നേതാവ് ലാലു പ്രസാദ് യാദവ് മാത്രമാണെന്നുമായിരുന്നു ഷഹാബുദ്ദീന്റെ പ്രതികരണം. പിന്നീടുള്ള ദിവസങ്ങളിലും ഇയാള്‍ നിതീഷിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചോദ്യം ചെയ്തു. ഇതിന് പിന്തുണയുമായി മറ്റ് ആര്‍ജെഡി നേതാക്കളും രംഗത്തെത്തിയത് നിതീഷിനെ പ്രകോപിപ്പിച്ചു. വിമര്‍ശകര്‍ക്ക് ലാലു മൗനസമ്മതം നല്‍കുന്നുവെന്നായിരുന്നു നിതീഷിന്റെ പരാതി. എന്നാല്‍ നിതീഷിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ ഷഹാബുദ്ദീന് പരസ്യ പിന്തുണ നല്‍കുകയാണ് ലാലു ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.