ശബരിമലയില്‍ പണിമുടക്കില്‍ നിന്നും യൂണിയനുകള്‍ പിന്മാറണം: കുമ്മനം

Tuesday 13 September 2016 3:51 am IST

പത്തനംതിട്ട: ശബരിമലയിലെ പണിമുടക്കില്‍ നിന്നും തൊഴിലാളി യൂണിയനുകള്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആറന്മുള ഗജമണ്ഡപ സമര്‍പ്പണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശബരിമല ക്ഷേത്രത്തില്‍ വിശേഷ ദിവസങ്ങളില്‍ തീര്‍ത്ഥയാത്രയ്ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമായി ഭക്തജനങ്ങള്‍ എത്തുമ്പോള്‍ പണിമുടക്കുമായി തൊഴിലാളികള്‍ കടന്നുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. ശബരിമല തീര്‍ത്ഥസ്ഥാനമാണ്, സുരക്ഷിതമേഖലയാണ്. ഇവിടെ പണിമുടക്ക് നടത്തുമ്പോള്‍ തീര്‍ത്ഥസ്ഥാനത്തിന്റെ വിശാലമായ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടും. തൊഴിലാളി യൂണിയനുകള്‍ അവരുടെ തീരുമാനം പുന:പരിശോധിക്കണം. തൊഴിലാളികള്‍ക്ക് അവരുടേതായ ആവശ്യങ്ങളും ആവലാതികളുമുണ്ടാകും. അവ പരിഹരിക്കപ്പെടേണ്ടതാണ്. പക്ഷെ ആ പരിഹാരം പണിമുടക്കിലൂടെയാകരുത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശബരിമല ക്ഷേത്രത്തില്‍ സമരം ചെയ്യുന്നു എന്ന ആക്ഷേപം ഉന്നയിക്കുന്ന മുഖ്യമന്ത്രി ശബരിമലയില്‍ പണിമുടക്കി സമരം ചെയ്യുന്ന തൊഴിലാളികളുടെ നടപടിയെക്കുറിച്ച് എന്തുപറയുന്നു എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ശബരിമലയിലെ അന്‍പതുകോടിയില്‍പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നടത്തുന്ന പ്രസ്താവനകളും അപലപനീയമാണ്. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലുള്ള മതേതര സര്‍ക്കാരിന്റെ ഇടപെടലാണിത്. ഏതൊരു മതത്തിന്റേയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടത് മതവിശ്വാസികളാണ്. അവര്‍ക്ക് അത് പരിരക്ഷിക്കാനും സംരക്ഷിക്കാനും ഭേദഗതിവരുത്താനും സംവിധാനമുണ്ട്, സൗകര്യമുണ്ട്. അത് അവരുടെ ആഭ്യന്തര വിഷയമാണ്. അതില്‍ മന്ത്രി ഇടപെടുന്നതും ഭരണകൂടം ഇടപെടുന്നതും മതേതര സര്‍ക്കാരിന് ശരിയല്ല. ഹൈന്ദവരില്‍ ഏറെ ആശങ്കയും ദുഖവും എതിര്‍പ്പും ഉത്കണ്ഠയും ഉണ്ടാക്കുന്ന അത്യന്തം ദുഖകരമായ നടപടിയാണ് സന്നിധാനത്തേത്. ഓരോ ദിവസം ചെല്ലുന്തോറും ശബരിമല ക്ഷേത്രത്തില്‍ ഇത്തരത്തിലുള്ള വിവാദങ്ങളും സംഭവവികാസങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് ഭക്തജനങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. അതുകൊണ്ട് ഭക്തജനങ്ങള്‍ ശബരിമല ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് വേണ്ടി രംഗത്തുവരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.