നടപ്പാത വാഹനങ്ങള്‍ കയ്യേറുന്നു; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

Tuesday 13 September 2016 10:31 am IST

പരപ്പനങ്ങാടി: കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാന്‍ നിര്‍മ്മിച്ച കാല്‍നടപാതകള്‍ വാഹനങ്ങളും കച്ചവടക്കാരും കൈയടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലുമാണ്. പരപ്പനങ്ങാടി നഗരസഭയിലെ നടപ്പാതകളുടെ സ്ഥിതി ഇങ്ങനെയൊക്കെയാണ്. പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്റെ മുന്നിലുള്ള മെയിന്‍ റോഡിലെ സ്ഥിതിചെയ്യുന്ന ഇരുപത്തി രണ്ടോളം ട്രക്കറുകള്‍ റോഡില്‍ വിലങ്ങനെയാണ് പാര്‍ക്ക് ചെയ്യുന്നത്. കാല്‍നടപാതയിലേക്ക് വാഹനങ്ങളുടെ പിന്‍ഭാഗം കയറ്റിനിര്‍ത്തുന്നതിനാല്‍ ഇതിലൂടെ കഷ്ടിച്ച് ഒരാള്‍ക്കു പോലും നടന്നു പോകാനാകാത്ത അവസ്ഥ . തൊട്ടടുത്ത ബിഇഎം സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ട്രയിനില്‍ വന്നിറങ്ങുന്ന യാത്രക്കാരും തിരക്കേറിയ റോഡിലിറങ്ങി നടക്കുമ്പോള്‍ അപകടം ക്ഷണിച്ചു വരുത്തുകയാണ്. ട്രക്കര്‍ സ്റ്റാന്റായി ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷന്റെ മുന്‍ ഭാഗത്തെ തിരക്കേറിയ റോഡിന്റെപകുതി ഭാഗവും വാഹന പാര്‍ക്കിങ്ങിനായാണ് ഉപയോഗിക്കുന്നത്. പൊതു ജനത്തിന് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വാഹന പാര്‍ക്കിങ്ങ് ഇവിടെ നിന്നു മാറ്റുവാന്‍ നടപടിയെടുക്കാന്‍ പോലും നഗരസഭക്ക് ഇതുവരെ ആയിട്ടില്ല. അനധികൃത പാര്‍ക്കിങ്ങ് ഇവിടെ നിന്ന് മാറ്റിയാല്‍ പരപ്പനങ്ങാടി നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.