വൈശ്രവണന്റെ വാഹനം

Tuesday 13 September 2016 7:46 pm IST

''എനിക്കൊരു വാഹനം വേണം'' ഇങ്ങനെ പറയാന്‍ കഴിവുനേടും മുമ്പേ, കുട്ടികളുടെ മുന്നില്‍ പലതരം വാഹനങ്ങള്‍ കാണാം നമുക്കിപ്പോള്‍. കളിപ്പാട്ടങ്ങളുടെ രൂപത്തിലാവും എന്നേയുള്ളൂ. തൊട്ടിലില്‍ കിടക്കുന്ന കാലം മുതല്‍ കുട്ടികള്‍ക്ക് , മാതാപിതാക്കള്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കളിപ്പാട്ടമായി (തോക്കും!) സമ്മാനിക്കുന്നത്. കാറും സ്‌കൂട്ടറും ബസും ലോറിയും... കൗമാരപ്രായത്തില്‍ തന്നെ ഇവയില്‍ ചിലതു കൈകാര്യം ചെയ്യാന്‍ അവര്‍ മിടുക്കരാകുന്നു. പിന്നെ വലിയ വാഹനക്കമ്പക്കാരായി, ചിലപ്പോള്‍ വാഹനത്തില്‍ തന്നെ മരണത്തെ പുല്‍കുന്നവരായും മാറുന്നു. എന്താണ് മനുഷ്യര്‍ വാഹനക്കമ്പക്കാരായത്? അതിനുള്ള ഉത്തരം തേടി പ്രപഞ്ചസൃഷ്ടിയുടെ ആരംഭംവരെ പോകേണ്ടിവരും. പോയാല്‍ കണ്ടെത്താം, രസകരമായ ഒരു പുരാണകഥ. പ്രപഞ്ചസൃഷ്ടിയുടെ നാഥന്‍ ബ്രഹ്മാവും പരിരക്ഷകന്‍ മഹാവിഷ്ണവും ആണല്ലോ. പാലാഴിയിലാണ് അവരുടെ വാസസ്ഥാനം. സംഹാരമൂര്‍ത്തിയായ ശിവന്‍ താമസത്തിന് തിരഞ്ഞെടുത്തതാകട്ടെ ഹിമാലയപര്‍വതവും! വിഷ്ണു കടലലകളില്‍; ശിവനോ കൊടുമുടികളില്‍. രണ്ടുപേരും രണ്ടുധ്രുവങ്ങളില്‍! എങ്കിലും അവര്‍ തമ്മില്‍ വിരോധം പുലര്‍ത്തിയിരുന്നില്ല. ഒരിക്കല്‍ വിഷ്ണുവിന് തോന്നി, കൈലാസത്തില്‍ പോയി ശിവനെ ഒന്നു കാണണം. ഹിമവാന്റെ പുത്രിയായ പാര്‍വതിയെ വിവാഹം ചെയ്തു. രണ്ടു മക്കളുമായി സന്തോഷിച്ചു കഴിയുകയാണെന്ന് കേട്ടിട്ടുണ്ട്. ധാരാളം പരിചാരകര്‍. സ്വസ്ഥമായ കുടുംബജീവിതത്തിനൊപ്പം തപസ്സും! ~ഒന്നു സ്മരിച്ചപ്പോഴേക്കും വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ എത്തി. ലക്ഷ്മീസമേതനായി വിഷ്ണു ഉടനെ കൈലാസത്തിലും എത്തി. ശിവകുടുംബത്തെ ആ സന്ദര്‍ശനം ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. കുശലാന്വേഷണങ്ങളും വിരുന്നുസല്‍ക്കാരവും കഴിഞ്ഞു. ലക്ഷ്മീനാരായണന്മാര്‍ ഗരുഡന്റെ പുറത്തുകയറി തിരിച്ചുപോവുകയും ചെയ്തു. വിരുന്നുകാര്‍ പോയിക്കഴിഞ്ഞപ്പോഴാണ് ശിവകുടുംബത്തില്‍ ചെറിയ ഒരസ്വസ്ഥത തലനീട്ടിയത്. പരമേശ്വരന്റെ കരംഗ്രഹിച്ചു തടവിക്കൊണ്ടു പാര്‍വതി ചോദിച്ചു: ''വിഷ്ണുവിനും ലക്ഷ്മിക്കും ഉള്ളതുപോലെ ഒരു വാഹനം നമുക്കും വേണ്ടേ? മക്കള്‍ ആ ഗരുഡനെ തൊട്ടും പിടിച്ചും നോക്കുന്നത് അങ്ങ് ശ്രദ്ധിച്ചുവോ?'' അപ്പോഴേക്കും അവിടേക്ക് ഓടിയെത്തിയ സുബ്രഹ്മണ്യന്‍ കൊഞ്ചിപ്പറഞ്ഞു: ''നല്ല വാഹനം. അച്ഛാ എനിക്കും അതുപോലൊന്ന് വേണം.'' ''എനിക്കും വേണം!'' പിന്നാലെ വന്ന ഗണപതിയും പറഞ്ഞു. ''ശരി, കരയേണ്ട'' എന്ന് മക്കളെ സമാധാനിപ്പിച്ച ശേഷം ശിവന്‍ ഭൂതഗണങ്ങളെ വിളിച്ചു വനത്തില്‍ ഒരു അറിയിപ്പ് ഘോഷിക്കാന്‍ ഏര്‍പ്പാട് ചെയ്തു. അറിയിപ്പ് ഇപ്രകാരമാണ്: ''പ്രിയപ്പെട്ട പക്ഷിമൃഗാദികളേ! ദേവകളായ ഞങ്ങളുടെ വാഹനങ്ങളായിരിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം കൈലാസത്തില്‍ എത്തിച്ചേരണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ദേവന്റെ വാഹനമാകാന്‍ സ്വാതന്ത്ര്യമുണ്ട്. ആര്, ആരുടെ അടുക്കല്‍ ആദ്യം എത്തുന്നു എന്നതുമാത്രമാണ് മാനദണ്ഡമാക്കിയിരിക്കുന്നത്. വേഗം വന്നോളൂ.'' അറിയിപ്പു കേട്ട് പക്ഷിമൃഗാദികള്‍ കൈലാസത്തിലേക്ക് കുതിച്ചു. ആദ്യം എത്തിയ കാള ശിവന്റെ അടുക്കല്‍ നിലയുറപ്പിച്ചു. പിറകേ വന്ന സിംഹം പാര്‍വതിയുടെ അരികിലായാണ് നിന്നത്. ശരംവിട്ടതുപോലെ ഓടിയണഞ്ഞ മൂഷികന്‍ ഗണപതിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. പറന്നെത്തിയ മയിലാകട്ടെ, പന്ത്രണ്ട് കണ്ണുകളുമായി തന്നെ നോക്കുന്ന ഷണ്‍മുഖന്റെ വാഹനമാകാനാണ് ഇഷ്ടം കാട്ടിയത്. പീലിക്കണ്ണുകള്‍ വിടര്‍ത്തി അവന്‍ രണ്ട് ചുവട് നൃത്തമാടുകയും ചെയ്തു. വളഞ്ഞ കൊമ്പുകളും കറുത്ത കൊഴുത്ത ശരീരവും കുലുക്കി വന്ന പോത്തിന് തെല്ലു നിരാശ തോന്നാതിരുന്നില്ല. താന്‍ ഇനി ആരുടെ വാഹനമാകും? അപ്പോഴാണ്, കൊമ്പുകള്‍ പോലുള്ള മീശയും വിരിച്ചുനില്‍ക്കുന്ന യമധര്‍മനെകണ്ടത്. 'തനിക്ക് പറ്റിയ ദേവന്‍ ഇതുതന്നെ എന്ന നിശ്ചയത്തോടെ പോത്ത് യമധര്‍മ്മന്റെ വാഹനമാകാന്‍ ചെന്നു. അതിനിടയില്‍ ശിവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു, ക്ഷോഭത്തോടെ ഒരു മനുഷ്യന്‍! അവന്‍ പറഞ്ഞു: ''പ്രഭോ! എന്തേ ഞങ്ങളെക്കൂടി അറിയിച്ചില്ല? ഒരു ദേവ വാഹനമാകാന്‍ മനുഷ്യരും അതിയായി ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ അവരുടെയെല്ലാം പ്രതിനിധിയായിട്ടാണ് വന്നിരിക്കുന്നത്.'' ''ഹേ, മനുഷ്യാ! ഈ ആഗ്രഹം നിനക്ക് ചേര്‍ന്നതല്ല. കര്‍മശക്തിയും ബുദ്ധിശക്തിയുമുള്ള നിനക്ക് പക്ഷിമൃഗാദികളേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് ഞാന്‍ കല്‍പ്പിച്ചിരിക്കുന്നത്. വേണമെങ്കില്‍, നിനക്ക് ദേവനായി ഉയരാന്‍പോലും കഴിയും. നീ ശരിക്കും ആലോചിച്ചുവോ? മറ്റൊരു ദേവനെ ചുമന്നു നടക്കല്‍ അടിമത്തമല്ലേ? അതു വേണോ?'' ''വേണം! ഏതെങ്കിലുമൊരു ദേവന്റെ വാഹനമാണ് എന്നുപറയുമ്പോള്‍ തന്നെ തോന്നും, പ്രത്യേകമായൊരു അഭിമാനവും സുരക്ഷിതത്വവുമെല്ലാം. ദയവായി കാണിച്ചു തരൂ, ഒരു ദേവനെ!'' മനുഷ്യന്‍ തിടുക്കം കൂട്ടി. ''നിര്‍ബന്ധമാണെങ്കില്‍ ശരി. അപ്പുറത്തെ മലയില്‍ വൈശ്രവണനുണ്ട്.'' ശിവന്‍ പറഞ്ഞു: ''പണവും, സ്വര്‍ണവും വസ്തുവും കണക്കും നോക്കി കഴിയുകയാണ് എപ്പോഴും. അങ്ങോട്ട് ചെന്ന് അപേക്ഷിച്ചുകൊള്ളൂ.'' അതു കേള്‍ക്കേണ്ട താമസം, മനുഷ്യന്‍ വൈശ്രവണന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തിയിട്ടു പറഞ്ഞു: ''പ്രഭോ! ഞാന്‍ മനുഷ്യന്‍. അങ്ങയുടെ വാഹനമാകാന്‍ ആഗ്രഹിച്ചു ഓടിയെത്തിയിരിക്കുന്നു. എന്നെ സ്വീകരിച്ചു അനുഗ്രഹിച്ചാലും!'' ധനനാഥനായ കുബേരന്‍ അഥവാ വൈശ്രവണന്‍ മനുഷ്യന്റെ ആ കുതിപ്പും കിതപ്പും കണ്ട് ചെറുതായൊന്നു ചിരിച്ചു. പിന്നെ കണക്കുപുസ്തകവും എടുത്തു മനുഷ്യന്റെ തലയില്‍ കയറി ഇരിക്കുകയും ചെയ്തു. ഹാവൂ! മനുഷ്യന് സന്തോഷമായി. വൈശ്രവണ ദേവന്റെ വാഹനമാകാന്‍ കഴിഞ്ഞുവല്ലോ. അന്നുമുതല്‍ക്കാണ് കുബേരന് നരവാഹനന്‍-മനുഷ്യനെ വാഹനമാക്കിയവന്‍-എന്ന പേര്‍കൂടി സിദ്ധിച്ചത്; ഗണപതിക്ക് മൂഷിക വാഹനന്‍ എന്നപോലെ. എന്നാല്‍ മനുഷ്യന് ഒരു കുഴപ്പം സംഭവിച്ചു. തലയില്‍ ധനചിന്ത(കുബേരന്‍) കയറിയിരിക്കുകയാല്‍ പരമേശ്വര ചിന്തയ്ക്ക് ഒട്ടും സ്ഥാനമില്ലാതായി! ഭൗതികചിന്ത കൂടുകയാല്‍ ആത്മീയസാധനയ്ക്ക് സമയമില്ലാതായി! ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരമന്വേഷിച്ചു പലരും വിജയിച്ചിട്ടുണ്ട്. അവര്‍ യോഗീശ്വരന്മാരായിത്തീര്‍ന്നു. അതില്‍ ഒരാളായ ശങ്കരാചാര്യര്‍, ദുരിതമോചനം ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കായി ഇങ്ങനെ പാടി: ''മൂഢ! ജഹീഹി ധനാഗമ തൃഷ്ണാം കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം'' ഹേ, മനുഷ്യാ! ധനത്തിനോടുള്ള ആര്‍ത്തി വെടിഞ്ഞ്, മനസ്സും ബുദ്ധിയും നിര്‍മലമാക്കി നീ ഗോവിന്ദനെ ഭജിച്ചാലും. തൃഷ്ണയകറ്റുന്ന, മോക്ഷദായകനായ സര്‍വേശ്വരനെ ഭജിച്ചാലും! ''ഭജഗോവിന്ദം ഭജഗോവിന്ദം....'' നിങ്ങള്‍ കേള്‍ക്കുന്നുവോ, അടിമത്തത്തില്‍നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആ മനോഹര ഗാനം? നിങ്ങളെ ആനന്ദത്തിലേക്ക് നയിക്കുന്ന അമൃതഗാനം?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.