ഗുരുജയന്തി ആഘോഷത്തിന് കുട്ടനാട് ഒരുങ്ങി

Tuesday 13 September 2016 8:23 pm IST

കുട്ടനാട്: ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിനായി നാടെങ്ങും ഒരുക്കങ്ങളായി. കുട്ടനാട് താലൂക്കിലെ 74 ശാഖായോഗങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ചതയം നാളില്‍ രാവിലെ എല്ലാ ശാഖകളിലും പതാക ഉയര്‍ത്തല്‍, കലാമല്‍സരങ്ങള്‍ സാസ്‌കാരിക സമ്മേളനങ്ങള്‍, സ്‌കോളര്‍ഷിപ് വിതരണം,അന്നദാനം, ഘോഷയാത്ര എന്നിവയുണ്ടാകും. ശാഖായോഗങ്ങള്‍, യൂത്ത്മൂവ്‌മെന്റ്, വനിതാസമാജം, മൈക്രോഫിനാന്‍സ്, സ്വയം സഹായ സംഘം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഇന്നലെ മുതല്‍ വനിതാ സമാജങ്ങളുടെ നേതൃത്വത്തില്‍ ചതയദിന കാരള്‍ നടത്തുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി 15ന് കുട്ടനാട് താലൂക്ക് യൂണിയന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിളംബര വാഹന ഘോഷയാത്ര നടക്കും. രാവിലെ ഒന്‍പതിനു കിടങ്ങറയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ എസ്എന്‍ഡിപി യൂണിയന്‍ കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.പി.പി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.സി. സദാനന്ദന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് വരുണ്‍ ടി.രാജ് ജാഥ നയിക്കും. 13 പഞ്ചായത്തുകളില്‍ പര്യടനം നടത്തും.ചതയദിനത്തില്‍ ചങ്ങങ്കരി 1698-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ചെറുവള്ളംകളി മത്സരം നടക്കും. ഒന്നിനു നടക്കുന്ന വള്ളംകളി മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. എംഎല്‍എ തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും, എംഎല്‍എ അഡ്വ. യു. പ്രതിഭഹരി സമ്മാനവിതരണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.