മൂലമറ്റത്ത് റോഡ് നിറയെ കുഴികള്‍

Tuesday 13 September 2016 8:38 pm IST

മൂലമറ്റം: അറക്കുളം അശോക കവല മുതല്‍ മൂലമറ്റം ടൗണ്‍ വരെ റോഡ് നിറയെ കുഴികള്‍. മുട്ടം മുതല്‍ കുളമാവ് പാറമട വരെ ആധുനീക രീതിയില്‍ ടാര്‍ ചെയ്തുവെങ്കിലും അശോക കവല മുതല്‍ മൂലമറ്റം വരെയുള്ള റോഡ് റീ ടാറിങ് നടത്തിയില്ല. മൂലമറ്റം ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ വലിയ കുഴികളാണുള്ളത്.മഴ പെയ്താല്‍ വെള്ളം കെട്ടി നിന്ന് വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഇത് ദുരിതം വിതയ്ക്കുന്നു. മഴ മാറി വെയില്‍ തെളിഞ്ഞാല്‍ ഈ പ്രദേശം പൊടി കൊണ്ട് നിറയും. ഹൈറേഞ്ച് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ഉള്‍പ്പെടെ നിരവധി ബസുകളാണ് ഈ ദുരിത വഴിതാണ്ടി മൂലമറ്റം ബസ് സ്റ്റാന്‍ഡിലെത്തുന്നത്. മൂലമറ്റം വഴി വാഗമണ്ണിനു പോകുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഓണക്കാലമായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുഴി നിറഞ്ഞ റോഡിലൂടെ ഗത്യന്തരമില്ലാതെ കടന്നു പോകുന്നത്. റോഡ് പൊളിഞ്ഞ് നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടും പ്രധാന നഗരമായ മൂലമറ്റത്തേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കെഎസ്ഇബിയുടെ മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇലപ്പള്ളി വഴി വാഗമണ്ണിലേക്ക് ഓണാവധി ആരംഭിച്ചതോടെ നിരവധി വാഹനങ്ങളാണ് എത്തുന്നത്.വിനോദ സഞ്ചാരികളുടെ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മൂലമറ്റം ടൗണിനോടുള്ള അവഗണനയില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.