ചെങ്ങളം(പൊന്‍കുന്നം): 1916ല്‍ ഓല ഷെഡ്ഡില്‍ തുടങ്ങിയ സെന്റ് ആന്റണീസ് എല്‍പി സ്കൂളിന് നൂറ് വയസ് പിന്നിടുന്നു. 1916 മെയ് 22ന് വലിയപറമ്പില്‍ കരോട്ട് വര്‍ക്കി പോത്തന് മാനേജരായി രൂപീകരിച്ചതാണ് സ്കൂള്‍.
1917ല്‍ ചെങ്ങളം ഇടവക രൂപീകൃതമായപ്പോള്‍ ഫാ. മാത്യു വടാന മാനേജരായി. തുടര്‍ന്ന് ചെറിയ കെട്ടിടം പണിത സ്കൂള്‍ 1925ല്‍ പൂര്‍ണ്ണമായി എല്‍പി സ്കൂളും 1931ല്‍ ആറാം ക്ലാസ് വരെയുള്ള വിഭാഗം ചേര്‍ത്ത് വെര്‍ണാകുലര്‍ മിഡില്‍ സ്കൂളുമായി. 1950ല്‍ ഫാ. ജോസഫ് കൂടത്തിനാലിന്റെ ശ്രമഫലമായി ഹൈസ്കൂളുമായി. പ്രഥമ ഹെഡ്മാസ്റ്ററായി ഫാ. എബ്രഹാം നെടുംതകടിയേല്‍ ചുമതലയേറ്റു. പിന്നീട് 1959ല്‍ എല്‍പി വിഭാഗം ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി സ്വതന്ത്രസ്കൂളാക്കി മാറ്റി. ഇതിന്റെ പ്രഥമ ഹെഡ്മാസ്റ്ററായത് കെ.സി. എബ്രഹാം മട്ടയ്ക്കലാണ്.
സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷ സമാപനം 16ന് നടക്കും. രാവിലെ 10.30ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. 12ന് പൂര്‍വ്വ അദ്ധ്യാപക സംഗമം. 3ന് പൊതുസമ്മേളനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു പുതുമന അദ്ധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യ പ്രഭാഷണം നടത്തും. ഫാ. സഖറിയാസ് ഇല്ലിക്കമുറി അനുഗ്രഹ പ്രഭാഷണവും ഫാ. ഡോ. ആന്റണി നിരപ്പേല്‍ കിഡ്സ് പാര്‍ക്ക് സമര്‍പ്പണവും നിര്‍വ്വഹിക്കും. വൈകിട്ട് 5.30ന് ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: