'വിവാദമാക്കുന്നത് അപലപനീയം'

Tuesday 13 September 2016 10:11 pm IST

കോഴിക്കോട്: മഹാബലിയെ ആദരിക്കുന്നവരാണ് മലയാളികളെന്നും ഓണാഘോഷം കേരളീയരുടെ ജനകീയ സാമൂഹ്യ ഉത്സവമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വാമന ജയന്തി ആശംസകള്‍ നേര്‍ന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ട്വീറ്റിനെ വിവാദമാക്കുന്നത് അപലപനീയമാണ്. ഉത്തര ഭാരതത്തില്‍ ഇന്നലെ വാമനജയന്തി കൊണ്ടാടിയ അവസരത്തിലാണ് വാമനജയന്തി ആശംസകള്‍ നേര്‍ന്നത്. തിരുവോണം ഇന്നായതിനാല്‍ തിരുവോണാശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ വിഭാഗീയതയും വിവാദങ്ങളുമുണ്ടാക്കുന്നത് ശരിയല്ല. കേരളത്തില്‍ തൃക്കാക്കര തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ വാമന പ്രതിഷ്ഠയുണ്ട്. ഇത്തരം ക്ഷേത്രങ്ങളിലും മഹാബലിയെ അനുസ്മരിച്ച് ഓണാഘോഷ പരിപാടികള്‍ നടത്താറുണ്ട്. വാമനനെയും മഹാബലിയെയും ആദരിക്കുന്ന വിശാല മനസ്സുള്ളവരാണ് കേരളീയര്‍. മാനുഷരെല്ലാവരും ഒന്നുപോലെ കഴിയുന്ന ഏകാത്മതയുടെ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷ വേളയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന വിവാദങ്ങളൊഴിവാക്കണമെന്ന് കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു. കുമ്മനം രാജശേഖരനും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സമത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്ന ഓണാഘോഷത്തിന്റെ പകിട്ട് കുറയാതെ നോക്കാനുള്ള ബാധ്യത എല്ലാ മലയാളികള്‍ക്കും ഉണ്ടെന്ന് കുമ്മനം പറഞ്ഞു. ഓര്‍മ്മകളില്‍നിന്നും, ഈ ഓണാഘോഷങ്ങളിലൂടെ, സ്‌നേഹവും സാഹോദര്യവും സമൃദ്ധിയും, ഉണ്മയിലേക്കുണര്‍ത്താന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നുവെന്ന് വിഎസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.