എടത്വ ഹെല്‍ത്ത്‌സെന്റര്‍ താലൂക്കാശുപത്രിയാക്കണം

Thursday 15 September 2016 3:39 pm IST

എടത്വ: എടത്വ സിഎച്ച്‌സി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ഉയരുന്നു. പ്രതിദിനം നൂറുകണക്കിനു രോഗികള്‍ എത്താറുള്ള ഇവിടെ രാത്രിയില്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ അഭാവവും കിടപ്പുരോഗികളുടെ ദുരിതവുമാണ് ഇങ്ങനെയൊരാവശ്യം ഉയര്‍ത്തുന്നത്. രാവിലെ എട്ടിനു തുടങ്ങുന്ന രോഗികളുടെ തിരക്ക് ഉച്ചകഴിഞ്ഞു മൂന്നുവരെ നീണ്ടുനില്‍ക്കും. വൈറല്‍പനി സീസണ്‍ തുടങ്ങിയാല്‍ രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കും. ആശുപത്രിയിലെ തിരക്കു കാരണം ഒട്ടുമിക്ക രോഗികളും സ്വകാര്യ ക്ലിനിക്കുകളിലാണ് അഭയം തേടുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനുശേഷം ഡ്യൂട്ടി നഴ്‌സുമാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ പ്രാഥമിക ചികിത്സ പോലും നല്‍കാതെ മെഡിക്കല്‍ കോളജിലേക്കോ, സ്വകാര്യ ആശുപത്രിയിലേക്കോ പറഞ്ഞയയ്ക്കുകയാണ് പതിവ്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പോലും ആശുപത്രിയില്‍ പരിമിതം. വാഹന അപകടത്തില്‍പെടുന്നവരേയും ഡോക്ടറില്ല എന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച് പറഞ്ഞയക്കുന്ന പ്രവണതയാണ് ജീവനക്കാര്‍ സ്വീകരിക്കുന്നത്. കിടത്തിച്ചികിത്സ നടത്തുന്ന രോഗികളുടെ ദുരിതം ഏറെയാണ്. സ്ത്രീ-പുരുഷ രോഗികളെ ഒറ്റവാര്‍ഡില്‍ കിടത്തിയാണ് ചികിത്സിക്കുന്നത്. അടച്ചുറപ്പില്ലാത്ത വാര്‍ഡിലെ പൊതുബാത്ത് റൂം ഉപയോഗിക്കേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്ക്. എംപി ഫണ്ടില്‍ നിര്‍മിച്ച കെട്ടിടത്തില്‍ മുമ്പു രോഗികള്‍ക്കു കിടത്തിച്ചികിത്സ നല്‍കിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനാ കേന്ദ്രമായി അടച്ചുറപ്പുള്ള വാര്‍ഡിനെ മാറ്റിയതോടെ രോഗികളുടെ ഏകാശ്രയവും നിലച്ചു. പരിശോധന നടത്തിയിരുന്ന സ്ഥലത്ത് ഡോക്ടര്‍മാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാതെ വന്നതാണ് രോഗികളെ ഒഴിപ്പിച്ച് ഡോക്ടര്‍മാര്‍ സ്ഥലം ഏറ്റെടുക്കാന്‍ കാര്യം. എടത്വ, വീയപുരം, തകഴി, തലവടി, മുട്ടാര്‍ പഞ്ചായത്തിലെ രോഗികള്‍ നിരന്തരം എത്താറുള്ള ആശുപത്രിയിലാണ് രോഗികളുടെ കടുത്തദുരിതം. ദിവസേന ചികിത്സ തേടിയെത്തുന്നവര്‍ക്കും, കിടപ്പുരോഗികള്‍ക്കും ചികിത്സ നിഷേധിക്കാതിരിക്കാന്‍ സാമൂഹികാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.