ടെഹ്റാന്: അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ പുരുഷ ബാസ്ക്കറ്റ്ബോള്‍ ടീം ഫിബ ഏഷ്യന്‍ ചലഞ്ച് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ കരുത്തരായ കസാക്കിസ്ഥാനെ അട്ടിമറിച്ച് നാലാം സ്ഥാനക്കാരായാണ് അവസാന എട്ടില്‍ പ്രവേശിച്ചത്.
സ്കോര്‍: 100-90.
പകുതി സമയത്ത് 51-43 എന്ന നിലയില്‍ ലീഡ് ചെയ്യുകയായിരുന്നു ഇന്ത്യ. ഒന്നും മൂന്നും ക്വാര്‍ട്ടറുകളില്‍ പിന്നിലായിരുന്ന ഇന്ത്യ രണ്ടും നാലും ക്വാര്‍ട്ടറുകളില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനത്തോടെയാണ് കസാക്കിസ്ഥനെ അട്ടിമറിച്ചത്.
32 പോയിന്റ് നേടിയ തല്‍വിന്ദര്‍ സിങ്ങാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ അമൃത്പാല്‍സിങ് 28 ഉം പോയിന്റ് നേടി. 30 പോയിന്റ് നേടിയ മിഖായല്‍ യുവ്സ്റ്റിഗ്നയെന്നാണ് കസാഖിസ്ഥാന്റെ ടോപ്സ്കോറര്‍.
ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ഇറാനാണ് ഇന്ത്യയുടെ എതിരാളികള്‍.
ഗ്രൂപ്പ് റൗണ്ടില്‍ മൂന്ന് ജയങ്ങളും രണ്ട് തോല്‍വിയും സ്വന്തമായ ഇന്ത്യ ചൈന, ജോര്‍ദ്ദാന്‍, തായ്പേയ് എന്നീ ടീമുകള്‍ക്ക് പിറകില്‍ നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ദക്ഷിണ കൊറിയ ചൈനീസ് തായ്പേയിയുമായും ഇറാഖ് ചൈനയുമായും ജോര്‍ദാന്‍ ജപ്പാനുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: