ഗുരു ഉയിര്‍ക്കുന്നു

Friday 16 September 2016 11:06 am IST

ശ്രീനാരായണ ഗുരു എന്റെ വീട്ടില്‍ വന്നിട്ടുണ്ട്; അത് ഞാന്‍ ജനിക്കും മുന്‍പാണ്. ഗുരു സമാധിയായ വര്‍ഷമാണ്, എന്റെ ജനനം. സമാധിയായത്, 1928 സെപ്തംബര്‍ 20. ഞാന്‍ ജനിച്ചത്, ഒരുമാസം കഴിഞ്ഞ്, 1928 ഒക്‌ടോബര്‍ 27. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍പിരിഞ്ഞ് പരസ്പര സംശയത്തിലും വിദ്വേഷത്തിലും കേരള ജനത കഴിയുന്ന കാലമാണിത്. വിദ്വേഷം പുലര്‍ത്തുന്നവര്‍പോലും, ഈയവസ്ഥ നല്ലതല്ലെന്നു കരുതുന്നു. സൗഹൃദവും സഹകരണവും നല്‍കുന്ന സുഖം വിദ്വേഷവും സ്പര്‍ധയും ആര്‍ക്കും നല്‍കില്ല. അതിനാല്‍, ജാതി മതഭേദം കൂടാതെ കേരളീയരില്‍ മാനുഷികമായ സൗഹൃദം പുനഃസ്ഥാപിക്കാന്‍ ഇന്ന് എല്ലാ വിഭാഗങ്ങളും ഉറ്റുനോക്കുന്നത് ശ്രീനാരായണഗുരുവിനെയാണെന്ന് ഞാന്‍ കാണുന്നു. അദ്ദേഹത്തെ ഈഴവരുടെ ഗുരുവാക്കി മാറ്റിയ പ്രസ്ഥാനങ്ങള്‍ തന്നെ വിദ്വേഷം വര്‍ധിപ്പിക്കാന്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. അതുകണ്ടു കൊണ്ടുതന്നെയാണ്, ഇസ്ലാം, ക്രിസ്ത്യന്‍ ചിന്താശീലന്മാര്‍ ശ്രീനാരായണഗുരുവിനെ മതവിദ്വേഷ പ്രവാഹം തടയാനുള്ള പുണ്യപുരുഷനായി കാണുന്നത്. അനേകം ഗദ്യ, പദ്യ കൃതികളിലൂടെ, സംഭാഷണങ്ങളിലൂടെ, ഗുരു സ്ഥാപിക്കാന്‍ ശ്രമിച്ച സര്‍വമത മൈത്രി പുനഃസ്ഥാപനം ചെയ്യാന്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങളും ദര്‍ശനങ്ങളും ഇക്കാലത്ത് ഊര്‍ജിതപ്പെടുത്തേണ്ടതാണെന്ന് ആശയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദൃഢമായി വിശ്വസിക്കുന്നു. അതിനാല്‍, മനുഷ്യജാതി മനുഷ്യത്വമാകുന്നു, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ദൈവ പൂജ കര്‍മങ്ങളിലൂടെയാണ് സാക്ഷാല്‍ക്കരിക്കേണ്ടത്, അധര്‍മത്തോട് ചേര്‍ന്നുനിന്ന് വിജയിക്കുന്നതിനേക്കാള്‍ നല്ലത്, ധര്‍മത്തോട് ചേര്‍ന്ന് പരാജയപ്പെടുന്നതാണ് മുതലായ സൂക്തങ്ങള്‍ക്ക് ഇക്കാലത്ത് സജീവ പ്രസക്തി വന്നിരിക്കുന്നു. ആ പശ്ചാത്തലത്തില്‍, ഗുരുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നു. പക്ഷേ, അതിന് അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനങ്ങളുടെ സങ്കുചിതമായ വലയത്തില്‍നിന്ന് ആ പുണ്യാത്മാവിനെ, ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും ലോകത്തേക്ക് മോചിപ്പിക്കാന്‍ യുവാക്കള്‍ കര്‍മരംഗത്തിറങ്ങുകതന്നെ വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.