അട്ടിമറിച്ചത് സര്‍ക്കാര്‍

Friday 16 September 2016 2:46 pm IST

  നെഞ്ചുപൊട്ടിക്കരയുന്ന ആ അമ്മയുടെ വിലാപത്തിനും കേരളത്തിന്റെ മനഃസാക്ഷിക്കും പുല്ലുവില. കേരളത്തിലെ ഞെട്ടിച്ച സൗമ്യവധക്കേസിലെ അട്ടിമറി സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ. കേസില്‍ വധശിക്ഷ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മാസങ്ങള്‍ക്കു മുന്‍പേ സര്‍ക്കാരിന് സൂചന ലഭിച്ചിരുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയെന്ന നിഗമനത്തെ തുടര്‍ന്നാണ് നിയമവൃത്തങ്ങള്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ സുപ്രധാന സാഹചര്യത്തെളിവുകളില്‍ ഒന്നുപോലും സുപ്രീംകോടതിയിലെത്തിയില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച പ്രോസിക്യൂട്ടര്‍ എ.സുരേശനെ ഒരു ഘട്ടത്തിലും സര്‍ക്കാരോ സുപ്രീംകോടതി അഭിഭാഷകരോ ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തില്ല. സുപ്രീംകോടതിയില്‍ കേസിന്റെ ആരംഭം മുതല്‍ പ്രതിയെ സഹായിക്കുന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്റേത്. മുതിര്‍ന്ന അഭിഭാഷകനായ തോമസ്.പി.ജോസഫും സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറുമാണ് പ്രോസിക്യൂഷനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. തോമസ്.പി ജോസഫിനെ യുഡിഎഫ് സര്‍ക്കാരാണ് കേസ് ഏല്‍പ്പിച്ചത്. പിന്നീട് നിഷെ രാജന്‍ ശങ്കറെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഡീഷണലായി നിയോഗിക്കുകയായിരുന്നു. ഏഴുമാസം വിചാരണക്കോടതിയിലും മൂന്ന് മാസം ഹൈക്കോടതിയിലും തലനാരിഴ കീറിയുള്ള വിചാരണക്ക് ശേഷമാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. 4000 പേജു വരുന്ന രേഖകളും തെളിവുകളും കോടതി പരിഗണിച്ചു. ഇതില്‍ ഭൂരിഭാഗവും സുപ്രീംകോടതിയിലെത്തിയില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍, ഫൊറന്‍സിക് സര്‍ജന്റെ മൊഴി, ഗോവിന്ദച്ചാമിയുടെ വസ്ത്രങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ എന്നിവ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല. ഹൈക്കോടതിയില്‍ കേസ് വാദിച്ച സുരേശനെ സുപ്രീം കോടതിയിലും കേസ് ഏല്‍പ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി: ബി.സന്ധ്യ രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് കണ്ടതായി നടിച്ചില്ല. കേസ് അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന് സിപിഎം പി.ബി അംഗം എം.എ. ബേബി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബേബി ഇത് പറഞ്ഞത്. യാചക വേഷത്തില്‍ കേരളത്തില്‍ വര്‍ഷങ്ങളായി കറങ്ങി നടക്കുന്ന ഗോവിന്ദച്ചാമി വര്‍ഷങ്ങള്‍ക്കു മുന്‍പ് പീച്ചിയിലെ ക്രിസ്ത്യന്‍ മതകേന്ദ്രത്തിലെത്തി മതംമാറിയിരുന്നു. യാചകരെ മതംമാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന 'ആകാശപ്പറവകളുടെ ചങ്ങാതിമാര്‍' എന്ന സംഘം വഴിയാണ് ഇയാള്‍ മതംമാറിയത്. തുടര്‍ന്ന് ചാര്‍ളി എന്ന പേരും സ്വീകരിച്ചു. കേസ് അട്ടിമറിക്കാന്‍ നടന്ന നീക്കത്തിനു പിന്നില്‍ ഇത്തരം ചില ബന്ധങ്ങളുണ്ടെന്നാണ് സൂചന. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരിക്കെ ഗോവിന്ദച്ചാമിയെ ചില തീവ്രവാദ സംഘടനയുടെ ആള്‍ക്കാര്‍ സന്ദര്‍ശിച്ചിരുന്നു. ഇരട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനേയും സംഘം സന്ദര്‍ശിച്ചിരുന്നു. വധശിക്ഷ ഒഴിവാക്കി ജീവനോടെ പുറത്തെത്തിച്ചാല്‍ തങ്ങളുടെ സംഘത്തോടൊപ്പം ചേരണമെന്ന നിര്‍ദ്ദേശമാണ് ഈ തീവ്രവാദ സംഘം ഇവര്‍ക്കുമുന്നില്‍ വച്ചത്.ഗോവിന്ദച്ചാമി ഇതിന് അനുകൂലമായ മറുപടിയാണ് നല്‍കിയത്. മൂംബൈ കേന്ദ്രമായി മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യയിലും പ്രവര്‍ത്തിക്കുന്ന യാചക മാഫിയയിലെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള ഈ മാഫിയ മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ ഗുണ്ടായിസം എന്നിവ തൊഴിലാക്കിയവരാണ്. ഇതിന് മറയിടാനാണ് യാചക വേഷം. വന്‍ സ്വാധീനമാണ് ഈ മാഫിയക്കുള്ളത്. ഗോവിന്ദച്ചാമി തമിഴ് നാട്ടില്‍ എട്ട് ക്രിമനല്‍ കേസുകളില്‍ പ്രതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.